Sorry, you need to enable JavaScript to visit this website.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ലുലു  ഗ്രൂപ്പിന്റെ ഹോട്ടല്‍ വരുന്നു

ലുലു ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തനം യൂറോപ്പില്‍ വ്യാപിപ്പിക്കുന്നു. യുകെയ്ക്കു പിന്നാലെ സ്വിറ്റ്‌സര്‍ലാന്‍ഡിലും ഹോട്ടലുമായി ലുലു ഗ്രൂപ്പ് എത്തുകയാണ്. ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ 'ട്വന്റി 14 ഹോള്‍ഡിങ്‌സ്' ആണ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ റുംലാങ്ങില്‍ സൂറിച്ച് വിമാനത്താവളത്തിനടുത്ത് 'ഇന്റര്‍സിറ്റി ഹോട്ടല്‍ ' നിര്‍മിക്കാന്‍ സ്വിസ് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ നെക്രോണുമായി ധാരണയിലെത്തി.
260 മുറികളുള്ള ഫോര്‍ സ്റ്റാര്‍ വിഭാഗത്തില്‍പ്പെടുന്ന ഇന്റര്‍സിറ്റി ഹോട്ടല്‍ 2020ഓടെ ട്വന്റി 14 ഹോള്‍ഡിങ്‌സിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഡോയിഷ് ഹോസ്പിറ്റാലിറ്റി (സ്‌റ്റൈഗന്‍ബര്‍ഗര്‍ ഹോട്ടല്‍) ആയിരിക്കും 20 വര്‍ഷ കരാര്‍ പ്രകാരം ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുക. 
യൂറോപ്പിന്റെ മുഖ്യധാരയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ട്വന്റി 14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു.
സ്‌കോട്ട്‌ലന്‍ഡിലെ ഐതിഹാസികമായ 'വോള്‍ഡോര്‍ഫ് അസ്‌റ്റോറിയ ഹോട്ടലി'നെ കഴിഞ്ഞ വര്‍ഷം ട്വന്റി 14 ഏറ്റെടുത്തിരുന്നു. ഇതിനു പുറമെ, ലണ്ടന്‍ പോലീസിന്റെ ആസ്ഥാനമായിരുന്ന സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിനെ ഏറ്റെടുത്ത്, ഹെറിറ്റേജ് ഹോട്ടലാക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയും ലുലു സ്വന്തമാക്കിയിരുന്നു.

Latest News