ചാവക്കാട് - മണത്തല നേര്‍ച്ചക്കിടെ നാല് ആനകള്‍ വിരണ്ടോടി സ്ത്രീകളും കുട്ടികളും അടക്കം 20 പേര്‍ക്ക് പരിക്ക്. മൂന്നുപേരെ ത്യശൂര്‍ മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇന്നലെ വൈകീട്ട് ബീച്ച് സിദ്ധീഖ് പള്ളി പരിസരത്തുനിന്നു പുറപ്പെട്ട നാട്ടുകാഴ്ചയിലേയും മണത്തല മടേകടവില്‍നിന്നുള്ള കാഴ്ചകളിലേയും ആനകളാണ് ഇടഞ്ഞോടിയത്.നാട്ടുകാഴ്ച മടേകടവിലെത്തിയതോടെ മടേകടവില്‍നിന്നുള്ള കാഴ്ചയും റോഡില്‍ കയറി. വീതി കുറഞ്ഞ റോഡില്‍ ആനകള്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടയില്‍ ആനകളുടെ തുമ്പിക്കൈകളിലെ പട്ടകള്‍ പരസ്പരം മുട്ടി ആനകളുടെ ദേഹത്തു ഉരസി. നാട്ടുകാഴ്ചയിലെ പുത്തൂര്‍ ദേവിനന്ദന്‍ സമീപത്തുനിന്ന പാലക്കാട് പുത്തൂര്‍ ബാലക്യഷ്ണന്‍ എന്ന ആനയെ പലതവണ കുത്തി. ഇതോടെ മറ്റു ആനകള്‍ തലങ്ങും വിലങ്ങും തിരിഞ്ഞു. സമീപത്തെ വളപ്പുകളിലേക്കു കടന്നു ആനകള്‍ തിരിഞ്ഞതോടെ ജനങ്ങള്‍ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടുകയായിരുന്നു. ഇതിനിടയിലാണ് ആളുകള്‍ക്ക് പരിക്കേറ്റത്.
15 അംഗ എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി 20 മിനിറ്റിനകം തളക്കുകയായിരുന്നു.