ജിദ്ദ - പഠന, ശാസ്ത്ര ആവശ്യങ്ങൾക്ക് മൃതദേഹങ്ങൾ വിൽക്കുന്നതിനോ സംഭാവന ചെയ്യുന്നതിനോ പാടില്ലെന്ന് ഉന്നത പണ്ഡിതസഭാംഗം ഡോ. അബ്ദുല്ല അൽതുർക്കി പറഞ്ഞു. ഇങ്ങിനെ മൃതദേഹങ്ങൾ വിൽക്കുന്നത് ദുരുപയോഗങ്ങൾക്ക് ഇടയാക്കിയേക്കും.
അനിവാര്യ കാര്യങ്ങൾക്കും പ്രത്യേക വ്യക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മൃതദേഹങ്ങൾ സംഭാവന ചെയ്യാവുന്നതാണ്. എന്നാൽ മൃതദേഹങ്ങൾ സംഭാവന ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും യഥേഷ്ടം വഴി തുറന്നിടുന്നത് സംഭവിക്കാൻ പാടില്ലാത്ത പലവിധ കുഴപ്പങ്ങൾക്കും ദുരുപയോഗങ്ങൾക്കും ഇടയാക്കിയേക്കും. ഇക്കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം സമന്മാരാണ്. സ്ത്രീയായാലും പുരുഷനായാലും മനുഷ്യന്റെ മയ്യിത്ത് എന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. മനുഷ്യന്റെ ശരീരം ജീവിച്ചിരിക്കുമ്പോഴെന്ന പോലെ തന്നെ മരിച്ചുകഴിഞ്ഞാലും പവിത്രമാണ്. ശരീരത്തെ ആദരിക്കുകയും സംരക്ഷിക്കുകയും വേണം. മൃതദേഹം ദുരുപയോഗിക്കാനോ മോശം രീതിയിൽ മയ്യിത്ത് കൈകാര്യം ചെയ്യാനോ പാടില്ലെന്ന് ഡോ. അബ്ദുല്ല അൽതുർക്കി പറഞ്ഞു.
സൗദി അറേബ്യയിലെ യൂനിവേഴ്‌സിറ്റികൾക്കു കീഴിലെ മെഡിക്കൽ കോളേജുകൾ പഠനാവശ്യത്തിന് പ്രതിവർഷം 150 മൃതദേഹങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന് നാലു കോടി റിയാൽ ചെലവ് വരുന്നു. മെഡിക്കൽ കോളേജുകളിലെ അനാട്ടമി വിഭാഗത്തിലെ മുഴുവൻ മൃതദേഹങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ഹസൻ ജമാൽ പറഞ്ഞു. ജർമനി, അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ഫോർമാലിൻ ഉപയോഗിച്ച് സൂക്ഷിച്ചാണ് മൃതദേഹങ്ങൾ ഇറക്കുമതി ചെയ്യുന്നത്. കേടാകാതിരിക്കുന്നതിന് മൃതദേഹങ്ങൾ 48 മണിക്കൂറിനകം വിമാന മാർഗം എത്തിക്കുകയാണ് പതിവെന്നും ഡോ. ഹസൻ ജമാൽ പറഞ്ഞു.






