Sorry, you need to enable JavaScript to visit this website.

പ്രിയങ്കയുടെ വരവ് പ്രതീക്ഷ ഉയർത്തുന്നു

കോൺഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധി വദ്രയുടെ വരവ് 2019 ലെ നിർണായക ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ അടയാളമായി മാറാൻ പോകുന്നു.  കുടുംബ വാഴ്ചയായി വിമർശിച്ചതുകൊണ്ട് അതിന്റെ പ്രാധാന്യം എഴുതിത്തള്ളാൻ കഴിയില്ല. 
ഏറ്റവും വലിയ തെളിവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം തന്നെ. റഫാൽ അഴിമതിയാരോപണത്തോട് ഇനിയും പ്രതികരിക്കാത്ത പ്രധാനമന്ത്രി  പ്രിയങ്കയുടെ നിയമനത്തോട് ചാടിക്കയറി പ്രതികരിച്ചു.  ബി.ജെ.പി എഴുതിത്തള്ളിയ കോൺഗ്രസിന്റെ   സംഘടനാ തീരുമാനത്തോട് പ്രധാനമന്ത്രി  വേവലാതിപ്പെട്ട് എന്തിന് പ്രതികരിക്കണം? കോൺഗ്രസിന്റെ പതിമൂന്ന് ജനറൽ സെക്രട്ടറിമാരിൽ അവസാനത്തെ നിയമനമായിരുന്നു പ്രിയങ്കയുടേത്. ഒപ്പം കിഴക്കൻ യു.പിയുടെ സംഘടനാ ചുമതലയും. അതിൽ പ്രധാനമന്ത്രിക്കെന്തു കാര്യം?
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നടത്തിയ സുപ്രധാനവും തന്ത്രപരവുമായ നീക്കമാണ് അതെന്ന് പ്രധാനമന്ത്രിക്കടക്കം അറിയാമെന്നതാണ് യഥാർത്ഥ കാര്യം. 
ഒന്നുകിൽ കീഴടക്കുക അല്ലെങ്കിൽ സ്വയം നശിക്കുക എന്ന ദൃഢനിശ്ചയത്തോടെയുള്ള വരവാണ് ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയുടേത്. അമ്പരപ്പോടെ പ്രഖ്യാപനം കേട്ട മാധ്യമങ്ങൾ ആ നിലയ്ക്കുള്ള വൻ പ്രാധാന്യവും പ്രതീക്ഷയുമാണ് വായനക്കാരോട് പങ്കിട്ടത്.  
പ്രധാനമന്ത്രിയും ബി.ജെ.പിയുടെ വക്താക്കളും  സഖ്യകക്ഷിയിൽ പെട്ട ചിലരും പ്രിയങ്കയുടെ സാന്നിധ്യത്തെ അവഗണിക്കാൻ ശ്രമിച്ചു. കോൺഗ്രസിലെ സർവസാധാരണ രീതിയെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. കിഴക്കൻ യു.പിയുടെ പരിമിതമായ പാർട്ടി ചുമതല പ്രിയങ്കയ്ക്ക്  കൊടുത്തത് മോശമായെന്നു പോലും കേന്ദ്ര മന്ത്രി സഹതപിച്ചു.
എന്നാൽ ആ ചുമതല തന്നെയാണ് മോഡിയെയും ബി.ജെ.പി നേതൃത്വത്തെയും ഞെട്ടിച്ച കാര്യം.  മോഡിയുടെ ലോക്‌സഭാ മണ്ഡലമായ വരാണസിയും 201 കിലോമീറ്റർ അകലെ കിടക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിയമസഭാ മണ്ഡലമായ ഗോരഖ്പുരും കിഴക്കൻ ഉത്തർപ്രദേശിലാണ്. അതാണ് ഉൾക്കിടിലത്തിന്റെ കാരണം. രാജസ്ഥാനിൽ ബി.ജെ.പി ഭരണം കടപുഴക്കി കോൺഗ്രസിനെ അധികാരത്തിലേറ്റാൻ നിർണായക നേതൃത്വം നൽകിയ ജ്യോതിരാദിത്യ സിന്ധ്യയെന്ന ചെറുപ്പക്കാരന് പശ്ചിമ യു.പിയുടെ ചുമതല കൂടി നൽകി.  കോൺഗ്രസിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയ ഇടപെടലാണിത്.  ബി.എസ്.പിയും എസ്.പിയും കോൺഗ്രസിനെ ഒഴിവാക്കി സഖ്യമുണ്ടാക്കിയപ്പോൾ രാഹുൽ പറഞ്ഞിരുന്നു: യു.പിയിൽ കോൺഗ്രസിനെ എഴുതിത്തള്ളേണ്ടെന്ന്. എല്ലാ രാഷ്ട്രീയ കണക്കുകളും കൂട്ടിക്കിഴിച്ച് തീരുമാനങ്ങളെടുത്ത എല്ലാവരും വീണ്ടും കൂട്ടാനും കിഴിക്കാനും നിർബന്ധിതരായി, മാധ്യമങ്ങൾ പോലും.
പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമെന്നും യു.പിയിൽ മത്സരിക്കുമെന്നും വർഷങ്ങളായി പറഞ്ഞുപോന്ന മാധ്യമങ്ങൾ പോലും എ.ഐ.സി.സി സംഘടനാ ചുമതലയുള്ള അശോക് ഗഹ്‌ലോട്ടിന്റെ ഇതു സംബന്ധിച്ച പത്രക്കുറിപ്പ് കിട്ടുംവരെ കാര്യം അറിഞ്ഞില്ല. 2004 ൽ സോണിയാ ഗാന്ധിയെ യു.പി.എയെ ഗവണ്മെന്റ് രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചത് നിരസിക്കാൻ എടുത്ത തീരുമാനം ഇതുപോലെ ഗോപ്യമായിരുന്നു. പിറ്റേന്ന് രാഷ്ട്രപതിയെ കാണാനിരിക്കേ രാത്രിയിൽ പ്രിയങ്കയും രാഹുലും സോണിയാ ഗാന്ധിയും ചേർന്നാലോചിച്ച് പ്രധാനമന്ത്രിപദം സോണിയ സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 
അന്ന് സ്വർണപ്പാത്രത്തിൽ തേടിവന്ന പ്രധാനമന്ത്രി പദവും കുടുംബ വാഴ്ചയും വേണ്ടെന്നുവെച്ചു.  മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയാക്കി. ആ കൂട്ടുകക്ഷി ഗവണ്മെന്റ് പത്തു വർഷം രാജ്യം ഭരിച്ചു. അതിന്റെ വീഴ്ചകളും തെറ്റുകളും വേറെ. തൂക്കുപാർലമെന്റിന്റെ തുടർച്ചയിൽ അതൊരു ചരിത്രമായി.  
ഇപ്പോൾ പ്രിയങ്ക കുടുംബത്തിന്റെ ആശീർവാദത്തോടെ ഭരണാധികാരത്തിന്റെ  കുടക്കീഴിലേക്ക് കടന്നുവരികയല്ല. 1969 ൽ തന്റെ മുത്തശ്ശി  ഇന്ദിരാഗാന്ധി കോൺഗ്രസ് പിളർത്തി മറ്റൊരു പാർട്ടി രൂപീകരിച്ചതു പോലുള്ള സാഹസികമായ ഒരു ദൗത്യം ഏറ്റെടുക്കുകയാണ്. തകർന്നു മരവിച്ചുകിടക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്ന പരീക്ഷണത്തിന് നേതൃത്വം നൽകുകയാണ്. അതാകട്ടെ, പ്രിയങ്കയുടെയും കുടുംബത്തിന്റെയും കോൺഗ്രസിന്റെയും മാത്രം ആവശ്യമല്ല. രാജ്യത്തെ ജനങ്ങളുടെയാകെ ആവശ്യമായ അടിയന്തര സാഹചര്യമാണ് പ്രിയങ്കയുടെ വരവ് നിർബന്ധിതമാക്കിയത്.  
കോൺഗ്രസിന്റെ ഒരു സംഘടനാ ചുമതല പ്രിയങ്ക ഏറ്റെടുത്തതിൽ രാജ്യത്താകെയുണ്ടായ പ്രതികരണം തന്നെ അതിന്റെ രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നു. 2019 ലെ തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ നിർണായക ഘടകമാകുമോ പ്രിയങ്കയുടെ വരവെന്ന ചോദ്യമുയർത്തിയാണ് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രിയങ്കയെ സ്വാഗതം ചെയ്തത്.  ക്ഷുഭിതവും വഴുതി വീഴുന്നതുമായ രാഷ്ട്രീയത്തിൽ വന്നതിൽ ആശംസയറിയിച്ചത്.  സമൃദ്ധമായ സ്വന്തം ആകർഷണത്തിനു പുറമെ ഗാന്ധി - നെഹ്‌റു പാരമ്പര്യത്തിന്റെ മഹിമ കൂടിയാണ് പ്രിയങ്ക കൂടെ കൊണ്ടുവരുന്നതെന്നും പറഞ്ഞത്. ബി.ജെ.പിയുമായി അടുത്തിട വരെ ജമ്മു-കശ്മീരിൽ ഭരണം പങ്കിട്ടിരുന്ന മെഹബൂബയുടെ പ്രതികരണം സംഘ്പരിവാറിന് ഉൾക്കൊള്ളാനാകില്ല.  ശരാശരി ഇന്ത്യൻ സമൂഹത്തിന്റെ സ്വീകാര്യതയാണ് അതിൽ പ്രതിഫലിക്കുന്നത്. ചിലർക്ക് കുടുംബമാണ് പാർട്ടി. എന്നാൽ ബി.ജെ.പിക്ക് പാർട്ടിയാണ് കുടുംബം എന്നാണ്  പ്രധാനമന്ത്രി മോഡി പ്രതികരിച്ചത്. 
ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇവിടെ അടിയന്തരാവസ്ഥയുടെ കരാള ഘട്ടം അരങ്ങേറിയിരുന്നു എന്നത് വസ്തുതയാണ്. അതിന് അവർക്കും അവരുടെ കൂട്ടാളികൾക്കും ജനങ്ങൾ കടുത്ത ശിക്ഷ നൽകി. അവരെ അധികാരത്തിനു പുറത്തു നിർത്തിക്കൊണ്ട്.  അതിനു ശേഷം ഇന്ദിരാ ഗാന്ധിയുടെ തന്നെ നേതൃത്വത്തിൽ ജനങ്ങൾ ജനാധിപത്യത്തെ തിരിച്ചേൽപിച്ച സാഹചര്യവുമുണ്ടായി.  മറ്റൊരു ഏകാധിപത്യ വാഴ്ചയ്ക്കിടയിലല്ല രാജ്യത്തെ വിഘടന ശക്തികൾക്കെതിരെ ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും ധീരമായ നിലപാടെടുത്തപ്പോഴാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. 
അതിന്റെ തുടർച്ചയിൽ കുടുംബ വാഴ്ചയെപ്പറ്റി മുന്നറിയിപ്പു നൽകുന്ന പ്രധാനമന്ത്രി അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് രാജ്യത്തെ ഇപ്പോൾ എത്തിച്ചിട്ടുള്ളത്. അതിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ ഗാന്ധി - നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യവും വ്യക്തി വിശുദ്ധിയുമുള്ള പ്രിയങ്കയെപ്പോലെ ഒരാൾ കോൺഗ്രസിനെ നയിക്കാനെത്തുന്നു. അതിൽ ജനാധിപത്യ - മതനിരപേക്ഷ മൂല്യങ്ങൾ അപകടത്തിലാണെന്ന് കരുതുന്നവർ  തീർച്ചയായും ആശ്വസിക്കും. പ്രതീക്ഷിക്കും.   
കുടുംബ വാഴ്ച എന്നതിന്റെ ചരിത്രം ചികയുമ്പോൾ മോഡിക്കും ബി.ജെ.പി നേതാക്കൾക്കും ജനസംഘത്തിന്റെയും ആർ.എസ്.എസിന്റെ തന്നെയും പിറവിക്കു പിന്നിലേക്ക് പോകേണ്ടിവരും. 1921 ഡിസംബർ 8 നാണ് മോത്തിലാൽ നെഹ്‌റുവിനെ അലഹബാദിലെ ആനന്ദ ഭവനിൽനിന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ആറു മാസത്തെ തടവിന് ശിക്ഷിച്ച് അലഹബാദ് ജയിലിലടച്ചത്. തലേന്നു ജവാഹർലാലിനെ ലഖ്‌നൗവിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അച്ഛനെയും മകനെയും വേർപെടുത്താൻ വേണ്ടി. പിറ്റേന്ന് സ്ത്രീകൾ മാത്രമുള്ള ആനന്ദഭവനിൽ ബ്രിട്ടീഷ് പോലീസ് റെയ്ഡ് നടത്തി.  മോത്തിലാൽ പിഴയടയ്ക്കാഞ്ഞതിന് ആ വീട്ടിലെ വിലപ്പെട്ട സർവതും പോലീസ് കണ്ടുകെട്ടി.  
ഇതിനെല്ലാം സാക്ഷിയായി മൂന്നു വയസ്സുള്ള ഒരു കുട്ടി അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം രംഗത്തുണ്ടായിരുന്നു. ആ കുട്ടിയാണ് പിന്നീട് ഇന്ദിരാ ഗാന്ധിയായത്.  അവരുടെ രക്തസാക്ഷിത്വത്തെ തുടർന്ന് ഇന്ത്യൻ ജനതയുടെ വിളി കേട്ട് രാഷ്ട്രീയത്തിലിറങ്ങിയ മകൻ രാജീവ് ഗാന്ധിയും രാജ്യത്തിനു വേണ്ടിയാണ് ജീവൻ വെടിഞ്ഞത്. 
ആനന്ദ ഭവനിലെ ഈ കുടുംബത്തിലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയും സി.ആർ. ദാസും നിത്യസന്ദർശകരായിരുന്നത്.  അലഹബാദിലെ  പ്രയാഗിലെ കുംഭമേള പോലെ തന്നെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ കുംഭമേളയുടെ പ്രയാഗ് ഘട്ടമായിരുന്നു ആനന്ദ ഭവൻ. സുഭാഷ് ചന്ദ്രബോസ് മുതൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നേതാവായിരുന്ന എം.എൻ റോയി വരെ ആനന്ദ് ഭവനിൽവന്ന് ചർച്ച നടത്തിയിട്ടുണ്ട്. സാമ്രാജ്യത്വത്തിൽനിന്നും അടിമത്തത്തിൽനിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിന്റെ രാഷ്ട്രീയ യാഗശാലമായി മാറിയ ആ കുടുംബത്തിന്റെ രാഷ്ട്രീയ ചരിത്ര ചിത്രം നരേന്ദ്ര മോഡിയെ പോലെ ആർ.എസ്.എസ് പ്രചാരക് ആയി പിൽക്കാലത്ത് വന്ന് 31 ശതമാനം വോട്ടിന്റെ പിൻബലത്തിൽ പ്രധാനമന്ത്രിയായ ഒരാൾക്ക് അറിയണമെന്നില്ല. 
രവീന്ദ്രനാഥ് ടാഗോർ ശാന്തി നികേതനിലും ഗാന്ധിജി ഗുജറാത്തിലെ തന്റെ ആശ്രമത്തോടനുബന്ധിച്ച വിദ്യാലയത്തിലും പഠിപ്പിച്ച് വളർത്തിയ ഇന്ദിരാ ഗാന്ധിയുടെ കുടുംബ ചരിത്രം. അലഹബാദ് ബാറിലെ പണം വാരുന്ന അഭിഭാഷക പദവി വേണ്ടെന്നുവെച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലിൽ കിടന്ന് മരണപ്പെട്ട മോത്തിലാൽ നെഹ്‌റുവിന്റെ ചരിത്രം. രോഗിയായിട്ടും ത്രിവർണ പതാകയേന്തി സമരത്തിന്റെ മുൻനിരയിൽനിന്ന് ജയിലിൽ പോയി നിത്യരോഗിയായി അകാലത്ത് മരണപ്പെട്ട കമലാ നെഹ്‌റു.  അച്ഛൻ ജയിലിലും ഭാര്യ വിദേശത്ത് സാനിട്ടോറിയത്തിലും മകൾ പഠനം ഉപേക്ഷിച്ച് അമ്മയ്ക്കരികിലും കഴിഞ്ഞ പരീക്ഷണ ഘട്ടത്തിൽ തളരാതെ ജയിലിൽ കിടന്ന് ഇന്ത്യൻ യുവത്വത്തിന് ആവേശമായി സ്വാതന്ത്ര്യ സമരം നയിച്ച ജവാഹർലാൽ നെഹ്‌റുവിന്റെ ചരിത്രം. അതുകൊണ്ടാണ് നെഹ്‌റു മുക്ത ഭാരതമെന്നും കോൺഗ്രസ് മുക്ത ഭാരതമെന്നും നരേന്ദ്ര മോഡി  ആവർത്തിക്കുന്നത്.
പ്രധാനമന്ത്രി മോഡിയുടെ പാർട്ടിയെന്നത് യഥാർത്ഥത്തിൽ ബി.ജെ.പി അല്ല.  ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടില്ലാത്ത രാഷ്ട്രീയ സ്വയം സേവക് സംഘാണ്.  ബി.ജെ.പി ഗവണ്മെന്റിനെ നയിക്കുന്നത് ആ ഹിന്ദുത്വ വർഗീയ ഫാസിസ്റ്റ് പ്രസ്ഥാനമാണ്. ഭരണത്തിലിരുന്ന് മോഡി കൂറും ബാധ്യതയും പുലർത്തുന്ന മറ്റൊരു കുടുംബം കൂടിയുണ്ട്.  ഇന്ത്യയിലെയും ആഗോള തലത്തിലെയും കോർപറേറ്റുകളുടെ കുടുംബമാണത്. അവർ നിയന്ത്രിക്കുന്ന വിവിധ രാജ്യങ്ങളുടെ  ഭരണാധികാരികൾ കൂടി അദ്ദേഹത്തിന്റെ കുടുംബമാണ്. 
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമെന്ന് അമേരിക്ക അവകാശപ്പെടുന്നു.  ഏറ്റവും വലിയ ജനാധിപത്യമെന്ന് ഇന്ത്യയും. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഇന്ന് ഏറ്റവും അടുപ്പക്കാരും വിശ്വസ്തരുമാണ്.  രണ്ടിടങ്ങളിലും ഇപ്പോൾ അപകടത്തിലായത് ജനാധിപത്യവുമാണ്. അമേരിക്കയിലെ സിനിമാ ലോകത്തെ സർവകലാവല്ലഭനും പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ട് റെഡ്‌ഫോഡ് കഴിഞ്ഞ ദിവസം ലോകം ഗൗരവപൂർവം ശ്രദ്ധിച്ച ഒരു പ്രസ്താവനയിറക്കി. തങ്ങളുടെ മൂക്കിനു താഴെ രാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കണ്ട് സഹിക്കാനാകാതെ  റെഡ്‌ഫോഡ് പറഞ്ഞു:
'തൊട്ടതെല്ലാം വഷളാക്കുന്ന ഒരു പ്രസിഡന്റ് നമുക്കുണ്ടെന്നത് വേദനാജനകമാണ്.  തന്റെ ചുമതല ജനാധിപത്യം സംരക്ഷിക്കലാണെന്ന് മനസ്സിലാക്കാത്ത, അഥവാ ശ്രദ്ധിക്കാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. 2020 ൽ നമുക്കൊരു അവസരമുണ്ട്. വെറുപ്പിനെയും വിഘടനത്തെയും പരാജയപ്പെടുത്തി നാം ഒന്നിച്ചുനിന്ന് വിനയാദരവും പുരോഗതിയും തെരഞ്ഞെടുക്കാനുള്ള അവസരം. അതിലേക്ക് കേന്ദ്രീകരിച്ച് നമുക്കൊന്നിച്ചു നിൽക്കാം. നമ്മുടെ വോട്ടിന്റെ ശക്തി കൊണ്ട് രാജ്യത്തെ തിരിച്ചുകൊണ്ടുവരാനും ജനാധിപത്യത്തെ സംരക്ഷിക്കാനും കൂട്ടായി ശ്രമിക്കാം. അതിനുള്ള ശ്രമം ഇപ്പോൾതന്നെ നമുക്ക്  ആരംഭിക്കേണ്ടതുണ്ട്.'
ഇന്ത്യയിൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും കക്ഷി-വ്യക്തി താൽപര്യങ്ങൾക്കപ്പുറം അതു തന്നെയാണ് ഇപ്പോൾ ചെയ്യാനുള്ളത്. ജനാധിപത്യത്തെ സംരക്ഷിക്കുക. രാജ്യത്തെ തിരിച്ച് സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്കു തന്നെ കൊണ്ടുവരിക.  പ്രിയങ്കയുടെയും രാഹുലിന്റെയും കോൺഗ്രസിനും ബി.എസ്.പി-എസ്.പി, തൃണമൂൽ കോൺഗ്രസ്, ടി.ഡി.പി തുടങ്ങി ഇടതുപക്ഷങ്ങൾക്കടക്കം ജനാധിപത്യത്തിന്റെ ഈ അജണ്ടയിൽനിന്ന് അകന്നു നിൽക്കാനാകില്ല. അങ്ങനെ നിൽക്കുന്നവർ ജനങ്ങളിൽനിന്നും ചരിത്രത്തിന്റെ പുറമ്പോക്കിലേക്കും വിസ്മൃതിയിലേക്കും എത്തിപ്പെടുമെന്നു മാത്രം.

Latest News