Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാമിൽ കഴിഞ്ഞയാഴ്ച എണ്ണൂറിലേറെ നിയമലംഘകർ പിടിയിൽ

ദമാമിൽ പ്രവർത്തിക്കുന്ന കാർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്ന വിദേശികളുടെ രേഖകൾ ലേബർ ഓഫീസ് ഉദ്യോഗസ്ഥരും പോലീസും വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിക്കുന്നു. 

ദമാം - ദമാം ലേബർ ഓഫീസും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് കഴിഞ്ഞയാഴ്ച നഗരത്തിൽ നടത്തിയ പരിശോധനകളിൽ 825 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. പോലീസ്, നഗരസഭ, പട്രോൾ പോലീസ്, വാണിജ്യ, നിക്ഷേപ മന്ത്രാലയം, സകാത്ത്, നികുതി അതോറിറ്റി, ട്രാഫിക് പോലീസ് എന്നിവ റെയ്ഡിൽ പങ്കെടുത്തു. തൊഴിലുടമകൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ദമാം നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അധികൃതർ പരിശോധനകൾ നടത്തി. 
വനിതാവൽക്കരണം ലംഘിച്ച് ലേഡീസ് ഷോപ്പുകളിൽ പുരുഷന്മാർ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട നാലു നിയമ ലംഘനങ്ങളും സൗദികൾക്ക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്തതുമായി ബന്ധപ്പെട്ട മൂന്നു നിയമ ലംഘനങ്ങളും സൗദി ജീവനക്കാരുമായി തൊഴിലുടമകൾ തൊഴിൽ കരാറുകൾ ഒപ്പുവെക്കാത്തതുമായി ബന്ധപ്പെട്ട മൂന്നു നിയമ ലംഘനങ്ങളും സ്ഥാപനത്തിന് ലേബർ ഓഫീസിൽ ഫയൽ തുറക്കാത്തതുമായി ബന്ധപ്പെട്ട ഒരു നിയമ ലംഘനവും 46 മറ്റു തൊഴിൽ നിയമ ലംഘനങ്ങളും റെയ്ഡിനിടെ കണ്ടെത്തി. 
ലൈസൻസില്ലാതെ പ്രവർത്തിക്കൽ, മോശം ശുചീകരണ നിലവാരം, കേടായ ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് പ്രദർശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 35 നിയമ ലംഘനങ്ങളും 50 ട്രാഫിക് നിയമ ലംഘനങ്ങളും വാണിജ്യ, നിക്ഷേപ മന്ത്രാലയ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട ഏതാനും നിയമ ലംഘനങ്ങളും റെയ്ഡിനിടെ കണ്ടെത്തി. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികൾ ജോലി ചെയ്യൽ, സ്‌പോൺസർ മാറി ജോലി ചെയ്യൽ എന്നീ തൊഴിൽ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയതെന്ന് ദമാം ലേബർ ഓഫീസ് മേധാവി ഉമൈർ അൽസഹ്‌റാനി പറഞ്ഞു. നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും ലേബർ ഓഫീസ് മേധാവി പറഞ്ഞു.
ലേബർ ഓഫീസിൽ ഫയൽ തുറക്കാതിരിക്കുകയോ ഫയൽ വിവരങ്ങൾ പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തും. തൊഴിലാളിയുടെ പാസ്‌പോർട്ടോ ഇഖാമയോ ഹെൽത്ത് ഇൻഷുറൻസ് കാർഡോ കസ്റ്റഡിയിൽ വെക്കുന്ന തൊഴിലുടമക്ക് രണ്ടായിരം റിയാൽ തോതിൽ പിഴ ചുമത്തും. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം വിതരണം ചെയ്തത് വ്യക്തമാക്കുന്ന രേഖകൾ വേതന സുരക്ഷാ പദ്ധതി വഴി മാസാമാസം സമർപ്പിക്കാത്ത തൊഴിലുടമകൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തും. തൊഴിൽ നിയമം അനുസരിച്ച അവധികൾ തൊഴിലാളികൾക്ക് അനുവദിക്കാത്ത സ്ഥാപനങ്ങൾക്കും ഇതേ തുക പിഴ ചുമത്തും. തൊഴിൽ സുരക്ഷാ നിയമാവലി വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പതിനയ്യായിരം റിയാൽ വരെയാണ് പിഴ ചുമത്തുക. 
തൊഴിലാളികൾക്ക് വേതന വിതരണം വൈകിക്കുന്ന സ്ഥാപനങ്ങൾക്ക് മൂവായിരം റിയാൽ തോതിൽ പിഴ ചുമത്തുന്നുണ്ട്. വേതനം ലഭിക്കാത്ത തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ തോതിലാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുക. വേതന വിതരണം വൈകിച്ച ഏതാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് രണ്ടു മാസത്തിനിടെ ലേബർ കോടതികൾ പിഴ ചുമത്തിയിട്ടുണ്ട്. പിഴ സംഖ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയിലാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഈ തുക സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക് വിനിയോഗിക്കും. വേതന വിതരണം വൈകിക്കുന്ന പ്രവണതക്ക് തടയിടുന്നതിനും വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറക്കുന്നതിനും സ്വകാര്യ മേഖലയിൽ അനുയോജ്യവും സുരക്ഷിതവും സ്ഥിരതയുമുള്ള തൊഴിൽ സാഹചര്യമുണ്ടാക്കുന്നതിനും വേതന വിതരണം വൈകിക്കുന്നവർക്ക് പിഴ ചുമത്തുന്നത് സഹായിക്കും.

 

Latest News