ബംഗളൂരു - കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി ആവിഷ്‌കരിച്ച ഓപ്പറേഷൻ താമര ആദ്യ ഘട്ടത്തിൽ പാളിയെങ്കിലും, ദൗത്യം ഉപേക്ഷിക്കാതെ കേന്ദ്ര ഭരണകക്ഷി. എന്തു വിലകൊടുത്തും എച്ച്.ഡി. കുമാരസ്വാമി സർക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങൾ തുടരുകയാണ് ബി.ജെ.പി ക്യാമ്പ്. ഇതിനായി മുഖ്യമന്ത്രി കുമാരസ്വാമിയുമായി അത്ര രസത്തിലല്ലാത്ത എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും അവർ സമീപിക്കുന്നതായാണ് വിവരം.
ബി.ജെ.പിയിലെയും കോൺഗ്രസിലെയും അണിയറ നീക്കങ്ങൾ അറിയാവുന്നവർ പറയുന്നത് വിശ്വസിക്കാമെങ്കിൽ ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിനു മുമ്പ് ആറ് വിമത കോൺഗ്രസ് എം.എൽ.എമാരെങ്കിലും രാജിവെക്കും. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി അടക്കമുള്ളവരാണിവർ. ഇതിൽ നാല് പേർ ഇപ്പോൾ മുംബൈയിലാണ്. ഒരാൾ പൂനെയിലും സസ്‌പെൻഷനിലുള്ള എം.എൽ.എ ആയ ജെ.എൻ.ഗണേഷ് ഗോവയിലുമാണെന്നാണ് വിവരം. എല്ലാവരും മന്ത്രി സ്ഥാനം കിട്ടാത്തതിൽ അതൃപ്തരാണ്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് എല്ലാവരും കർണാടകയിൽ എത്തുകയും നിയമസഭാംഗത്വം രാജിവെക്കുകയും ചെയ്യുമെന്ന് ഇതേക്കുറിച്ച് അറിയാവുന്ന ഒരാൾ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ആറ് പേരെ രാജിവെപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ പേരെ തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ഇതോടെ അസംബ്ലിയിൽ അവിശ്വാസം കൊണ്ടുവരാനുമാവും. പന്ത് ഗവർണർ വാജുഭായി വാലയുടെ കോർട്ടിലെത്തും.
224 അംഗ സംസ്ഥാന നിയമസഭയിൽ നിലവിൽ കോൺഗ്രസിന് 80ഉം ജെ.ഡി.എസിന് 37ഉം അംഗങ്ങളാണുള്ളത്. ഒരു ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചിരുന്നെങ്കിലും സ്വതന്ത്രർ പിന്നീട് പിന്തുണ പിൻവലിച്ചു. ബി.ജെ.പിക്ക് 104 എം.എൽ.എമാരുണ്ട്. സർക്കാരിനെ മറിച്ചിടണമെങ്കിൽ 11 ഭരണകക്ഷി എം.എൽ.എമാരെയെങ്കിലും രാജിവെപ്പിക്കുകയും സഭയുടെ മൊത്തം അംഗബലം അതനുസരിച്ച് കുറയ്ക്കുകയും വേണം.
എന്തു വന്നാലും വരുന്ന പൊതു തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ നിലവിൽ വരണമെന്നാണ് യെദിയൂരപ്പയും കൂട്ടരും ആഗ്രഹിക്കുന്നത്. എന്നാൽ 11 ഭരണകക്ഷി എം.എൽ.എമാരെ ഇനിയും പിടിക്കാൻ കഴിയാത്തതിനാൽ ശ്രമം ദുഷ്‌കരമാവുകയാണ്. കോൺഗ്രസ് എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി നടത്തുന്ന നീക്കം മുന്നിൽ കണ്ട് ബി.ജെ.പി എം.എൽ.എമാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും നീക്കമാരംഭിച്ചിട്ടുണ്ട്.