Sorry, you need to enable JavaScript to visit this website.

പിറവം പള്ളിക്കേസ് കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ ആരുമില്ല? നാലാം ബെഞ്ചും പിന്മാറി

കൊച്ചി - പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍നിന്നു ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിന്‍മാറി. ജസ്റ്റിസുമാരായ കെ.ഹരിലാല്‍, ആനി ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണു കാരണം വ്യക്തമാക്കാതെ പിന്‍മാറിയത്. ഹരജികള്‍ മറ്റൊരു ബെഞ്ച് പരിഗണിക്കും. 
ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി.അനില്‍കുമാര്‍ എന്നിവരുടെ ബെഞ്ച് കഴിഞ്ഞദിവസം പിന്മാറിയിരുന്നു.

പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതിയുടെ വിധി നടപ്പാക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെയും ഹരജികളാണു പരിഗണിക്കുന്നത്. ജസ്റ്റിസ് പി.ആര്‍.രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിലാണു ഹരജികള്‍ ആദ്യമെത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നു കേസില്‍ കക്ഷി ചേരാനെത്തിയ ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചതോടെ 2018 ഡിസംബര്‍ 11 ന് ഈ ബെഞ്ച് പിന്മാറി.

തുടര്‍ന്നു ഹരജികള്‍ ജസ്റ്റിസ് വി.ചിദംബരേഷ്, ജസ്റ്റിസ് ആര്‍.നാരായണ പിഷാരടി എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ വന്നു. ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നു കക്ഷികള്‍ വ്യക്തമാക്കിയതോടെ ഡിസംബര്‍ 21ന് ഈ ബെഞ്ചും പിന്മാറി. തുടര്‍ന്നാണു ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി.അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ പരിഗണനക്കു ഹരജികള്‍ എത്തിയത്.

Latest News