കൊൽക്കത്ത- ബംഗാളിൽ നിലനിൽപിനായി പാടുപെടുന്ന കോൺഗ്രസിന് മറ്റൊരു തിരിച്ചടി നൽകി പാർട്ടിയുടെ വനിതാ എം.പി, തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മാൾഡ നോർത്തിൽ നിന്നുള്ള ലോക്‌സഭാംഗം മോസം നൂർ ആണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി മാറിയത്. മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫീസിലെത്തിയായിരുന്നു മോസം നൂറിന്റെ പാർട്ടി മാറ്റം. ഇവരെ ഉടൻ തന്നെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി മമത നിയമിക്കുകയും ചെയ്തു.
അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും, മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ എ.ബി.എ ഗനിഖാൻ ചൗധരിയുടെ അനന്തിരവളാണ് മോസം നൂർ. ബംഗാൾ മുമ്പ് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്നപ്പോഴും, ഇപ്പോഴത്തെ തൃണമൂൽ വാഴ്ചക്കാലത്തും കോൺഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു മാൾഡ. ജില്ലയിലെ രണ്ട് ലോക്‌സഭാ സീറ്റുകളും കോൺഗ്രസ് ജയിച്ചു പോരുന്നതാണ്. മോസം നൂറിന്റെ മാറ്റത്തോടെ ഈ മേൽക്കോയ്മയും കോൺഗ്രസിന് നഷ്ടമാവുകയാണ്. 1980 മുതൽ 2004 വരെ മാൾഡയിൽ നിന്നുള്ള എം.പിയായിരുന്ന ഗനിഖാൻ ചൗധരി 2006 ലാണ് അന്തരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്താനാണ് താൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്നും, ഇനി ദീദിയുടെ (മമത) നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും മോസം നൂർ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിലും തൃണമൂൽ സ്ഥാനാർഥികൾ ജയിക്കുമെന്നും അവർ അവകാശപ്പെട്ടു.
എന്നാൽ മോസം നൂർ പോയതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പാർട്ടി നേതാവ് ഗൗരവ് ഗൊഗോയി പറഞ്ഞു. തൃണമൂലുമായി ഒരു സഖ്യത്തിനും കോൺഗ്രസ് ഇല്ലെന്നും വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കു മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ മോസം നൂർ തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
തൃണമൂലുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് ബംഗാളിലെ കോൺഗ്രസ് നേതാക്കൾ എതിരാണ്. എങ്കിലും മമത ഈയിടെ കൊൽക്കത്ത ബ്രിഗേഡ് മൈതാനത്ത് സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ റാലിയിൽ മല്ലികാർജുൻ ഖാർഗെ, മനു അഭിഷേക് സിംഗ്‌വി എന്നീ പ്രമുഖ നേതാക്കളെ കോൺഗ്രസ് അയച്ചിരുന്നു.






