Sorry, you need to enable JavaScript to visit this website.

വ്യവസായ കുതിപ്പിന് സൗദി; 20,500 കോടി റിയാലിന്റെ പദ്ധതികൾ, 37 കരാറുകൾ ഒപ്പിട്ടു

നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് ഫോറത്തിലെ പരിപാടികൾ സദസ്സിലിരുന്ന് വീക്ഷിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. 
സമ്മേളന വേദിക്കടുത്ത് രാജാവിന്റേയും കിരീടാവകാശിയുടേയും ചിത്രങ്ങൾ പതിച്ചിരിക്കുന്നു.

റിയാദ് - ആഗോള തലത്തിൽ സൗദിയെ മുൻനിര വ്യവസായ ശക്തിയായും ലോജിസ്റ്റിക് സേവന മേഖലയിലെ ആഗോള കേന്ദ്രമായും മാറ്റുക എന്ന ഉദ്ദേശ്യത്തോടെ ദേശീയ വ്യവസായ വികസന ഫോറത്തിന് റിയാദിൽ തുടക്കമായി. റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിലാണ് ഫോറം നടക്കുന്നത്. 
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കിരീടാവകാശിയുടെ സാന്നിധ്യത്തിൽ 37 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. 29 കരാറുകളും ധാരണാപത്രങ്ങളും പിന്നീട് ഒപ്പുവെക്കും. ആകെ 20,500 കോടി റിയാൽ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതികൾക്കുള്ള കരാറുകളാണിവ. പ്രഖ്യാപിത പദ്ധതികളിൽ ഫ്രഞ്ച് കമ്പനിയുമായുള്ള സൈനിക വ്യവസായ സഹകരണവും ഉൾപ്പെടുന്നു.
അതിവേഗ പുരോഗതിക്കും അഭിവൃദ്ധിക്കുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ഫോറത്തിൽ സംസാരിച്ച ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു. വിഷൻ 2030 പദ്ധതിയുടെ ഏറ്റവും പ്രധാന ഭാഗമാണ് നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാം. ഊർജം, വ്യവസായം, ഖനനം, ലോജിസ്റ്റിക് സേവനങ്ങൾ എന്നീ നാലു മേഖലകളിൽ സർക്കാർ വകുപ്പുകളുടെ ശേഷികൾ സംയോജിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. 
നിരവധി സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഇതിലൂടെ സംയോജിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യും. 300 ലേറെ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. പ്രധാന ചാലക ശക്തി പ്രാദേശിക, അന്താരാഷ്ട്ര സ്വകാര്യ മേഖലയാണ്. 1,70,000 കോടിയിലേറെ റിയാലിന്റെ പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ നൽകും. നാലു പ്രധാന മേഖലകളും മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് നൽകുന്ന സംഭാവന 1,20,000 കോടി റിയാലായി ഉയർത്തുകയും പതിനാറു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.


പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ സൗദി കയറ്റുമതി ഒരു ലക്ഷം കോടിയിലേറെ റിയാലിനു മുകളിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ തമ്മിൽ സംയോജനവും സമന്വയവും ഉണ്ടാക്കുമെന്നതാണ് പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത. 34 സർക്കാർ വകുപ്പുകളുടെ ശ്രമങ്ങളുടെ ഫലമാണ് നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാം. 
റാസൽഖൈർ വ്യവസായ നഗരത്തിൽ കിംഗ് സൽമാൻ സമുദ്ര വ്യവസായ കോംപ്ലക്‌സിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ജിസാൻ വ്യവസായ നഗരത്തിലും ഏതാനും വ്യവസായ പദ്ധതികൾക്ക് തുടക്കമായി. കിംഗ് സൽമാൻ ഊർജ നഗര പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണ പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്നതിന് സൗദി അറാംകൊയും സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷനും (സാബിക്) ധാരണയിലെത്തിയിട്ടുണ്ട്. രാജ്യത്ത് നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി നിയമങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധിക്കുകയും നിരവധി പ്രോത്സാഹനങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഉയർന്ന വരുമാനം ലഭിക്കുന്ന 60 ലേറെ നിക്ഷേപാവസരങ്ങൾ രാജ്യത്തുണ്ട്. ഇവ ഫോറത്തിൽ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. 
ലോകത്തെ ഏറ്റവും മികച്ച പത്തു ലോജിസ്റ്റിക് കേന്ദ്രങ്ങളിൽ ഒന്നായി സൗദി അറേബ്യയെ മാറ്റുന്നതിനാണ് പദ്ധതിയെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. 

 

Latest News