ജിദ്ദ- ജിദ്ദയും മദീനയും സകാക്കയും അടക്കം രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു. പേമാരിയിൽ പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ചു. ജിദ്ദയിൽ ബുറൈമാൻ, അൽഖൂസിൻ, അൽഖരീനിയ, അജ്‌വാദ്, ഹറാസാത്ത്, അൽമഹാമീദ്, ഉമ്മുസലം ഡിസ്ട്രിക്ടുകളിലും റാബിഗിലെ ഹജറിലും വൈദ്യുതി വിതരണം സ്തംഭിക്കുന്നതിന് മഴ ഇടയാക്കി. മോശം കാലാവസ്ഥ മൂലം ജിദ്ദ എയർപോർട്ടിൽ ചില സർവീസുകൾക്ക് കാലതാമസം നേരിട്ടു. മക്ക പ്രവിശ്യയിൽ ഖുലൈസിനു സമീപം മസർ ഗ്രാമത്തിലെ താഴ്‌വരയിൽ പ്രളയത്തിൽപെട്ട മൂന്നു പേരെ നാട്ടുകാരും സിവിൽ ഡിഫൻസും ചേർന്ന് രക്ഷപ്പെടുത്തി.
മദീനയിൽ ഇന്നലെ രാവിലെ കനത്ത മഴയാണ് പെയ്തത്. നഗരത്തിലെ നിരവധി റോഡുകൾ വെള്ളത്തിലായി. മലവെള്ളപ്പാച്ചിലിൽ ചെളിമൂടി ചില റോഡുകൾ ഗതാഗത യോഗ്യമല്ലാതായി മാറി. മലവെള്ളപ്പാച്ചിൽ മൂലം തബൂക്ക്, മദീന റോഡ് അടക്കം പ്രവിശ്യയിലെ ഏതാനും റോഡുകൾ സുരക്ഷാ വകുപ്പുകൾ അടച്ചിരുന്നു. മലവെള്ളപ്പാച്ചിൽ ശമിച്ചതിനെ തുടർന്ന് റോഡുകളിൽ ഗതാഗതം പുനരാരംഭിച്ചു. ബദ്‌റിലെ അൽസ്വഫ്‌റാ വാദിയിൽ പ്രളയത്തിൽപെട്ട് സുഡാനി മരിച്ചു. സൗദി പൗരന്മാർ മൃതദേഹം പുറത്തെടുത്തു. മദീനയിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പ്രളയബാധിത പ്രദേശങ്ങൾ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ചു. യാമ്പു, ഉംലജ്, അൽഅയ്‌സ്, അൽഉല എന്നിവിടങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു.
മഴക്കിടെയുള്ള അപകടങ്ങളെ കുറിച്ച് അറിയിച്ചും സഹായം തേടിയും സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ ഇന്നലെ ലഭിച്ചത് മൂവായിരം കോളുകൾ. വൈദ്യുതി ഷോക്കുള്ളതായി അറിയിച്ച് ഒമ്പതു കോളുകളും വെള്ളം കയറിയ പ്രദേശങ്ങളിൽ കുടുങ്ങിയതായും പ്രളയത്തിൽ പെട്ടതായും അറിയിച്ച് 51 കോളുകളും ലഭിച്ചു. ഈ പരാതികളിൽ സിവിൽ ഡിഫൻസ് വേണ്ട നടപടികൾ സ്വീകരിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
അൽജൗഫ് പ്രവിശ്യയിലുണ്ടായ കനത്ത മഴയിൽ പ്രദേശത്തെ താഴ്‌വരകളെല്ലാം കവിഞ്ഞൊഴുകി. സകാക്കയിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ കുടുങ്ങിയ 28 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയതായി അൽജൗഫ് സിവിൽ ഡിഫൻസ് വക്താവ് ക്യാപ്റ്റൻ അബ്ദുറഹ്മാൻ അൽ ദുവൈഹി പറഞ്ഞു. മക്കയിലും ഖുൻഫുദയിലും അഫ്‌ലാജിലും റിയാദിലും അൽഖർജിലും മുസാഹ്മിയയിലും ശഖ്‌റായിലും ഇന്നലെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. അഫ്‌ലാജിൽ ഏതാനും കെട്ടിടങ്ങളിലെ വാട്ടർ ടാങ്കുകൾ ശക്തമായ കാറ്റിൽ നിലംപതിക്കുകയും ചെയ്തു.