സ്വന്തം ഗായകനെയും വെറുതെ വിടാതെ ബിജെപി

ഗുവാഹത്തി-പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം പുകയുന്നതിനിടെ സ്വന്തം പാട്ടുകാരനെതിരെ കേസെടുത്ത് അസ്സമിലെ ബിജെപി സര്‍ക്കാര്‍. പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഖര്‍ഗിനെതിരെയാണ് ഭാരത് രത്‌നയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി എന്ന പേരില്‍ പൊലീസ് കേസേടുത്തത്. 
സാമൂഹ്യ മാധ്യമങ്ങളില്‍ ഭാരത് രത്‌ന പുരസ്‌കാരത്തിനെതിരെ ഗായകന്‍ മോശം പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് പ്രഥമ കുറ്റാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് വേണ്ടിയുളള പ്രചാരണത്തിന്  സുബീന്‍ ഖര്‍ഗ് മുന്നിലുണ്ടായിരുന്നു. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സായതോടെ ഗായകന്‍ ബിജെപിക്കെതിരെ രംഗത്ത് വരികയും കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പാട്ട് ഇറക്കുകയും ചെയ്തു. ഇതിനു പുറമേ, സുബീന്‍ ഖര്‍ഗ് വിഷയത്തില്‍ അസ്സം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രകോപിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുകയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അസ്സം ഗണ പരിഷത് ബിജെപിയുമായുളള സഖ്യം ഒഴിവാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി രാജേ ദ്രോഹക്കുറ്റമടക്കം ചുമത്തി നിരവധി പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുളളത്.
 

Latest News