തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന കേസില്‍ ആരോപണവിധേയനായ ഡി.സി.സി അംഗമായ ഒ. എം. ജോര്‍ജിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 17 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജോര്‍ജിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. വീട്ടുവേലക്ക് നില്‍ക്കുന്ന ആദിവാസി ദമ്പതികളുടെ മകളായ പതിനേഴുകാരിയാണ് പരാതി നല്‍കിയത്. ഒളിവിലായ ജോര്‍ജിനെ പിടികൂടാന്‍ പൊലീസ് നീക്കം തുടങ്ങി.
ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം ജോര്‍ജ് ഒന്നരവര്‍ഷമായി പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ജോര്‍ജ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ച സന്ദേശം കണ്ട മാതാപിതാക്കള്‍ കുട്ടിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതിനുശേഷമാണ് പീഡനം സ്ഥിരീകരിച്ചത്. വിവരം പൊലീസിന് കൈമാറിയെങ്കിലും യഥാസമയം നടപടി സ്വീകരിച്ചില്ലെന്നും ജോര്‍ജിന് രക്ഷപ്പെടാന്‍ അവസരം നല്‍കിയെന്നും ആക്ഷേപമുണ്ട്.
ഒ.എം ജോര്‍ജ് മൈസൂരിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.