രാഹുലിന്റെ അമ്മ ക്രിസ്താനി, അഛന്‍ മുസ്‌ലിം  പിന്നെങ്ങിനെ ബ്രാഹ്മണനാവും? കേന്ദ്ര മന്ത്രി 

ബംഗളൂരു: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു ഉറപ്പുമില്ലെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. ഹുബ്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഹെഗ്‌ഡെ വിവാദ പരാമര്‍ശ0 നടത്തിയത്.  അച്ഛന്‍ മുസ്ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോള്‍ മകന്‍ എങ്ങനെയാണ് ബ്രാഹ്മണനാവുകയെന്നായിരുന്നു ഹെഗ്‌ഡെയുടെ ചോദ്യം. ലോകത്ത് ഒരിടത്തുമുള്ള ലബോറട്ടറികളില്‍ രാഹുലിന്റേതിന്  സമാനമായ സങ്കര മാതൃക കാണാന്‍ കഴിയില്ലെന്നും രാജ്യത്തെ കോണ്‍ഗ്രസ് ലബോറട്ടറിയില്‍ മാത്രമേ അത്തരക്കാരെ കാണാന്‍ സാധിക്കൂവെന്നും ഹെഗ്‌ഡെ പറഞ്ഞു.ഇന്ത്യയെക്കുറിച്ചോ മതത്തെക്കുറിച്ചോ രാഹുല്‍ ഗാന്ധിക്ക് യാതൊന്നും അറിയാത്തതിനാലാണ് അദ്ദേഹം പൂണൂലിട്ട് നടക്കുന്നതെന്നും ഹെഗ്‌ഡെ പറഞ്ഞു. മിക്കവാറും രാഹുല്‍ കൊളംബിയയിലേക്ക് തന്നെ മടങ്ങി പോകാനാണ് സാധ്യതയെന്നും  ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു. വിവാദപരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന ബി.ജെ.പി. നേതാവ് അനന്തകുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു.  
ഹെഗ്‌ഡെ ഇന്ത്യക്കാര്‍ക്ക് ശല്യമാണെന്നും കേന്ദ്രമന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഹെഗ്‌ഡെയുടെ പുതിയ പരാമര്‍ശം.
മുസ്ലിം പെണ്‍കുട്ടികളുടെ പിന്നാലെ ഓടുന്നതാണ് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിന്റെ  നേട്ടമെന്ന് അനന്തകുമാര്‍ ഹെഗ്‌ഡെ കഴിഞ്ഞ ദിവസം 'ട്വീറ്റ്' ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ഗാന്ധിക്കെതിരെയും വിവാദ പരാമര്‍ശവുമായി ഹെഗ്‌ഡെ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേരത്തെ രംഗത്തു വന്നിരുന്നു.


 

Latest News