പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍; ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം

റായ്പൂര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രാചരണങ്ങള്‍ക്ക് ചൂടുപിടിക്കാനിരിക്കെ രംഗം കൊഴുപ്പിച്ച് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ രാജ്യത്തുടനീളമുള്ള ദരിദ്രര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. യുഎസിലെ സാമൂഹിക സുരക്ഷാ പദ്ധതിക്കു സമാനമായ പദ്ധതിയാണിത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കായി നരേന്ദ്ര മോഡി തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഭരണപക്ഷത്തെ ഞെട്ടിച്ച് രാഹുലിന്റെ പ്രഖ്യാപനം. 

'ഒരു ചരിത്രപരമായ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. 2019-ല്‍ വോട്ടു ചെയ്തു അധികാരത്തിലെത്തിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കും,' ഛണ്ഡീഗഢ് തലസ്ഥാനമായ റായ്പൂരില്‍ ഒരു കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഓരോ ദിരദ്ര വ്യക്തിക്കും ഒരു മിനിമം വരുമാനം ഉണ്ടാകും. ഇതിനര്‍ത്ഥം ഇനി വിശപ്പുണ്ടാകില്ല. ഇന്ത്യയില്‍ ദരിദ്രര്‍ ഉണ്ടാകില്ല എന്നാണ്- രാഹുല്‍ പറഞ്ഞു. ദശലക്ഷണക്കിന് ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിന്റെ കെടുതി അനുഭവിക്കുമ്പോള്‍ നമുക്കൊരിക്കലും പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനാവില്ല. 2019-ല്‍ അധികാരത്തിലെത്തിയാല്‍ ഓരോ ദരിദ്ര വ്യക്തിക്കും മിനിമം വരുമാനം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ് പതിജ്ഞാബദ്ധമാണ്- രാഹുല്‍ വ്യക്തമാക്കി.

മുന്‍ യുപിഎ സര്‍ക്കാരിന്റെ ഏറെ ശ്രദ്ധേയവും വിജയകരവുമായ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയ ആശയത്തിന്റെ വിപുലീകരണമായിരിക്കും ഈ മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു. ഗ്രാമീണ മേഖലയില്‍ ഓരോരുത്തര്‍ക്കും 100 ദിവസത്തെ ജോലി ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു തൊഴിലുറപ്പു പദ്ധതി.
 

Latest News