രാജസ്ഥാനില്‍ സെഞ്ച്വറി തികച്ച് കോണ്‍ഗ്രസ്; ബിജെപി സീറ്റ് പിടിച്ചെടുത്തു, ഉപതിരഞ്ഞെടുപ്പില്‍ ജയം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. രാജസ്ഥാനിലെ രാംഗഡിലും ഹരിയാനയിലെ ജിന്തിലുമാണ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്. രാംഗഡില്‍ കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ ആദ്യസമയം മുതല്‍ മുന്നിട്ട് നിന്നു. അവസാനം വിജയവും കോണ്‍ഗ്രസിന് തന്നെ. പശുവിന്റെ പേരില്‍ രാജ്യത്തെ നടുക്കിയ കൊലപാതകം നടന്ന പ്രദേശമാണ് രാംഗഡ്. ഇവിടെ ബിജെപി സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ശക്തമായ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യം മുതല്‍ കോണ്‍ഗ്രസ് നടത്തിയത്. ജിന്തില്‍ പ്രാദേശിക കക്ഷിയായ ജന്നായക് ജനതാ പാര്‍ട്ടി (ജെജെപി)യാണ് മുന്നിട്ട് നിന്നത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാന ലാപ്പില്‍ ബിജെപി മുന്നേറുകയായിരുന്നു. രാംഗഡില്‍ പതൊമ്പത് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഫിയാ സുബൈര്‍ ഖാന്‍ 10000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. അവസാന റൗണ്ടില്‍ വീണ്ടും കുതിച്ചു. 12000 ത്തിലധികം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് ജയിച്ചത്. തൊട്ടുപിന്നില്‍ ബിജെപി സ്ഥാനാര്‍ഥി ഷുഖ്‌വന്ത് സിങ് ആണ്. ബിഎസ്പി വളരെ പിന്നിലാണ്.