മാടായിപ്പള്ളിയും ഇസ്ലാമിന്റെ ആഗമനവും; സോളിഡാരിറ്റി ചരിത്ര സംഗമം ശ്രദ്ധേയമായി

മാടായിപ്പള്ളിയും ഇസ്ലാമിന്റെ ആഗമനവും ചരിത്ര സംഗമം ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

ചരിത്ര സത്യം തമസ്‌കരിച്ച് നവ ചരിത്രം രചിക്കുന്നത് തിരിച്ചറിയണം -ടി.വി.രാജേഷ്.


പഴയങ്ങാടി- യഥാര്‍ത്ഥ ചരിത്രവും ചരിത്രം തമസ്‌കരിച്ച് ഫാസിസം പുതിയ ചരിത്രം രചിക്കുകയാണെന്നും ം ഇത് സമൂഹം തിരിച്ചറിയണമെന്നും ടി.വി.രാജേഷ് എം.എല്‍.എ ആഹ്വാനം ചെയ്തു. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ സോളിഡാരിറ്റി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ മുസ്ലിം ഹെറിറ്റേജ് കോണ്‍ഗ്രസിന്റെ ഭാഗമായി പഴയങ്ങാടിയില്‍ ഒരുക്കിയ മാടായിപ്പള്ളിയും ഇസ്ലാമിന്റെ ആഗമനവും ചരിത്ര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

മതനിരപേക്ഷതയെ തകര്‍ത്ത് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള ചരിത്രമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്. കേരളവും അറബികളുമായി ചരിത്രാതീത കാലം തൊട്ടുണ്ടായ ആത്മബന്ധവും കേരളത്തിന്റെ സാംസ്‌കാരിക ബോധവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ സംസ്ഥാനത്ത് മത നിരപേക്ഷ സംസ്‌കാരവും സാഹോദര്യവും ശക്തിപ്പെടാന്‍ അടിസ്ഥാന കാരണമായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
മാടായിപ്പള്ളിയുടെ നിര്‍മാണവും കേരളത്തിലെ ഇസ്ലാമിന്റെ ആഗമനവുമെന്ന വിഷയത്തില്‍ കുടുതല്‍ ഗവേഷണം അനിവാര്യമാണെന്ന് ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. രണ്ടു മുതല്‍ അഞ്ച് വരെ നൂറ്റാണ്ടുകളില്‍ അറബികള്‍ക്ക് കേരളവുമായി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നുവെന്ന് മാടായിപ്പള്ളി പരിസരത്ത് നിന്ന് ലഭ്യമായ പാത്ര കഷ്ണങ്ങള്‍ പരിശോധിച്ച അമേരിക്കന്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥിരീകരിച്ചതായി   ചരിത്ര ഗവേഷകന്‍ അഞ്ചില്ലത്ത് അബ്ദുല്ല പറഞ്ഞു. മാടായിപ്പള്ളി നിര്‍മാണതിന്റെ കാലഗണനയെ കുറിച്ച പുതിയ ഗവേഷണത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാടായിപ്പള്ളിയുടെ കാലഗണന ചരിത്രത്തില്‍ വ്യക്തതയോടെ രേഖപ്പെടുതപ്പെട്ടതിന് ചരിത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലമുണ്ടെന്ന് മാടായിപ്പള്ളി ഇമാം മുത്തലിബ് അസ്ലമി പറഞ്ഞു.
ബി. മുഹമ്മദ് അശ്‌റഫ് അധ്യക്ഷത വഹിച്ചു.  ജമാല്‍ കടന്നപ്പള്ളി,  പി.ബി.എം.ഫര്‍മീസ് , പി.എം.ഹനീഫ് എതുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ മാടായി സ്വാഗതവും എസ്.വി.പി.ശുഹൈബ് നന്ദിയും പറഞ്ഞു. മാപ്പിള കലാമേളയും ഒരുക്കിയിരുന്നു.

Latest News