Sorry, you need to enable JavaScript to visit this website.

അവർ നിയമത്തിന് അതീതരോ?

ചൈത്ര തെരേസ ജോൺ  

നിയമത്തിനു മുന്നിൽ വിവേചനമെന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഈ മന്ത്രിസഭ വന്നതിനു ശേഷം തന്നെ എത്രയോ ലോക്കപ്പ് മർദനങ്ങളും കൊലകളും നടന്നു? മർദനമേറ്റ വിനായകനെ പോലുള്ളവർ ആത്മഹത്യ ചെയ്തു. എത്രയോ സമരങ്ങളെ പോലീസ് മർദിച്ചൊതുക്കാൻ ശ്രമിച്ചു. അവിടെയൊന്നും കാണാത്ത ധർാമിക രോഷമാണ് പോലീസ് സ്റ്റേഷനു കല്ലെറിഞ്ഞ കേസിൽ പ്രതികൾ ഒളിച്ചിരിക്കുന്നു എന്ന  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത യുവ വനിതാ പോലീസ് ഓഫീസർക്കെതിരെ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. 


സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസാ ജോണിനെ വിമർശിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയൻ തന്നെ രംഗത്തിറങ്ങിയത് നൽകുന്ന സൂചന അപകടകരമാണ്. പാർട്ടി ഓഫീസുകൾ റെയ്ഡിന് വിധേയമാക്കാറില്ല, പാർട്ടികൾ അന്വേഷണവുമായി സഹകരിക്കാറുണ്ട്, പൊതുപ്രവർത്തനത്തെ മാനിക്കണം, പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാനായിരുന്നു പരിശോധന എന്നിങ്ങനെയാണ്  പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. 
ജനാധിപത്യ സംവിധാനത്തിന്റെ ഉന്നതമായ ഘട്ടത്തിൽ ഇതു ശരിയായിരിക്കാം. രാഷ്ട്രീയപ്രവർത്തകർ മറ്റെല്ലാവർക്കും മാതൃകയായി മാറുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും കുറ്റവാളികളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉദ്ദേശിച്ചത്. എന്നാൽ നമ്മുടെ ജനാധിപത്യ സംവിധാനം ഇപ്പോഴുമതിന്റെ ശൈശവാവസ്ഥയിൽ മാത്രമാണ്. കുറ്റകൃത്യങ്ങളിലും അഴിമതിയിലുമെല്ലാം പൊതുവിൽ സാധാരണക്കാരേക്കാൾ വളരെ മുന്നിലാണ് രാഷ്ട്രീയക്കാർ. പാർട്ടി ഓഫീസുകൾ കുറ്റവാളികളേയും ആയുധങ്ങളേയും ഒളിപ്പിക്കുന്ന ഇടങ്ങളായി എത്രയോ തവണ മാറിയിരിക്കുന്നു. കൊലപാതകങ്ങൾ പോലും നടന്ന പാർട്ടി ഓഫീസുകൾ കേരളത്തിൽ തന്നെയുണ്ട്. പല കുറ്റാവാളികളേയും പാർട്ടി ഓഫീസുകൡ നിന്നു പിടികൂടിയിട്ടുണ്ട്. രാഷ്ട്രീയ വൈരം തീർക്കാൻ പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്ത് അനാവശ്യ അറസ്റ്റുകൾ നടത്തിയ സംഭവങ്ങളുമുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് നിയമം പാർട്ടി ഓഫീസുകൾക്ക് ബാധകമല്ല എന്നു പരോക്ഷമായി പറഞ്ഞിരുക്കുന്നത്. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത വിഷയവുമായി ബന്ധപ്പെട്ടാണെങ്കിലും പാർട്ടി ഓഫീസുകൾ എന്ന് പൊതുവായി പറഞ്ഞത് മറ്റു പാർട്ടികളുടെ പിന്തുണ നേടാനാണെന്നു വ്യക്തം. 
റെയ്ഡ് നടത്തിയ എസ്.പിക്കെതിരെ നടപടി എടുത്താൽ അത് സേനയുടെ ആത്മവീര്യം തകർക്കുന്നതാണെന്ന സബ്മിഷൻ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതല്ല കേന്ദ്ര വിഷയം. നിയമ വിരുദ്ധമായി മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ പോലീസിനെതിരെ വിമർശനമുയർന്നപ്പോഴും ഈ വാദം നമ്മൾ കേട്ടതാണ്. പോലീസിനാവശ്യം നീതിബോധവും മുഖം നോക്കാതെയുള്ള നടപടിയും ജനാധിപത്യ സംസ്‌കാരവുമാണ്. പലപ്പോഴും പോലീസിൽ നിന്ന് ഇവയൊന്നും കാണാറില്ല. വല്ലപ്പോഴുമാണ് ചൈത്ര തെരേസാ ജോൺ ഇപ്പോൾ ചെയ്ത പോലുള്ള ധീരമായ നടപടികൾ കാണുന്നത്. എന്നാലതു പോലും അംഗീകരിക്കില്ല എന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. അടുത്തയിടെ തിരുവനന്തപുരത്തു തന്നെ പോലീസിനെ ക്രൂരമായി മർദിച്ചവർക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. അതിൽ പോലീസിൽ ഇപ്പോൾ തന്നെ പ്രതിഷേധമുണ്ട്. ദേശീയ പണിമുടക്കു ദിവസം ആക്രമണം നടത്തിയവർക്കെതിരേയും പോലീസ് കർക്കശ നടപടികളെടുത്തതും നേതാക്കൾക്ക് ദഹിച്ചിട്ടില്ല. അതിനു പുറമേയാണ് ഈ സംഭവം. പോലീസ് സംഘടനകളെല്ലാം ഇക്കാര്യത്തിൽ അസ്വസ്ഥരാണെന്നാണ് റിപ്പോർട്ട്. 
കേട്ടാൽ ആരും ചിരിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രിയുടേത് എന്നു പറയാതെ വയ്യ.  ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് രാഷ്ട്രീയ പാർട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യമെന്നും  അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ച് കൊണ്ടുപോവുക എന്നതാണ് പോലീസിന്റെ ചുമതലയെന്നുമാണ് അദ്ദേഹം പറയുന്നത്. പോലീസന്വേഷണത്തിൽ ഏതു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളാണെങ്കിലും സഹകരിക്കാറുണ്ടെന്ന അദ്ദേഹത്തിന്റെ വാദം എത്രമാത്രം വാസ്തവ വിരുദ്ധമാണെന്ന് ആർക്കാണറിയാത്തത്?
മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ തന്നെ പോലീസ് സ്‌റ്റേഷനിൽ ഇടിച്ചുകയറിയും വാനുകൾ തടഞ്ഞും പ്രതികളെ ഇറക്കിക്കൊണ്ടുവന്ന എത്രയോ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിരിക്കുന്നു. വേണ്ടിവന്നാൽ പോലീസ് സ്‌റ്റേഷനിൽ തന്നെ ബോംബുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച നേതാവും സ്റ്റേഷൻ മതിൽ ചാടിക്കടന്ന നേതാവുമൊക്കെ ഈ പാർട്ടിക്കുണ്ട്. മറ്റു പാർട്ടികളുടെ കാര്യവും കാര്യമായി വ്യത്യസ്തമല്ല. ഈ സാഹചര്യത്തിലാണ് പാർട്ടി ഓഫീസുകളെ സംരക്ഷിക്കലാണ് പോലീസിന്റെ കടമയെന്നു മുഖ്യമന്ത്രി പറയുന്നത്. 
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ  പരിശോധന നടത്തിയ സംഭവവുമായി  ബന്ധപ്പെട്ട് ഒരു പരാതി സി.പി.എം ജില്ലാ സെക്രട്ടറി നൽകിയിട്ടുണ്ടെന്നും സ്വാഭാവികമായും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട നേതാക്കൾ നൽകുന്ന പരാതി ഗൗരവപരമായി പരിശോധിക്കുക എന്നത് ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ കടമയാണെന്നും അതുകൊണ്ടാണ് ഈ പരാതി സംബന്ധിച്ച് അന്വേഷണം നടത്താൻ ഡി.ജി.പിക്ക് നിർദേശം നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർക്കുമ്പോഴും ചിലത് ചോദിക്കാതെ വയ്യ. ഏതൊരു വ്യക്തിയുടെ പരാതിയും ഇതുപോലെയല്ലേ കാണേണ്ടത്?
നിയമത്തിനു മുന്നിൽ വിവേചനമെന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഈ മന്ത്രിസഭ വന്നതിനു ശേഷം തന്നെ എത്രയോ ലോക്കപ്പ് മർദനങ്ങളും കൊലകളും നടന്നു. മർദനമേറ്റ വിനായകനെ പോലുള്ളവർ ആത്മഹത്യ ചെയ്തു. എത്രയോ സമരങ്ങളെ പോലീസ് മർദിച്ചൊതുക്കാൻ ശ്രമിച്ചു. അവിടെയൊന്നും കാണാത്ത ധാർമിക രോഷമാണ് പോലീസ് സ്റ്റേഷനു കല്ലെറിഞ്ഞ കേസിൽ പ്രതികൾ ഒളിച്ചിരിക്കുന്നു എന്ന  വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത യുവ വനിതാ പോലീസ് ഓഫീസർക്കെതിരെ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. പോക്സോ കേസിൽ അറസ്റ്റിലായ രണ്ടു പ്രവർത്തകരെ കാണാനനുവദിക്കാത്തതിന്റെ പേരിലായിരുന്നു അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷൻ കല്ലെറിഞ്ഞത് എന്നതു തന്നെ രാഷ്ട്രീയ പ്രവർത്തകരെ മുഖ്യമന്ത്രി ഉദാത്തവൽക്കരിക്കുന്നതിന്റെ അപഹാസ്യത വ്യക്തമാക്കുന്നു. 
പരിശോധനയിൽ അക്രമികളെ കണ്ടെത്താനായില്ല എന്നതാണ് പാർട്ടിയുടെ ന്യായീകരണം. പോലീസ് എത്തുന്നതിനു നിമിഷങ്ങൾക്കു മുമ്പ് പ്രതികളെ പാർട്ടി ഓഫീസിൽനിന്നു മാറ്റിയതായാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. റെയ്ഡ് വിവരം ചോർത്തിയത് ഒരു ഡിവൈ.എസ്.പിയാണെന്നും ഇന്റലിജൻസിനു സൂചന ലഭിച്ചു. പോലീസിൽ എല്ലാ പാർട്ടികളുടേയും രഹസ്യ സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന് ആർക്കാണറിയാത്തത്. മകര വിളക്കിനു പിറ്റേന്ന് ശബരിമല കയറാൻ അതിരാവിലെ നിലക്കലിൽ രേഷ്മയും ഷാനിലയുമെത്തിയ വിവരം 5 മിനിറ്റിനുള്ളിൽ ജനം ചാനലിൽ വന്നത് ആർ എസ് എസുകാരായ പോലീസുകാർ നൽകിയ വിവരത്തിൻെ അടിസ്ഥാനത്തിലായിരുന്നു. ബിജെപിക്ക് അതിനു കഴിയുമെങ്കിൽ ഭരിക്കുന്ന പാർട്ടിക്ക് എന്തു ബുദ്ധിമുട്ട്. മാത്രമല്ല, പരിശോധിച്ച് പ്രതിയെ കിട്ടിയില്ല എന്നത് പോലീസിന്റെ വീഴ്ചയൊന്നുമല്ലല്ലോ. പരമാവധി ഒരു സോറി പറയേണ്ട വിഷയം മാത്രം. 
ഇതുമായി ബന്ധപ്പെട്ട് ഐഎഎസുകാരോ ഐപിഎസുകാരോ മറ്റ് ഉദ്യോഗസ്ഥരോ ഒന്നും രാഷ്ട്രീയക്കാരേക്കാളും ജനപ്രതിനിധികളേക്കാളും ഉന്നതരല്ല എന്ന വാദം കേൾക്കാനുണ്ട്. തത്വത്തിലത് ശരിയാണ്. ഒന്നുമല്ലെങ്കിൽ അഞ്ചു വർഷത്തിലൊരിക്കൽ ഇവരുടെ പ്രവർത്തനം ജനകീയ ഓഡിറ്റിംഗിനു വിധേയമാകുന്നുണ്ടല്ലോ. ദിനംപ്രതി ഇവർ മാധ്യമ വിചാരണക്കും വിധേയരാകുന്നു. എന്നുവെച്ച് നിയമത്തിന് അതീതരല്ല ഇവരും എന്നത് മറക്കരുത്. എന്നാൽ അങ്ങനെയാണ് മുഖ്യമന്ത്രി പറയാൻ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയവുമുണ്ട്. മുഖം നോക്കാതെ നീതി നടപ്പാക്കാൻ ശ്രമിക്കുന്ന നിരവധി യുവ ഐ എ എസ് - ഐ പി എസുകാർ ഇന്നു കേരളത്തിലുണ്ട്. അവർക്ക് ശക്തമായ പിന്തുണ നൽകാനാണ് ഭരണാധികാരികൾ ശ്രമിക്കേണ്ടത്. 
മറിച്ച് ഇത്തരത്തിലുള്ള പ്രതികരണങ്ങളാണ് അധികാരികളിൽ നിന്നുണ്ടാകുന്നതെങ്കിൽ അധികം താമസിയാതെ അവരെല്ലാം മുഖം നോക്കി മാത്രം നടപടികളെടുക്കുന്നവരായിത്തീരും. അതു നമ്മുടെ സാമൂഹ്യ ജീവിതത്തെ കൂടുതൽ ജീർണമാക്കാം. ഈ യുവ ഉദ്യോഗസ്ഥരിൽ വലിയാരു ഭാഗം യുവതികളാണെന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്. സ്ത്രീശാക്തീകരണത്തിനായി മതിലുകൾ വരെ നിർമിക്കുന്ന കാലമാണല്ലോ ഇത്. ഈ സ്ത്രീശാക്തീകരണം ഉന്നത ഉദ്യാഗസ്ഥ മേഖലകളിലും ഉണ്ടാകണം. 
പോലീസിലും സിവിൽ സർവീസിലുമെല്ലാം ഉണ്ടാകണം. എന്നാൽ അതിനേയും തുരങ്കം വെക്കുന്ന ഒന്നാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം എന്നു പറയാതെ വയ്യ. തന്റെ നിലപാട് പുനഃപരിശോധിക്കാനും തിരുത്താനുമാണ് മുഖ്യമന്ത്രി തയാറാകേണ്ടത്. 

Latest News