കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി വനിതാ എം.പി തൃണമൂലില്‍

മൗസം ബേനസീര്‍ നൂര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടൊപ്പം.
കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി പാര്‍ട്ടി എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍. മാല്‍ഡ (നോര്‍ത്ത്)യില്‍നിന്ന് രണ്ടു തവണ പാര്‍ലമെന്റിലെത്തിയ മൗസം ബേനസീര്‍ നൂറാണ് (39) മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന അബാ ഗനി ഖാന്‍ ചൗധിരിയുടെ അനന്തിരവളാണ് മൗസം നൂര്‍. ഇവരെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി നിയമിച്ചിട്ടുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാല്‍ഡ  നോര്‍ത്തില്‍നിന്ന് മത്സരിക്കുകയും ചെയ്യും.മമതാ ദീദിയാണ് തന്റെ പ്രചോദനമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റും തൃണമൂല്‍ നേടുമെന്നും മൗസം നൂര്‍ പറഞ്ഞു. 
 
കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും ഇത് പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്ന നടപടിയാണെന്നും ബംഗാളിലെ കോണ്‍ഗ്രസ് നിരീക്ഷന്‍ ഗൗരവ് ഗൊഗോയി ആരോപിച്ചു.
വടക്കന്‍ ബംഗാളിലെ മാല്‍ഡ  ജില്ല കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജയിക്കാനുള്ള തൃണമൂല്‍ ശ്രമം വിജയിച്ചിരുന്നില്ല. ബി.ജെ.പിയും നോട്ടമിട്ട ജില്ലയാണ് മാള്‍ഡ. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലി നടത്തിയത് ഇവിടെ ആയിരുന്നു.
 

Latest News