തൊടുപുഴ- നാട്ടുകാരേയും പോലീസിനേയും വട്ടം കറക്കിയ കമിതാക്കൾ ഒടുവിൽ പിടിയിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി മേലുകാവ് സ്വദേശിയായ യുവാവ് മൂന്നാഴ്ചയാണ് ഇലവീഴാപൂഞ്ചിറക്ക് സമീപത്തെ അടൂർമല വനത്തിനുള്ളിൽ കഴിഞ്ഞത്. ഇരുവരും വനത്തിൽ കഴിഞ്ഞത് കരിക്ക്, പഴം, മാങ്ങ അടക്കമുള്ള ഫലങ്ങൾ ഭക്ഷിച്ച്. 
ഇന്നലെ പുലർച്ചെ മലയിറങ്ങുവാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ആറിനാണ് കുമളി സ്വദേശിയായ 17 കാരിയുമായി മേലുകാവ് വൈലാറ്റിൽ ജോർജ് (അപ്പുക്കുട്ടൻ-21) കടന്നുകളഞ്ഞത്. പാക്ക് പറിക്കുവാൻ കുമളിയിലെത്തിയ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. മൂന്നാഴ്ചയായിട്ടും ഇരുവരെയും കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. യുവാവ് ചിങ്ങവനം, കാഞ്ഞാർ സ്റ്റേഷനുകളിലായി നിരവധി പീഡന കേസുകളിൽ പ്രതിയാണ്. വീട്ടിൽ നിന്ന് ചർച്ചിലേക്ക് പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരുടെ പരാതിയിൽ കുമളി പോലീസ് കേസെടുത്തിരുന്നു.
യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ച് കഴിയുന്നതായി മൊബൈൽ ലൊക്കേഷൻ പ്രകാരം സൂചന ലഭിച്ചു. പിന്നാലെ കട്ടപ്പന ഡിവൈ.എസ്.പി എൻ.സി രാജ്മോഹന്റെ മേൽനോട്ടത്തിൽ മുപ്പതിലധികം വരുന്ന പോലീസ് സംഘം സ്ഥലത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. മരം കയറുവാൻ വിദഗ്ധനായ യുവാവ് കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവ സമീപത്തെ പുരയിടങ്ങളിൽ നിന്ന് കൈക്കലാക്കിയത് ഭക്ഷിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ രണ്ട് ചാക്ക് കെട്ടുമായി അടൂർമലയിൽ നിന്ന് കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പോലീസിന്റെ മുന്നിൽ പെടുകയായിരുന്നു. ഇവരെ പിടിക്കുവാനായി ദിവസങ്ങളായി പോലീസ് അടൂർമല ഭാഗത്ത് തമ്പടിച്ചിരുന്നു. പോലീസിനെ കണ്ടയുടനെ രണ്ടുപേരും രണ്ട് വഴിക്ക് ഓടി മറഞ്ഞു. 
പെൺകുട്ടി ശരംകുത്തി ഭാഗത്തുള്ള ഒരു വീട്ടിൽ എത്തി പിറകുവശത്തെ വാതിലിൽ മുട്ടിവിളിച്ച് കുടിക്കുവാൻ വെള്ളം ആവശ്യപ്പെട്ടു. പെൺകുട്ടി തീർത്തും അവശ നിലയിലായിരുന്നു. വീട്ടുകാർ പെൺകുട്ടിക്ക് ഭക്ഷണം നൽകി വിശ്രമിക്കുവാനുള്ള സൗകര്യം ഒരുക്കി. പാറയിടുക്കുകളിലും വലിയ മരച്ചുവട്ടിലുമാണ് ഇവർ കഴിഞ്ഞിരുന്നതെന്നാണ് പെൺകുട്ടി സഹായത്തിനായി എത്തിയ വീട്ടുകാരോട് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പെൺകുട്ടിയെ പോലീസിന് കൈമാറി. 
കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാഞ്ഞാർ സ്റ്റേഷനിലെത്തിച്ച ഇരുവരെയും കുമളി പോലീസിന് കൈമാറി. കുമളിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹൈക്കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ കട്ടപ്പനയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. വെള്ളിയാഴ്ച ചൈൽഡ് ലൈന് കുട്ടിയെ കൈമാറും.

	
	




