തിരുവനന്തപുരം- പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എമാരേയും ജനപ്രിയ നേതാക്കളേയും രംഗത്തിറക്കി വമ്പൻ പരീക്ഷണങ്ങൾക്കൊരുങ്ങി യു.ഡി.എഫും കോൺഗ്രസും. കോട്ടയം, കൊല്ലം, മലപ്പുറം, പൊന്നാനി സീറ്റുകളൊഴികെയുള്ള പതിനാറ് സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. എന്തു വില കൊടുത്തും വിജയം ഉറപ്പിക്കുക എന്നതാണ് ഇത്തവണ സംസ്ഥാന നേതൃത്വത്തിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. അടൂർ പ്രകാശ്, ഷാഫി പറമ്പിൽ തുടങ്ങിയ സിറ്റിംഗ് എം.എൽ.എമാരേയും ഉമ്മൻചാണ്ടി, വി.എം.സുധീരൻ, ടി.എൻ.പ്രതാപൻ, പി.സി.വിഷ്ണുനാഥ് എന്നിവരേയും രംഗത്തിറക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഐ.എം. വിജയൻ, മഞ്ജുവാരിയർ തുടങ്ങിയ പൊതുസമ്മതരേയും പരീക്ഷിക്കാൻ ശ്രമിച്ചിരുന്നു. മഞ്ജുവാരിയർ മത്സരത്തിനില്ലെന്ന് അറിയിച്ചുകഴിഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട എട്ടു മണ്ഡലങ്ങളിലും എന്തു പരീക്ഷണം നടത്തിയും വിജയിക്കാനുള്ള ശ്രമത്തിലാണ് ഇക്കുറി കോൺഗ്രസ്. തുടർച്ചയായി തോൽവി നേരിടുന്ന ആലത്തൂരിൽ ഫുട്‌ബോൾ താരം ഐ.എം. വിജയനെ മത്സരിപ്പിക്കാൻ നീക്കം നടക്കുകയാണ്. 37,312 വോട്ടിനാണ് ഇവിടെ കഴിഞ്ഞ തവണ തോൽവിയുണ്ടായത്. വിജയനുമായി ആദ്യവട്ട ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു.
പാലക്കാട്ടും ആറ്റിങ്ങലിലും സിറ്റിംഗ് എം.എൽ.എമാരെ കളത്തിലിറക്കാനും പദ്ധതിയുണ്ട്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളിൽപോലും ശക്തമായ മൽസരത്തിനാണ് കോൺഗ്രസ് തയാറെടുക്കുന്നത്. സി.പി.എമ്മിലെ എ.സമ്പത്ത് തുടർച്ചയായി വിജയിക്കുന്ന ആറ്റിങ്ങലിൽ കോന്നി എം.എൽ.എ അടൂർ പ്രകാശിനെ മത്സരിപ്പിക്കാൻ നേരത്തെ തന്നെ ശ്രമം തുടങ്ങിയതാണ്. ഈഴവ സമുദായ സ്വാധീനവും ശബരിമല വിഷയത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യവും അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ. അടൂർ പ്രകാശ് മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്.
ഒരു ലക്ഷത്തിലധികം വോട്ടിന് തോൽക്കേണ്ടിവന്ന പാലക്കാട് ഷാഫി പറമ്പിൽ എം.എൽ.എയെ രംഗത്തിറക്കി തിരിച്ചുപിടിക്കാനാണ് ആലോചന. രണ്ട് തവണ വിജയിച്ച എം.ബി രാജേഷ് മാറുകയാണെങ്കിൽ ഷാഫിക്ക് കൂടുതൽ സാധ്യത തെളിയുന്നുണ്ട്.
കോൺഗ്രസ് കൂടുതൽ വിജയ സാധ്യത കൽപിക്കുന്ന മണ്ഡലങ്ങളാണ് തൃശൂരും ചാലക്കുടിയും ഇടുക്കിയും കണ്ണൂരും. അതുകൊണ്ടുതന്നെ അതീവ കരുതലോടെയായിരിക്കും ഇവിടങ്ങളിലെ സ്ഥാനാർഥി നിർണയം. തൃശൂരിൽ ടി.എൻ പ്രതാപൻ, വി.എം സുധീരൻ, പി.സി ചാക്കോ എന്നിവരുടെ പേരുകളാണ് സജീവം. ചാക്കോ മത്സരത്തിന് സന്നദ്ധത അറിയിച്ചിട്ടില്ല. തൃശൂരിൽ മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ ചാലക്കുടിയിൽ വി.എം സുധീരനെ പരീക്ഷിക്കും. ഈ സീറ്റിനായി മുൻമന്ത്രി കെ. ബാബുവും ശ്രമിക്കുന്നുണ്ട്. ഉമ്മൻചാണ്ടി മത്സരിക്കാൻ തയാറായാൽ ഇടുക്കിയിൽ സ്ഥാനാർഥിയാകാനാണ് സാധ്യത. അല്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ഡീൻ കുര്യാക്കോസിന്റ പേര് തന്നെ ഉയർന്നുവരും.
കണ്ണൂരിൽ സി.പി.എമ്മിൽനിന്ന് സിറ്റിംഗ് എം.പി പി.കെ. ശ്രീമതിയോ ജില്ലാ സെക്രട്ടറി പി. ജയരാജനോ സ്ഥാനാർഥിയായാലും കെ. സുധാകരൻ തന്നെ വീണ്ടും മത്സരിക്കും. വർഷങ്ങളായി എൽ.ഡി.എഫിന്റെ കൈവശമുള്ള കാസർകോട് കഴിഞ്ഞതവണ 6921 വോട്ടുകൾക്കായിരുന്നു തോൽവി. പി. കരുണാകരൻ മൽസരിക്കുന്നില്ലെന്ന് വ്യക്തമായതോടെ മണ്ഡലം തിരിച്ചുപിടിക്കാൻ സർവസമ്മതരെ തിരയുകയാണ് കോൺഗ്രസ്. ബി.ജെ.പിക്ക് ഏറെ സാധ്യതയുള്ള മണ്ഡലമാണിതെന്ന പ്രത്യേകതയും സ്ഥാനാർഥി നിർണയത്തെ സ്വാധീനിക്കും. എം.ഐ ഷാനവാസ് അന്തരിച്ചതിനാൽðവയനാട് സീറ്റിനായി ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ എന്നിവർ നോട്ടമിട്ടിട്ടുണ്ട്. എറണാകുളത്ത് പ്രൊഫ. കെ.വി. തോമസിന് പകരം ബെന്നി ബഹനാനെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നു.
കൊല്ലത്ത് ഘടകകക്ഷിയായ ആർ.എസ്.പി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ തന്നെയാവും. പൊന്നാനിയും മലപ്പുറവും സിറ്റിംഗ് എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീറും പി.കെ.കുഞ്ഞാലിക്കുട്ടിയും തന്നെ. കോട്ടയം സീറ്റിൽ ആരായിരിക്കുമെന്ന് കേരള കോൺഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.