അന്ത്യോദയ എക്‌സ്പ്രസ് തടഞ്ഞ ഒമ്പത് ലീഗ് നേതാക്കൾക്ക് പിഴശിക്ഷ

കാസർകോട് - സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്നതിനിടെ കൊച്ചുവേളിമംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്‌സ്പ്രസ് കാസർകോട്ട് തടഞ്ഞ സംഭവത്തിൽ ഒമ്പത് മുസ്‌ലിം ലീഗ് നേതാക്കൾക്ക് പിഴ ശിക്ഷ. 
റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ചാർജ് ചെയ്ത കേസിലാണ് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ, സെക്രട്ടറി മൂസ ബി.ചെർക്കള, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെർക്കള, ട്രഷറർ മാഹിൻ കെളോട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, മണ്ഡലം പ്രസിഡന്റ് സഹീർ ആസിഫ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുറഹ്മാൻ, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ എന്നിവരെ തലശ്ശേരി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി 2500 രൂപ വീതം പിഴയടക്കാൻ ശിക്ഷിച്ചത്. 
സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് 2018 ജൂൺ 22 നാണ് എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

Latest News