Sorry, you need to enable JavaScript to visit this website.

ലെവി പുനഃപരിശോധന: തുറന്ന മനസ്സെന്ന് മന്ത്രി

റിയാദ് - രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങളിൽ സ്വകാര്യ മേഖലയുമായി സൃഷ്ടിപരമായ സംവാദം നടത്തുമെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി. ചില ഫീസുകളും നികുതികളും പുനഃപരിശോധിക്കുന്ന കാര്യത്തിൽ സർക്കാരിന് തുറന്ന മനസ്സാണുള്ളത്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. ചില ഫീസുകളും നികുതികളും പുനഃപരിശോധിക്കുന്നതിനെ കുറിച്ച് പഠനം നടത്തിവരികയാണ്. സ്വകാര്യവൽക്കരണ പദ്ധതിയിൽ വലിയ പുരോഗതിയുണ്ട്. ഊർജ, ജല ശുദ്ധീകരണ, ആരോഗ്യ പരിചരണ മേഖലകളിൽ നാലു പദ്ധതികൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നടപടികൾ ഏറെക്കുറെ പൂർത്തിയായി. വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണ ശ്രമങ്ങൾ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നൽകുന്ന അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നാണ് സ്വകാര്യവൽക്കരണം. സ്വകാര്യവൽക്കരണത്തിലൂടെ രണ്ടു വർഷത്തിനുള്ളിൽ നാലായിരം കോടി റിയാൽ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു. 
എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കാനാണ് നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാമിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഈ വർഷം മൊത്തം ആഭ്യന്തരോൽപാദനത്തിൽ 68 ശതമാനവും എണ്ണ മേഖലയുടെ സംഭാവനയാകുമെന്ന് ബ്ലൂംബെർഗ് ന്യൂസ് ഏജൻസി പറഞ്ഞു. ഈ വർഷം മൊത്തം ആഭ്യന്തരോൽപാദനം മൂന്നു ലക്ഷം കോടി റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
അതിനിടെ, പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിലും ചെറുകിട സ്ഥാപനങ്ങളിലും പതിനായിരത്തിലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ പദ്ധതി തയാറാക്കി. സംരംഭകരുടെ പദ്ധതികൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിന് സാമൂഹിക വികസന ബാങ്കും സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിയും കഴിഞ്ഞ ദിവസം നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാം ഫോറത്തിനിടെ കരാർ ഒപ്പുവെച്ചിരുന്നു. 
വ്യവസായ, ലോജിസ്റ്റിക്‌സ് മേഖലകളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ചെറുകിട സ്ഥാപനങ്ങൾക്കും പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്കും ആവശ്യമായ വായ്പകളും മറ്റു സേവനങ്ങളും നൽകുന്നതിനാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. 
സാമ്പത്തികവും സാങ്കേതികവുമായി ഉയർന്ന നേട്ടമുള്ള സ്ഥാപനങ്ങൾ രാജ്യത്ത് ഉണ്ടാക്കിയെടുക്കുന്നതിനാണ് ഉന്നമിടുന്നത്. വായ്പകൾ നൽകുന്ന പദ്ധതികളിൽ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. കരാർ പ്രകാരം വ്യവസായ മേഖലയിലെ 300 ചെറുകിട, ഇടത്തരം പദ്ധതികൾക്ക് സാമൂഹിക വികസന ബാങ്ക് ലഘുവ്യവസ്ഥകളോടെ വായ്പകൾ നൽകുമെന്ന് ബാങ്ക് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽറാശിദ് പറഞ്ഞു. ഈ സ്ഥാപനങ്ങൾക്ക് ആകെ 65 കോടി റിയാലാണ് ബാങ്ക് വായ്പകളായി നൽകുക. മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 220 കോടിയോളം റിയാൽ ഈ പദ്ധതികൾ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
നവസംരംഭകരുടെ 1,500 ലേറെ വ്യവസായ പദ്ധതികൾക്ക് സാമൂഹിക വികസന ബാങ്ക് ഇതിനകം വായ്പകൾ നൽകിയിട്ടുണ്ട്. ഈ പദ്ധതികൾക്ക് ആകെ 62.6 കോടിയിലേറെ റിയാലിന്റെ വായ്പകൾ നൽകി. സാമൂഹിക വികസന ബാങ്ക് സ്ഥാപിതമായ ശേഷം ഇതുവരെ 80 ലക്ഷത്തിലേറെ പേർക്ക് ബാങ്കിന്റെ ധനസേവനങ്ങളും സാമ്പത്തികേതര സേവനങ്ങളും പ്രയോജനപ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഇതുവരെ 10,300 കോടി റിയാൽ ബാങ്ക് വായ്പകൾ നൽകിയിട്ടുണ്ട്. 

Latest News