ഏതാനും വർഷങ്ങളായി ആദ്യകാലത്തെ നേട്ടങ്ങളിൽ നിന്ന് നമ്മുടെ യാത്ര പിറകോട്ടാണെന്ന് അംഗീകരിക്കാനുള്ള വിനയമാണ് നമുക്കാവശ്യം. അതിനു കാരണം കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഇതുപോലെ എല്ലാ വിഷയങ്ങളെയും കക്ഷിരാഷ്ട്രീയ കണ്ണടകളിലൂടെ മാത്രം കാണുകയല്ല.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തേയും ആരോഗ്യ മേഖലയേയും ആക്ഷേപിച്ചു എന്നതാണ് ഇപ്പോൾ വാർത്തകളിലെ ഹൈലൈറ്റ്.
മറ്റു പല സംസ്ഥാനങ്ങളിലേയും സ്‌കൂളുകളും ആശുപത്രികളുമായി കേരളത്തെ താരതമ്യം ചെയ്ത് രാഹുലിനുള്ള മറുപടിയുമായി നൂറുകണക്കിനു പേർ രംഗത്തിറങ്ങിയിട്ടുണ്ട്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും രാഹുലിനു ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകി. അതെല്ലാം നടക്കട്ടെ. പക്ഷേ കേരളത്തിലെ ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ ആരും തന്നെ അഭിമുഖീകരിക്കുന്നില്ല എന്നതാണ് വസ്തുത. കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ കാണിച്ചാണ് മിക്കവാറും പേർ രാഹുലിനു മറുപടി നൽകുന്നത്. അതു ശരിയുമാണ്. എന്നാൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥയെന്താണ്? അക്കാര്യത്തിൽ നമ്മുടെ സ്ഥാനം എത്രാമത്തേതാണ്? അതുപോലെ ആരോഗ്യ മേഖലയിൽ നടക്കുന്നതെന്താണ്? കണ്ണിൽ ചോരയില്ലാത്ത കച്ചവട താൽപര്യമല്ലേ അവിടെ നിലനിൽക്കുന്നത്? ഈ വിഷയങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കേണ്ടതും കേരളം മറുപടി പറയേണ്ടതും. എന്നാലതല്ല സംഭവിക്കുന്നത്. കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന അതേ കാര്യങ്ങളാണ് നാമിപ്പോഴും ആവർത്തിക്കുന്നത്.
ഒരർത്ഥത്തിൽ കേരളത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതു തന്നെ തെറ്റാണ്. കാരണം ഇരുമുന്നണികളും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇരുകൂട്ടർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. കൂടുതൽ കാലം ഭരിച്ചത് യു.ഡി.എഫാണെന്നതാണ് യാഥാർത്ഥ്യം. അങ്ങനെ നോക്കിയാൽ നേട്ടത്തിനും കോട്ടത്തിനും കൂടുതൽ ഉത്തരവാദിത്തം അവർക്കാണ്. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പ്രസ്താവനയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും അതു മറക്കുന്നു.
വാസ്തവത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ തമ്മിൽ ഈ രീതിയിലുള്ള താരതമ്യം തന്നെ അർത്ഥരഹിതമാണ്. ഇന്ത്യയെന്നത് വൈവിധ്യമാർന്ന നിരവധി ദേശീയതകളുടെ സമുച്ചയമാണ്. കൊളോണിയൽ കാലഘട്ടമില്ലായിരുന്നെങ്കിൽ വ്യത്യസ്ത രാഷ്ട്രങ്ങൾ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു. കൊളോണിയൽ ആധിപത്യം ചരിത്രഗതിയെ വഴി മാറ്റിവിട്ടു. പിന്നീട് കൊളോണിയൽ വിരുദ്ധ സമരത്തിലുണ്ടായ ഐക്യമാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ രൂപീകരണത്തിന്റെ അടിത്തറയായത്. പക്ഷേ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ചരിത്രപരമായ വളർച്ച വളരെയധികം വ്യത്യസ്തമാണ്. ഇന്നും അങ്ങനെ തന്നെ. അവ തമ്മിൽ താരതമ്യം ചെയ്ത് നമ്മൾ മുന്നിലാണ്, അവർ പിന്നിലാണ് എന്ന വാദം അർത്ഥരഹിതമാണ്. വേണ്ടത് മറ്റൊന്നാണ്. പരസ്പരമുള്ള താരതമ്യത്തിനു പകരം വർഷാവർഷം ഓരോ സംസ്ഥാനത്തിന്റെയും വളർച്ചയെയാണ് വിലയിരുത്തേണ്ടത്. ഇന്നത്തെ അവസ്ഥയിൽ കേരളം പിറകോട്ടും ബിഹാർ മുന്നോട്ടുമാണ് പോകുന്നതെങ്കിലും താരതമ്യത്തിൽ കേരളമാകും മുന്നിൽ. ഉന്നത വിദ്യാഭ്യാസത്തിൽ ഇതു പ്രകടമാണല്ലോ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല എത്ര പിറകിലാണെന്ന് ഏതു റാങ്കിംഗ് നിലവാരമെടുത്താലും മനസ്സിലാവും. അഖിലേന്ത്യാ റാങ്കിംഗിൽ മുന്നിലുള്ള ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്കുണ്ടോ? നമ്മുടെ മിടുക്കരായ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നത് നമ്മളേക്കാൽ പിറകിലെന്ന് നാം വിശ്വസിക്കുന്ന സംസ്ഥാനങ്ങളിലേക്കല്ലേ? ഈ വിഷയത്തെ അഭിമുഖീകരിക്കാനും പരിഹരിക്കാനും തയാറാകാതെ സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും മുന്നിലെന്നു പറയാൻ തുടങ്ങിയിട്ട് കാലമെത്രയായി.
ഉൽപാദന മേഖല വികസിക്കാതെയും ഒരു സമൂഹത്തിനു മുന്നോട്ടു പോകാമെന്ന് കേരളത്തിലെ ആരോഗ്യ - വിദ്യാഭ്യാസ മേഖലകളെ ചൂണ്ടിക്കാട്ടി ലോകമാസകലം പ്രചാരണം നടത്തിയവരാണ് നാം. ആദ്യഘട്ടത്തിൽ സർക്കാർ വൻതോതിൽ ഈ മേഖലയിൽ നിക്ഷേപം നടത്തിയതിന്റെ ഗുണങ്ങൾ പ്രകടമായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും മേഖലകളിൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും എത്തിയെന്നത് ശരിയാണ്. അവിടെ തീർന്നു ഈ മുന്നേറ്റം. പിന്നീട് രണ്ടു മേഖലകളിലും സംഭവിച്ചതെന്താണ്? യാതൊരു നിയന്ത്രണവുമില്ലാത്ത സ്വകാര്യവൽക്കരണം. ഫലമോ? ചൂഷണത്തിന്റെ ഏറ്റവും വലിയ മേഖലകളായി ഇവ മാറി. നേടിയ നേട്ടങ്ങളെല്ലാ നഷ്ടപ്പെടുകയും ചെയ്തു. ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാൽ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരള മോഡൽ മാറി. ഒരിടത്തുമില്ലാത്ത രീതിയിലുള്ള പുതിയ രോഗങ്ങൾ. ജീവിതശൈലീ രോഗങ്ങളെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. അവയുടെ ചികിത്സയുടെ പേരിൽ തീവെട്ടിക്കൊള്ള. മനുഷ്യ ജീവനു അൽപം പോലും വില കൽപിക്കാത്ത ആശുപത്രികളും ഡോക്ടർമാരും മരുന്നു കമ്പനികളും നമ്മുടെ ആരോഗ്യ മേഖലയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. മലയാളികളുടെ ശരാശരി ആയുസ്സ് ഉയർന്നിരിക്കാം. പക്ഷേ വൃദ്ധരിൽ ഭൂരിഭാഗവും കിടപ്പിലാണ്. ചികിത്സിച്ച് കടക്കെണിയിലാവുന്നവരാണ് മലയാളികളിൽ വലിയൊരു വിഭാഗവും. മാനസികാരോഗ്യത്തിലും ഏറെ പിറകിലാണെന്ന് വർധിച്ചുവരുന്ന ആത്മഹത്യകൾ വെളിവാക്കുന്നു.
വിദ്യാഭ്യാസത്തിലോ? സാക്ഷരത നേടി. ഉന്നത വിദ്യാഭ്യാസത്തിൽ മുകളിൽ സൂചിപ്പിച്ച പോലെ നാം ബിഹാറിനും പിറകിൽ. നമ്മുടെ സ്വകാര്യ മേഖലയുടെ പച്ചയായ യാഥാർത്ഥ്യങ്ങൾ ജിഷ്ണു പ്രണോയ് പുറത്തു കൊണ്ടുവരികയും ചെയ്തു. ഒരർത്ഥത്തിൽ സർക്കാർ തന്നെ ഇതംഗീകരിച്ചിട്ടുണ്ട്. അതാണല്ലോ ഉന്നത വിദ്യാഭ്യാസത്തിന് പ്രതേക വകുപ്പുണ്ടാക്കിയത്. പ്രത്യേക മന്ത്രിയെ ഏൽപിച്ചത്. എന്നാലതിന്റെ ഗുണഫലം ഇതുവരെയും കാണാൻ തുടങ്ങിയിട്ടില്ല. അതുപോലെ വിദ്യാഭ്യാസത്തിലൊക്കെ മുന്നിലാണെങ്കിലും സ്ത്രീകളുടെ സാമൂഹ്യ പദവി ഇവിടെ വളരെ മോശമാണെന്നതും പ്രസക്തമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ആദിവാസികളുടെ ജീവിതത്തെ പരാമർശിച്ച് നരേന്ദ്ര മോഡി തുടങ്ങിവെച്ച സോമാലിയ വിവാദത്തോടെയാണ് നമ്മൾ ഒന്നാം സ്ഥാനത്താണെന്നു സമർത്ഥിക്കാനുള്ള മലയാളികളുടെ പ്രവണത കൂടുതൽ ശക്തമായത്. മോഡി എന്തു ലക്ഷ്യത്തിൽ പറഞ്ഞാലും ആദിവാസി വിഭാഗങ്ങളിലെ ശിശുമരണ നിരക്കിനെ പരാമർശിച്ച് മോഡി പറഞ്ഞതിൽ ശരിയുണ്ടോ എന്നു പരിശോധിക്കാതെ ഗുജറാത്തുമായി താരതമ്യം ചെയ്ത് സ്വയം ന്യായീകരിക്കുകയാണ് എല്ലാവരും ചെയ്തത്. അതിനു ശേഷം പോയ വർഷവും അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് എത്രയോ കൂടുതലാണ്. കേരളത്തിലെ ആദിവാസികൾ, ദളിതർ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഭിന്നലിംഗക്കാർ, ഇതര സംസ്ഥാനത്തൊഴിലാളികൾ തുടങ്ങിയ പല വിഭാഗങ്ങളുടെയും അവസ്ഥ എത്രയോ പരിതാപകരമാണ്. അതുപോലെ തന്നെ നഴ്സുമാർ, പീടികത്തൊഴിലാളികൾ, അൺ എയ്ഡഡ് അധ്യാപകർ തുടങ്ങി നിരവധി അസംഘടിത മേഖലകളിൽ തൊഴിൽ ചെയ്യുന്നവരുടെയും. അതൊക്കെ മറച്ചുവെച്ചാണ് അർത്ഥരഹിതമായി നമ്മൾ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് കുറെ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും മറ്റുള്ളവരെ പരിഹസിക്കുന്നതും.
ഏതാനും വർഷങ്ങളായി ആദ്യകാലത്തെ നേട്ടങ്ങളിൽ നിന്ന് നമ്മുടെ യാത്ര പിറകോട്ടാണെന്ന് അംഗീകരിക്കാനുള്ള വിനയമാണ് നമുക്കാവശ്യം. അതിനു കാരണം കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഇതുപോലെ എല്ലാ വിഷയങ്ങളെയും കക്ഷിരാഷ്ട്രീയ കണ്ണടകളിലൂടെ മാത്രം കാണുകയല്ല.






