അഹമ്മദാബാദ് - ഗുജറാത്തിൽ കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേല ശരദ് പവാറിന്റെ എൻ.സി.പിയിൽ ചേർന്നു. അഹമ്മദാബാദിൽ പവാർ പങ്കെടുത്ത യോഗത്തിലാണ് 78 കാരൻ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ മേച്ചിൽപുറത്തേക്ക് ചേക്കേറിയത്. കേന്ദ്രത്തിലെ മോഡി സർക്കാർ ക്രൂരതയും അഴിമതിയും നിറഞ്ഞതാണെന്നും, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ന്യൂദൽഹിയിൽ മൂന്നാം യു.പി.എ സർക്കാർ അധികാരത്തിലെത്തുമെന്നും വഗേല പറഞ്ഞു.
രണ്ട് പതിറ്റാണ്ടോളം ഗുജറാത്തിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവും, പ്രതിപക്ഷ നേതാവുമായിരുന്ന വഗേല 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് പാർട്ടി വിടുന്നത്. അന്ന് കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താൻ ബി.ജെ.പി നടത്തിയ ചരടുവലികളുടെ ഭാഗമായിരുന്നു വഗേലയുടെയും അദ്ദേഹത്തിന്റെ അനുയായികളായ എം.എൽ.എമാരുടെയും കളം മാറ്റം. എന്നാൽ വാശിയേറിയ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ തന്നെ രാജ്യസഭയിലേക്ക് ജയിച്ചു.
അതിനു ശേഷം വഗേല ബി.ജെ.പിയിൽ ചേരുമെന്ന് കരുതിയെങ്കിലും, സ്വന്തം പാർട്ടി രൂപീകരിച്ച് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും തോൽക്കുകയുമായിരുന്നു. 1996ൽ ബി.ജെ.പി വിട്ടാണ് വഗേല കോൺഗ്രസിലെത്തുന്നത്.
വഗേല എത്തുന്നതോടെ ഗുജറാത്തിൽ തങ്ങളുടെ ശക്തി വർധിക്കുമെന്നാണ് എൻ.സി.പി നേതൃത്വത്തിന്റെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ്-എൻ.സി.പി സഖ്യം തീരുമാനമായിട്ടില്ല.
ഈ സാഹചര്യത്തിൽ ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്താൻ എൻ.സി.പിക്കു കഴിയുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. 2014ൽ സംസ്ഥാനത്തെ 26 സീറ്റിലും ബി.ജെ.പി സ്ഥാനാർഥികളാണ് ജയിച്ചത്.






