Sorry, you need to enable JavaScript to visit this website.

സി.പി.എം ഓഫീസില്‍ റെയ്ഡ്; ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം

തിരുവനന്തപുരം- സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസ് അര്‍ധ രാത്രി റെയ്ഡ് ചെയ്ത സംഭവത്തില്‍ എസ്.പി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. പാര്‍ട്ടി ഓഫിസില്‍ റെയ്ഡ് നടത്തിയ ചൈത്രയെ ഡിസിപിയുടെ ചുമതലയില്‍നിന്നു നീക്കിയിരുന്നു. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്കുതന്നെ തിരികെ അയക്കുകയായിരുന്നു. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു. 

ജനുവരി 23ന് രാത്രിയാണ് അന്‍പതോളം പേരടങ്ങിയ ഡിവൈഎഫ്‌ഐ സംഘം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളില്‍ പ്രധാനികള്‍ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണു ചൈത്രയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാര്‍ട്ടി ഓഫിസില്‍ എത്തിയത്. സിപിഎം നേതാക്കള്‍ പൊലീസിനെ തടഞ്ഞു. പരിശോധന നടത്താതെ പോകില്ലെന്നു ഡി.സി.പി തറപ്പിച്ചു പറഞ്ഞതോടെ റെയ്ഡ് നടത്തിയെങ്കിലും ആരേയും പിടികൂടാനായില്ല. 
പാര്‍ട്ടിയെ അപമാനിക്കാനാണ് റെയ്ഡ് നടത്തിയതെന്ന് നേതാക്കളുടെ പരാതിയിലാണ് അന്വേഷണം.
 

Latest News