Sorry, you need to enable JavaScript to visit this website.

അസംസ്‌കൃത എണ്ണയിൽ നിന്ന് പെട്രോകെമിക്കൽ ഉൽപന്നങ്ങൾ 

റിയാദ് - അസംസ്‌കൃത എണ്ണയിൽ നിന്ന് പെട്രോകെമിക്കൽ ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകൾ വേഗത്തിൽ വികസിപ്പിക്കുന്നതിന് ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകോയും ആക്‌സൻസ് കമ്പനിയും ടെക്‌നിപ് എഫ്.എം.സി കമ്പനിയും കരാർ ഒപ്പുവെച്ചു. ഇന്ധന ഉൽപാദനമല്ലാത്ത മറ്റു ലക്ഷ്യങ്ങൾക്കും ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് അധിക മൂല്യം നേടുന്നതിനുള്ള സൗദി അറാംകോയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ. അസംസ്‌കൃത എണ്ണ പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്ന സാങ്കേതിക വിദ്യ കെമിക്കൽ ഉൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കുകയും ഗുണമേന്മ ഉയർത്തുകയും ചെയ്യുമെന്ന് സൗദി അറാംകൊ പറഞ്ഞു. ഓരോ ബാരൽ ക്രൂഡ് ഓയിലിന്റെയും 60 ശതമാനത്തിലേറെ ഭാഗം പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതിയ കരാർ പ്രകാരം അസംസ്‌കൃത എണ്ണയിൽ നിന്ന് പെട്രോകെമിക്കൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ 2021 ൽ വെളിച്ചം കാണുമെന്നും സൗദി അറാംകൊ പറഞ്ഞു. 
അതേസമയം, സൗദി അറാംകോയും സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷനും (സാബിക്) ചേർന്ന് യാമ്പുവിൽ വ്യവസായ, ലോജിസ്റ്റിക് സർവീസ് കോംപ്ലക്‌സുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനുള്ള കരാറിൽ നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാം പ്രഖ്യാപനത്തോടനുബന്ധിച്ച് ഇരു കമ്പനികളും ഒപ്പുവെച്ചു. അസംസ്‌കൃത എണ്ണ പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്ന പദ്ധതി നടപ്പാക്കുന്നതിന് സൗദിയിലെ ഏറ്റവും വലിയ കമ്പനികളായ സൗദി അറാംകോക്കും സാബിക്കിനും പദ്ധതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് യാമ്പുവിൽ വ്യവസായ, ലോജിസ്റ്റിക് സർവീസ് കോംപ്ലക്‌സുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ഇരു കമ്പനികളും പഠിക്കുന്നത്.

Latest News