Sorry, you need to enable JavaScript to visit this website.

സൗദിയിൽ 98 വനിതാ ഹൗസ് ഡ്രൈവർമാർ

റിയാദ് - സൗദി അറേബ്യയിൽ 98 വിദേശ വനിതകൾ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൗദിയിൽ വിദേശ വനിതകൾ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കാര്യം ആദ്യമായാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തുന്നത്.
സൗദിയിൽ 13,40,000 ഓളം വിദേശികളാണ് ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നത്. രാജ്യത്ത് ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളിൽ 56.6 ശതമാനം ഹൗസ് ഡ്രൈവർമാരാണ്. 33,426 വിദേശികൾ വീടുകളിലും കെട്ടിടങ്ങളിലും ഇസ്തിറാഹകളിലും വാച്ച്മാന്മാരായി (ഹാരിസ്) ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 15 പേർ വനിതകളാണ്. വാച്ച്മാൻ തൊഴിൽ മേഖലയിലും ആദ്യമായാണ് വിദേശ വനിതകളുടെ സാന്നിധ്യം പ്രത്യക്ഷപ്പെടുന്നത്. ഹൗസ് മാനേജർമാരായി 2,405 പേർ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 1,569 പേർ പുരുഷന്മാരും 975 പേർ വനിതകളുമാണ്. 
മൂന്നു മാസത്തെ വേതനം വിതരണം ചെയ്യുന്നതിന് തൊഴിലുടമകൾ കാലതാമസം വരുത്തിയതായി സ്ഥിരീകരിക്കുന്ന പക്ഷം ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മറ്റു തൊഴിലുടമകളുടെ പേരിലേക്ക് മാറ്റുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളി കൈമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഇടപാടുകൾ നടത്തരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം പരസ്യങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ നിയമ വിരുദ്ധമായി ഗാർഹിക തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച റിപ്പോർട്ടുകൾ സുരക്ഷാ വകുപ്പുകൾക്കും ഇൻഫർമേഷൻ മന്ത്രാലയത്തിനു കീഴിലെ ജുഡീഷ്യൽ കമ്മിറ്റിക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കൈമാറുന്നുണ്ട്. 
ഗാർഹിക തൊഴിലാളി വിസ വിൽപന, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വിലക്കിയിട്ടുണ്ട്. ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും മാത്രമാണ് റിക്രൂട്ട്‌മെന്റ്, തൊഴിലാളി കൈമാറ്റ പരസ്യം ചെയ്യുന്നതിന് അനുമതിയുള്ളത്. 
2018 ജൂൺ 24 ന് ആണ് സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽവന്നത്. നാൽപതിനായിരത്തിലേറെ വനിതകൾക്ക് ഇതിനകം ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. വിവിധ പ്രവിശ്യകളിൽ പതിനാലു ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ നിർമിച്ചുവരികയാണ്. 
അന്താരാഷ്ട്ര, വിദേശ ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി, വനിതകൾക്ക് സൗദി ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് 22 സെന്ററുകൾ തുറന്നിട്ടുണ്ടെന്നും മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.

 

Latest News