ഇലക്ഷൻ വരവായി, പരസ്യങ്ങൾക്ക് കടിഞ്ഞാണുമായി ഗൂഗിൾ

ഇന്ത്യയിൽ ഒരു പൊതു തെരഞ്ഞെടുപ്പ് കാലം കൂടി സമാഗതമാവുകയായി. 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്മാർട്ട് ഫോണും ഇലക്‌ട്രോണിക് സംവിധാനങ്ങളും ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചു കയറി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി മാത്രം തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുക്കുന്നവരുണ്ട്. എല്ലാവർക്കും നിയന്ത്രണം വരികയായി. ഗൂഗിളാണ് തെരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട പുതിയ നയം പ്രഖ്യാപിച്ചത്. 
ഇതു പ്രകാരം പരസ്യം നൽകുന്ന ആളുകളെ കുറിച്ച് കൃത്യമായി അറിയാൻ കഴിയും. ഗൂഗിളിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തെരഞ്ഞെടുപ്പ് പരസ്യം നൽകുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട അധികാരികളോ നൽകുന്ന സാക്ഷ്യപത്രം വേണമെന്നതാണ് നയത്തിലെ പ്രധാന നിബന്ധന. പരസ്യം നൽകുന്നതിന് മുമ്പ് ഇതിന് പിന്നിലെ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യും. ഈ പരിശോധന 2019 ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ഇതിന് പുറമെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നൽകുന്നത് ആരാണെന്നും പരസ്യത്തിന് വേണ്ടി എത്ര രൂപ ചെലവാക്കിയെന്നും ജനങ്ങൾക്ക് അറിയാനുള്ള അവസരവും ഗൂഗിൾ ഒരുക്കി.  ഇതിനായി ഇന്ത്യക്ക് വേണ്ടി പൊളിറ്റിക്കൽ അഡ്വർടൈസിംഗ് ട്രാൻസ്പരൻസി റിപ്പോർട്ട്, പൊളിറ്റിക്കൽ ആഡ്‌സ് ലൈബ്രറി എന്നിവ അവതരിപ്പിക്കും. ഇവയിൽ നിന്ന് പരസ്യം നൽകിയ ആളിനെക്കുറിച്ചും ചെലവഴിച്ച തുകയെ പറ്റിയും കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്ന് ഗൂഗിൾ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ ചേതൻ കൃഷ്ണസ്വാമി ബ്ലോഗിൽ കുറിച്ചു.   തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമേരിക്കയിൽ അവതരിപ്പിച്ച പൊളിറ്റിക്കൽ ആഡ്‌സ് ലൈബ്രറിക്ക് സമാനമായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുന്ന സംവിധാനവും. തീയതി, ചെലവാക്കിയ തുക, വീഡിയോ, ടെക്സ്റ്റ്, ഇമേജ് എന്നിവയുടെ അടിസ്ഥാനത്തിൽ പരസ്യങ്ങൾ തിരയാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഗൂഗിൾ പരസ്യത്തോടൊപ്പം മുകൾഭാഗത്തായി 'പെയ്ഡ് ഫോർ ബൈ' എന്ന ലേബലും ഉണ്ടാകുമെന്ന് ഗൂഗിൾ അറിയിച്ചു. 
അതിനിടെ, ജി മെയിൽ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിലിൽ പുതുതായി മൂന്ന് ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. മെയിൽ അയക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകൾ തിരുത്താനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറുകളാണ് ഇവ മൂന്നും. മെയിൽ അയക്കുന്നതിനിടയിൽ അറിയാതെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായാൽ അത് തിരിച്ചെടുക്കാനായി അൺഡു ബട്ടൺ മെയിൽ കംപോസിംഗിൽ ഏർപ്പെടുത്തി. അറിയാതെ അൺഡു ആയിപ്പോയാൽ ഡാറ്റ തിരികെ കിട്ടാൻ റീഡു ഓപ്ഷനുമുണ്ട്.
നിലവിൽ മെയിൽ കംപോസിംഗ് സമയത്ത് ബോൾഡ്, ഇറ്റാലിക്‌സ്, അണ്ടർലൈൻ ഓപ്ഷൻ കാണാൻ കഴിയും. എന്നാലിനി സ്‌ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിംഗിൽ ഇടം പിടിക്കും. അതിവേഗം ഇ-മെയിൽ അയയ്ക്കാൻ ഒരുങ്ങുന്നവർക്ക് ഈ ഫീച്ചർ അൽപം തടസ്സം സൃഷ്ടിക്കുമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 
ഫോർമാറ്റിൽ ഇ-മെയിൽ ഡൗൺലോഡ് ചെയ്യാമെന്നതാണ് മൂന്നു ഫീച്ചറുകളിൽ ഏറ്റവും മികച്ചത്. മറ്റ് ഇ-മെയിൽ സേവന ദാതാക്കൾ നേരത്ത തന്നെ അവതരിപ്പിച്ച ഫീച്ചറാണിത്. അവശ്യമാണെന്നു കണ്ട് ഗൂഗിളും ഇപ്പോൾ അവതരിപ്പിക്കുന്നുവെന്നു മാത്രം.
കുറച്ചു ദിവസങ്ങൾക്കകം തന്നെ ഈ മൂന്നു ഫീച്ചറുകളും ജി-മെയിൽ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങും. ഈ ഫീച്ചറുകളെ ആവശ്യമെങ്കിൽ ഡിഫോൾട്ടായും ക്രമീകരിക്കാവുന്നതാണ്.


 
 

Latest News