കോഴിക്കോട് - ഭീകരത, ഭീകര വിരുദ്ധ നടപടികൾ അന്താരാഷ്ട്ര നിയമ മാനങ്ങൾ എന്ന വിഷയത്തിൽ മൂന്നു ദിവസങ്ങളിലായി ഗവ. ലോ കോളേജിൽ നടന്ന അന്തർദേശീയ സെമിനാർ സമാപിച്ചു.
ചോദ്യം ചെയ്യലിന്റെ ഭാഗമായി കുറ്റാരോപിതർക്കു നേരെയും ഭീകരർക്കു നേരെയും നടക്കുന്ന പീഡന മുറകൾ ആശാസ്യമല്ലെന്നും ശാരീരിക പീഡനത്തിലധിഷ്ഠിതമായ പരമ്പരാഗത അന്വേഷണ രീതികൾ മാറേണ്ടതുണ്ടെന്നും റോ മുൻ മേധാവിയും ഡി.ജി.പിയും ആയിരുന്ന ഹോർമിസ് തരകൻ പറഞ്ഞു. തീവ്രവാദവും ഫോറൻസിക് സയൻസും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ഒരു കലയാണെന്നും അത് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങൾക്ക് തീവ്രവാദ ആക്രമണങ്ങളോടുള്ള സമീപനം എങ്ങനെയെന്നും അവ ഏതെല്ലാം രീതിയിൽ ഫലപ്രദമാകുന്നുവെന്നും വിശദീകരിച്ച അദ്ദേഹം, ആക്രമണത്തിന് പ്രത്യാക്രമണം എന്ന അമേരിക്കയുടെ നിലപാടിനേക്കാൾ ക്രിമിനൽ നിയമം കൊണ്ട് വിചാരണ ചെയ്യുക എന്ന യൂറോപ്യൻ യൂണിയന്റെ നിലപാടാണ് ലോക രാജ്യങ്ങൾക്കിടയിൽ സ്വീകാര്യമെന്ന് വ്യക്തമാക്കി.
അന്താരാഷ്ട്ര സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് സൈബർ ഫോറൻസിക്കും തീവ്രവാദവുമെന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പരമ്പരാഗത അന്വേഷണ രീതിക്ക് ബദലായി ഫോറൻസിക് അന്വേഷണ രീതികൾ ഉപയോഗിക്കാമെന്നും സാക്ഷികളുടെ അഭാവത്തിൽ ഫോറൻസിക് തെളിവുകൾ ആണ് ഏക മാർഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ സെഷനുകളിൽ ലോ കോളേജ് പ്രൊഫസറും വിദ്യാഭ്യാസ ഡയരക്ടറുമായ ഡോ. സി. നസീമ, അഡ്വ. എം. സുരേഷ് മേനോൻ, എൻ.എസ്. ദേവ് (ഐ.എഫ്.എസ്), ലീന അക്ക മാത്യു എന്നിവർ സംസാരിച്ചു. പ്രമുഖരുടേതുൾപ്പെടെ നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനം കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി തിലകനന്ദൻ അധ്യക്ഷനായിരുന്നു. ഹൈഫ അബ്ദുറഹ്മാൻ സ്വാഗതവും നജീബ് നന്ദിയും പറഞ്ഞു.