മുസഫര്‍നഗര്‍ കലാപം: 18 കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ഉത്തരവിട്ടു

മുസഫര്‍നഗര്‍-  ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 2013 ലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനിച്ചു. ഇതിനായി കോടതിയെ സമീപിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കുന്നത്. മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 125 കേസുകളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു.  ഇതില്‍ കേസുകള്‍ പിന്‍വലിക്കുന്നതിന്റെ സാധ്യതയും ആരാഞ്ഞിരുന്നുവെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാര്‍ പറഞ്ഞു.
ബി.ജെ.പിയുടെ നിരവധി നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്. എം.പിമാരായ സഞ്ജീവ് ബല്യാണ്‍, ഭാരതേന്ദ്ര സിങ്, എം.എല്‍.എമാരായ സംഗീത് സോം, ഉമേഷ് മലിക്ക് തുടങ്ങിയവര്‍ ഇതില്‍പെടും. പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ കേസുകളില്‍ യു.പി മന്ത്രി സുരേഷ് റാണ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി എന്നിവരുടെ പേരുകളില്ലെന്നാണ് സൂചന.
2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. കലാപകേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ യു.പി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതില്‍ 175 കേസുകളില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചു.
6869 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് 1480 പേരെ അറസ്റ്റ് ചെയ്തിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ 54 കേസുകളിലെ 418 പേരെ വെറുതെ വിട്ടതായും എസ്.ഐ.ടി വ്യക്തമാക്കുന്നു.

Latest News