Sorry, you need to enable JavaScript to visit this website.

നുണപ്രചാരണങ്ങളുമായി മോഡിയുടെ പടയോട്ടം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ വിജയം അത്രയെളുപ്പമല്ല എന്നു മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെങ്ങുമുള്ള തന്റെ പടയോട്ടം ആരംഭിച്ചിരിക്കുകയാണ്. സമീപകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവ്വേഫലങ്ങളും അദ്ദേഹത്തേയും പാർട്ടിയേയും ഞെട്ടിച്ചിരിക്കുകയാണ്. അതിനാൽ തന്നെ നുണപ്രചാരണങ്ങളുമായാണ് അദ്ദേഹം പടയോട്ടം ആരംഭിച്ചിരിക്കുന്നത്. 
ആക്രമണത്തിന്റ കുന്തമുന തിരിച്ചിരിക്കുന്നത് സ്വാഭാവികമായും കോൺഗ്രസിനു നേരെതന്നെയാണ്. കേരളത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ചപോലെ മറ്റു പാർട്ടികൾക്ക് ശക്തിയുള്ളയിടങ്ങളിൽ അവരേയും അദ്ദേഹം ആക്രമിക്കുന്നു. അതേസമയം തങ്ങൾ തമിഴരാണെന്നും ഹിന്ദുക്കളല്ല എന്നും മുദ്രാവാക്യമുയർത്തി തമിഴ് ജനത മോഡിയെ പ്രതിരോധിക്കുന്ന കാഴ്ചയും കണ്ടു.
തങ്ങൾ ദേശഭക്തിയേയും ദേശസ്‌നേഹത്തേയും കുറിച്ച് സംസാരിക്കുമ്പോൾ കോൺഗ്രസ്  ഒരു കുടുംബത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് മോഡിയുടെ പ്രധാന ആരോപണം. പോയ നാലരവർഷത്തെ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ എന്തു ദേശഭക്തിയും ദേശസേവനവുമാണ് ഉണ്ടായിട്ടുള്ളത്? ദേശസേവനം എന്നാൽ ദേശത്തിന്റെ അതിരുകളെ സേവിക്കലോ അതിരുകൾക്കുള്ളിലെ ജനങ്ങളെ സേവിക്കലോ എന്നതാണ് പ്രശ്‌നം. ഒരു വശത്ത് വർഗ്ഗീയ വികാരം ഇളക്കിവിട്ട് കൃത്രിമമായ ദേശഭക്തി സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ജനങ്ങളുടെ ജീവിതം ദുരിതമയമാകുകയായിരുന്നു എന്നതല്ലേ സത്യം? ബീഫിന്റെ പേരിലും മസ്ജിദിന്റെ പേരിലും മറ്റു പലതിന്റെ പേരിലും മുസ്‌ലിം വിഭാഗത്തെ പ്രതിസ്ഥാനത്തു നിർത്തി ദേശഭക്തി സൃഷ്ടിക്കുക എന്ന സ്ഥിരം തന്ത്രം ഇപ്പോഴും മോഡിയും കൂട്ടരും കൈവിട്ടിട്ടില്ല. ഒപ്പം തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ഭരണഘടനാ മൂല്യങ്ങളെ പോലും അട്ടിമറിച്ച് സാമ്പത്തിക സംവരണവും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ജനാധിപത്യത്തേയും ഫെഡറലിസത്തേയും മതേതരത്വത്തേയും സാമൂഹ്യനീതിയയും നിരന്തരമായി വെല്ലുവിളിച്ചാണ് അദ്ദേഹം ദേശഭക്തിയെ കുറിച്ച് പറയുന്നത്. മറുവശത്ത് നോട്ടുനിരോധനം, ജി എസ് ടി പോലുള്ള നടപടികളിലൂടെ ജനജീവിതം ദുരിതമാക്കിയിരിക്കുന്നു. തൊഴിലില്ലാപ്പടയുടെ എണ്ണം അനുദിനം പെരുകുന്നു. സിബിഐയേയും റിസർവ്വ് ബാങ്കിനേയുമൊക്കെ വെല്ലുവിളിക്കുന്നു. 
അദാനിമാർക്കായി എന്തും എഴുതിക്കൊടുക്കുന്നു. നട്ടെല്ലൊടിഞ്ഞ കർഷകർ നട്ടെല്ലുയർത്തി നിന്ന് സർക്കാരിനെ ചോദ്യം ചെയ്യാനാരംഭിച്ചിരിക്കുന്നു. ഏതാനും സൗജന്യപദ്ധതികളോടെയും വൻ പദ്ധതികളുടെ ഉദ്ഘാടനങ്ങളോടേയും  ജനരോഷം തണുപ്പിക്കാനുള്ള ശ്രമമാണ് തന്റെ പടയോട്ടത്തിൽ മോഡി ശ്രമിക്കുന്നത്. അതിനായി എല്ലാവരുടെയും കൂടെ എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം ഫലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണ. 
മറുവശത്ത് കോൺഗ്രസിനെതിരെ തന്റെ സ്ഥിരം തുറുപ്പുചീട്ടും മോഡി ഉപയോഗിക്കുന്നു. അത് കോൺഗ്രസിലെ കുടുംബാധിപത്യത്തെ കുറിച്ചാണ്. പ്രിയങ്കയുടെ രംഗപ്രവേശനത്തോടെ ഈ ആരോപണം അദ്ദേഹം ശക്തമാക്കിയിരിക്കുന്നു. തീർച്ചയായും ഈ ആരോപണത്തിൽ ശരിയുണ്ട്. നെഹ്‌റു കുടുംബത്തെ മാറ്റിനിർത്തി കോൺഗ്രസിന് മുന്നോട്ടുപോകുക എളുപ്പമല്ല. അപ്പോഴും പ്രകടമായ മാറ്റങ്ങൾ കാണാതിരുന്നു കൂടാ. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധി നേരിട്ടു പ്രധാനമന്ത്രിയായ സാഹചര്യമല്ലല്ലോ ഇപ്പോൾ. സുവർണാവസരം കിട്ടിയിട്ടും പ്രധാനമന്ത്രിയാകാതെ സോണിയ മാറിനിന്നു. രാഹുലും ഏറെകാലം രാഷ്ട്രീയം പയറ്റിയാണ് കോൺഗ്രസ്സ് പ്രസിഡന്റാകാനും വേണമെങ്കിൽ പ്രധാനമന്ത്രിയാകാനും തയ്യാറായത്. മുമ്പത്തെ രാഹുലല്ല ഇപ്പോഴത്തെ രാഹുലെന്നും അദ്ദേഹമിന്ന് ഇരുത്തം വന്ന രാഷ്ട്രീയക്കാരനാണെന്നും എതിരാളികൾ പോലും സമ്മതിക്കുന്നു. മോഡിയെപോലെയല്ല, ആധുനിക രാഷ്ട്രീയ ചിന്തകളെ ഉൾക്കൊള്ളുന്ന ഒരാളാണ് ഇന്ന് രാഹുൽ. ഈ സാഹചര്യത്തിൽ ഇനിയും കുടുംബാധിപത്യമെന്ന ആരോപണം വിലപ്പോകാനിടയില്ല. 
കോൺഗ്രസ്  കർഷകരെ ശ്രദ്ധിക്കുന്നില്ല,  അഞ്ച് വർഷം അവർ കർഷകരെ ദുരിതത്തിലാക്കി, പരാജയത്തിന് വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നു, മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കുന്നു, സ്ത്രീകളുടെ സുരക്ഷ ഗൗരവമായി കാണുന്നില്ല, മുത്തലാഖിനെതിരെയുള്ള നിയമം പാസാക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും മോഡി നിരന്തരമായി ഉന്നയിക്കുന്നു. 2004 മുതൽ 2014 വരെ രാജ്യത്ത് അഴിമതിയുടെ കുംഭകോണമായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. മറുവശത്ത് തങ്ങൾ  പാവപ്പെട്ടവർക്ക് പ്രയോജനകരമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ കൊണ്ടുവന്നു,  70 വർഷം വൈദ്യുതി എത്താതിരുന്ന ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു,  സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നിയമം കൊണ്ടുവന്നു,  ദാരിദ്ര്യ നിർമാർജന പദ്ധതികൾ സ്വീകരിച്ചു, കർഷകരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു, ഭരണം അഴിമതിമുക്തമാക്കി എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ.  
തന്റെ പ്രസംഗപരമ്പരകളിൽ മോഡി എൻഡിഎ വിരുദ്ധരാഷ്ട്രീയ സഖ്യത്തെ  രൂക്ഷമായി പരിഹസിക്കുന്നു. രാഷ്ട്രീയ സഖ്യം ആദർശത്തിന്റെ പേരിലാകണം. ഇപ്പോൾ മോഡി വിരോധത്തിന്റെ പേരിലാണ് സഖ്യം രൂപവൽകരിക്കുന്നത്. ഇതാദ്യമാണ് ഒരുവ്യക്തിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തുന്നത്. കോൺഗ്രസിലെ അസംതൃപ്തി മൂലം വേറിട്ടുപോയ പാർട്ടികളെല്ലാം ഇപ്പോൾ ബിജെപിക്കെതിരെ കോൺഗ്രസുമായി ഒന്നിക്കുകയാണ് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.  
ദളിത്-ഒബിസി വിരുദ്ധ മനോഭാവമാണ് കോൺഗ്രസിന്റേതെന്നും വീരബലിദാനികളെ അപമാനിക്കുകയാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിക്കുന്നത് ആരേയും ചിരിപ്പിക്കും. കൺമുന്നിലെ ഫാസിസത്തെ തിരിച്ചറിഞ്ഞ് സമീപകാലത്ത് ശക്തമാകുന്ന  പ്രതിപക്ഷ ഐക്യം അദ്ദേഹത്തെ വിറളി പിടിപ്പിക്കുന്നു എന്നു സാരം. ഒരർത്ഥത്തിൽ മോഡി പറയുന്നത് ശരിയാണ്. ഫാസിസം എപ്പോഴും രംഗപ്രവേശം ചെയ്യുന്നത് ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചാണ്. അതിനാൽ തന്നെ അതിനെതിരായ ജനാധിപത്യ ഐക്യം രൂപം കൊള്ളണം. അക്കാര്യത്തിൽ വീഴ്ച പറ്റാതിരിക്കാനും മോഡിതന്നെ പറഞ്ഞപോലെ അദ്ദേഹത്തെ ഫോക്കസ് ചെയ്തുതന്നെ രംഗത്തിറങ്ങുകയുമാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എങ്കിൽ മാത്രമേ അദ്ദേഹം പുറത്തിറക്കിവിട്ടിട്ടുള്ള അശ്വമേധത്തെ തടയാനാകൂ.
കേരളത്തിലെത്തി അനൗപചാരികമായി തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച മോഡി സ്വാഭാവികമായും കോൺഗ്രസ്സിനൊപ്പം സിപിഎമ്മിനേയും കടന്നാക്രമിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ തകർക്കാനാണ് സിപിഎം ശ്രമമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ശബരിമല സംഭവവികാസങ്ങളെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണിതെന്ന് വ്യക്തം. കേരളത്തിൽ സ്ത്രീശാക്തീകരണ ചർച്ചകൾ സജീവമായതിനാലാവണം അതേകുറിച്ച് പറയാൻ കോൺഗ്രസിനും സിപിഎമ്മിനും അവകാശമില്ല എന്നദ്ദേഹം പറഞ്ഞത്.  മുത്തലാഖ് ബില്ലിനെ ഒരുമിച്ച് എതിർത്തവരാണ് അവർ. ഒപ്പം ഒരു വനിതാ മുഖ്യമന്ത്രിയെ സൃഷ്ടിക്കാൻ സിപിഎമ്മിനായോ എന്നുമദ്ദേഹം ചോദിച്ചു. 
തീർച്ചയായും കുശാഗ്രബുദ്ധിമാനായ രാഷ്ട്രീയനേതാവാണ് മോഡി. കൂടെ ചാണക്യനായ അമിത് ഷായും. അതിനാൽ തന്നെ ഇവരാരംഭിച്ചിരിക്കുന്ന പടയോട്ടം തടയുക എളുപ്പമല്ല. അതിനു പറ്റണമെങ്കിൽ തമിഴ്‌നാട്ടിൽ കണ്ടപോലെ ശക്തമായ ഹിന്ദുത്വരാഷ്ട്രീയ വിരോധവും വിശാലമായ പ്രതിപക്ഷ ഐക്യവും ആവശ്യമാണ്. അതു സാധ്യമാകുമോ എന്ന് വരുംദിനങ്ങൾ തെളിയിക്കും.

Latest News