Sorry, you need to enable JavaScript to visit this website.

പ്രളയ ദുരിതാശ്വാസം: സർക്കാർ ചെലവഴിച്ചത് 18 ശതമാനം തുക മാത്രം

  • പിരിച്ചത് 7124.54 കോടി; ചെലവഴിച്ചത് 1344.93 കോടി

തിരുവനന്തപുരം - പ്രളയത്തിൽ തകർന്ന വീടുകളിൽ പകുതിയിലധികം നിർമ്മിച്ചത് വീട്ടുടമസ്ഥരെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ.  ഇതോടെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണം അതിവേഗത്തിലെന്ന  സംസ്ഥാന സർക്കാരിന്റെ അവകാശ വാദങ്ങൾ പൊളിയുന്നു. പ്രളയം തകർത്ത് അഞ്ച് മാസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചെലവഴിച്ചത് 18 ശതമാനം തുക മാത്രം. ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ പിരിച്ചെടുത്ത 7124.54 കോടിയിൽ ചെലവഴിച്ചത് 1344.93 കോടി രൂപ. ദുരിതാശ്വാസത്തിന് കേന്ദ്ര സർക്കാർ നൽകിയ 2904 കോടി രൂപ പോലും പൂർണമായി ചെലവഴിച്ചിട്ടില്ല. 
പ്രളായനന്തര കേരളത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള  മറുപടിയിലാണ് റവന്യൂ മന്ത്രി സർക്കാരിന്റെ കണക്കുകൾ നിരത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആകെ ചെലവഴിച്ചത്  1344.93 കോടി രൂപ മാത്രമാണ്. വീടുകളുടെ നാശനഷ്ടത്തിനായി നൽകിയത് 887.70 കോടി രൂപ. ആശ്വാസ ധനസഹായമായ 6200 രൂപ വീതം 7,37,575 ഗുണഭോക്താക്കൾക്ക് നൽകിയത് 457.23 കോടി. പിന്നെ  നൽകിയത് പാലക്കാട് ചിറ്റൂരിൽ അഞ്ചംഗങ്ങൾ മരണപ്പെട്ട കുടുംബത്തിലെ അഖിലയ്ക്ക് നൽകിയ ഏഴ് ലക്ഷം രൂപ. നാമമാത്രമായ തുകകൾ ഒഴിച്ചാൽ പ്രളയക്കെടുതിക്കായി ദുരിതാശ്വാസ നിധിയിൽനിന്ന് കാര്യമായ തുകകൾ ഒന്നും നൽകിയിട്ടില്ല. 
കുടുംബശ്രീ വഴി 922.94 കോടിയുടെ വായ്പയ്ക്ക് പലിശ സർക്കാർ അടയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആ തുക എത്രയെന്ന് മന്ത്രി വ്യക്തമാക്കിയില്ല.  
പൂർണമായും ഭാഗികമായും തകർന്നത് 2,55,964 വീടുകളാണ്. പകുതിയിലധികം പേർക്കും ആദ്യഗഡു തുകപോലും ലഭിച്ചിട്ടില്ല. 1,30,606 പേർക്ക് മാത്രമാണ് ആദ്യ ഗഡു നൽകിയത്.  മുപ്പത് ശതമാനം വരെ തകർന്ന വീടുകൾക്ക് (ചെറിയ തുകകൾ നഷ്ടപരിഹാരമായി വരുന്നവ) മാത്രമാണ് പൂർണമായി തുക നൽകിയത്.  പൂർണമായി തകർന്ന 13,362 വീടുകളിൽ 7428 എണ്ണം ഉടമസ്ഥർ തന്നെ പുനർനിർമിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശേഷിക്കുന്ന 5934 വീടുകളുടെ നിർമാണം സഹകരണ സ്ഥാപന കൂട്ടായ്മകൾ, കെയർഹോം, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ഏറ്റെടുത്തിട്ടുണ്ട്. പൂർണമായി തകർന്ന  9341 വീടുകൾക്ക് ഒന്നാം ഗഡു സഹായം നൽകി എന്നുപറയുന്നുണ്ടെങ്കിലും കൃത്യമായ തുക വ്യക്തമല്ല. പൂർണമായി തകർന്ന 4021 വീടുകൾക്ക് ഇതുവരെ ഒരുരൂപ പോലും സഹായം നൽകിയിട്ടില്ല. 
പതിനായിരം രൂപയുടെ ധനസഹായത്തിന് ഇപ്പോഴും 54,972 അപ്പീലുകൾ സർക്കാരിന്റെ മുന്നിലുണ്ട്. അഞ്ചുമാസം കഴിഞ്ഞിട്ടും അരലക്ഷം പേർ ഇപ്പോഴും പതിനായിരം രൂപയക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 77,041 പേർ അപ്പീൽ വഴിയാണത്രേ ദുരിതാശ്വാസത്തിന് അർഹരായത്. അതായത് ആദ്യം നടത്തിയ കണക്കെടുപ്പിൽ അനർഹരായിരുന്നു അധികവുമെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു.  
തകർന്ന റോഡുകൾക്കോ പാലങ്ങൾക്കോ ദുരിതാശ്വാസ നിധിയിൽനിന്ന് പണം നൽകിയിട്ടില്ല. ചെറുകിട വ്യവസായികൾ ഉൾപ്പെടെയുള്ളവർക്ക് ഉപജീവനം തിരികെ ലഭിക്കാൻ 'ഉജ്ജീവന സഹായ പദ്ധതി' ആരംഭിച്ചുവെന്നും രണ്ട് ലക്ഷം സർക്കാർ നൽകുമെന്ന് പറയുന്നുണ്ടെങ്കിലും എത്രപേർക്ക് ഉജ്ജീവന പദ്ധതി ലഭ്യമായി എന്നതിനും കണക്കില്ല. കന്നുകാലികൾ, കാർഷിക വിളകൾ തുടങ്ങിയവയ്‌ക്കെല്ലാം നാമമാത്രമായ തുകകൾ ആണ് ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയത്. 
പ്രളയബാധിത കർഷകർക്ക് നൽകി എന്ന് അവകാശപ്പെടുന്ന വലിയ തുകകളിൽ അധികവും കേന്ദ്ര പദ്ധതികൾ ഉൾപ്പെടെയുള്ള മറ്റ് പദ്ധതികൾ വഴിയും ബജറ്റ്, കാർഷിക ഇൻഷുറൻസുകളിൽ നിന്നുമാണെന്നും റവന്യൂ മന്ത്രി സഭയിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. വി.ഡി. സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

 

Latest News