Sorry, you need to enable JavaScript to visit this website.

എസ്.ബി.ഐ സെര്‍വര്‍ തുറന്നിട്ടു; ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം

മുംബൈ- ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറുകള്‍, ബാങ്ക് ബാലന്‍സ്, ഇടപാടുകള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതായി യുഎസ് ടെക്‌നോളജി വാര്‍ത്താ പോര്‍ട്ടലായ ടെക്ക്രഞ്ച് റിപോര്‍ട്ട്. എസ്.ബി.ഐയുടെ മുംബൈയിലെ ഡാറ്റാ സെന്ററിലെ സെര്‍വര്‍ രഹസ്യപൂട്ടിടാതെ തുറന്നിട്ടതാണ് ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ക്ക് രജിസറ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കു മാത്രം അവരുടെ ബാങ്ക് ബാലന്‍സ്, മിനി സ്റ്റേറ്റ്‌മെന്റ്് എന്നിവ നല്‍കുന്ന എസ്.ബി.ഐ ക്വിക്ക് എന്ന സംവിധാനത്തിന്റെ ഭാഗമായ സെര്‍വറിലാണ് വന്‍ സുരക്ഷാ പാളിച്ച ഉണ്ടായത്. ഇത് പാസ്‌വേഡ് നല്‍കി സുരക്ഷിതമാക്കിയിട്ടുണ്ടായിരുന്നില്ല. ഈ സെര്‍വറില്‍ ഡേറ്റ എവിടെയാണെന്ന് അറിയാവുന്ന ആര്‍ക്കും അനായാസം കയറി ഡാറ്റ എടുക്കാവുന്ന തരത്തില്‍ തുറന്നിട്ടതായിരുന്നു. എത്രകാലം ഇങ്ങനെ തുറന്നു കിടന്നുവെന്നും വ്യക്തമല്ല. ഒരു സുരക്ഷാ ഗവേഷകനാണ് ഈ ഗുരുതര പാളിച്ച കണ്ടു പിടിച്ചത്. അദ്ദേഹം ഈ വിവരം ടെക്ക്രഞ്ചിനു നല്‍കുകയായിരുന്നു. പേരുവിവരം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിട്ടില്ല. 

ഈ തുറന്നിട്ട സെര്‍വറിലേക്കു ആക്‌സസ് ലഭിച്ച തങ്ങള്‍ തിങ്കളാഴ്ച മാത്രം ബാങ്ക്് 30 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കയച്ച ബാങ്ക് ബാലന്‍സ്, സമീപ കാല ഇടപാടുകള്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നേരിട്ടു തല്‍സമയം കാണാനായി എന്നും ടെക്ക്രഞ്ച് പറയുന്നു. ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ മാസം അയച്ച പഴയ സന്ദേശങ്ങളും ഈ സെര്‍വര്‍ കാണിച്ചു തന്നതായും റിപോര്‍ട്ട് പറയുന്നു. ഇന്ത്യയിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ധന്‍ കരണ്‍ സൈനിയുമായി ബന്ധപ്പെട്ട് ടെക്ക്രഞ്ച് ഇക്കാര്യം സ്ഥീരീകരിക്കുകയും ചെയ്തു. അദ്ദേഹം എസ്.ബി.ഐയിലേക്ക് അയച്ച എസ്.എം.എസ് തല്‍സമയം കണ്ടുവെന്നും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറും ബാങ്ക് അദ്ദേഹത്തിനയച്ച മറുപടിയും തങ്ങള്‍ നേരിട്ടു കണ്ടുവെന്നും ടെക്ക്രഞ്ച് ടീം പറയുന്നു. 

ഇങ്ങനെ ചോര്‍ന്ന ഡാറ്റ ഉപയോഗിച്ച് വ്യക്തികളെ കൊള്ളയടിക്കാനും ഉന്നമിടാനും സാധ്യത ഏറെയാണെന്ന് സൈനി പറയുന്നു.  നേരത്തെ ഉബറിന്റെ ആപ്പിലും കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ സെര്‍വറിലും ഡാറ്റാ ചോര്‍ച്ച കണ്ടെത്തിയ വിദഗ്ധനാണ് സൈനി. ലോകത്തൊട്ടാകെ അഞ്ചു കോടി ഉപഭോക്താക്കളും 7.4 കോടി അക്കൗണ്ടുകളും ഉണ്ടെന്നാണ് എസ്.ബി.ഐയുടെ കണക്ക്. അതിനിടെ, ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയതോടെ എസ്.ബി.ഐ ഒറ്റ രാത്രി കൊണ്ടു തന്നെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് ബാങ്ക് പ്രതികരിച്ചിട്ടില്ല. 

Latest News