Sorry, you need to enable JavaScript to visit this website.

നമ്പിക്കെതിരായ അമ്പ് സെന്‍കുമാറിനെ തിരിഞ്ഞുകുത്തുമോ, പത്മക്ക് ശുപാര്‍ശ ചെയ്തത് രാജീവ് ചന്ദ്രശേഖര്‍ എം.പി

തിരുവനന്തപുരം- നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെതിരെ ടി.പി. സെന്‍കുമാര്‍ ആഞ്ഞടിച്ചപ്പോള്‍ അതിന് പിന്തുണയുമായി ബി.ജെ.പി എത്താതിരുന്നപ്പോള്‍ തന്നെ അപകടം മണത്തതാണ്. അത് സെന്‍കുമാറിന്റെ അഭിപ്രായം എന്ന മട്ടില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള വിഷയം ഏറ്റെടുക്കാതെ വിടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരായിരിക്കാം നമ്പി നാരായണന്റെ പേര് ശുപാര്‍ശ ചെയ്തതെന്ന കരുതിയായിരിക്കാം സെന്‍കുമാര്‍ അതൊരു ആയുധമാക്കി സര്‍ക്കാരിനെ അടിക്കാനൊരുങ്ങിയതും. സംസ്ഥാന സര്‍ക്കാരാകട്ടെ ശുപാര്‍ശ ചെയ്‌തോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കിയതുമില്ല. എന്നാല്‍ നമ്പി നാരായണന് പത്മ പുരസ്കാരം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എംപി രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എഴുതിയ കത്ത് പുറത്തുവന്നു.

ഇതോടെ സെന്‍കുമാര്‍ വെട്ടിലായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിനായി കാത്തിരിക്കുന്ന സെന്‍കുമാറിന് പിഴവു പറ്റിയോ... പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും വിമര്‍ശനത്തിന്റെ മുനയില്‍ നിര്‍ത്തിയത് സെന്‍കുമാറിന് പറ്റിയത് അബദ്ധമോ. അതോ ഇതിലും വലുതെന്തെങ്കിലും മുന്‍ ഡി.ജി.പിയുടെ മനസ്സിലുണ്ടോ...

കള്ളക്കേസില്‍ പെട്ട് പീഡിപ്പിക്കപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത നമ്പി നാരായണന്‍ നടത്തിയ നിയമപോരാട്ടം കണക്കിലെടുത്ത് അദ്ദേഹത്തെ പത്മ പുരസ്കാരമോ തത്തുല്യമായ പുരസ്കാരമോ നല്‍കി അംഗീകരിക്കണം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആവശ്യം. 2018 സെപ്റ്റംബര്‍ 19നാണ് അദ്ദേഹം ശുപാര്‍ശക്കത്തയച്ചത്.

http://malayalamnewsdaily.com/sites/default/files/2019/01/26/letter.jpg

റോക്കറ്റ്  ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശ കത്തില്‍ പറയുന്നു.  1994 ല്‍ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരായണന്‍ 50 ദിവസം തടവില്‍ കഴിഞ്ഞു. ഒടുവില്‍ സുപ്രീംകോടതിയില്‍ നമ്പി നാരായണനു നീതി ലഭിച്ചു.

കോടതി പ്രഖ്യാപിച്ച 50 ലക്ഷം നഷ്ടപരിഹാരം കൊണ്ടു മാത്രം നമ്പി നാരായണന്‍ അനുഭവിച്ച അപമാനം മാറ്റിയെടുക്കാനാവില്ല. അദ്ദേഹം നടത്തിയ പോരാട്ടം കണക്കിലെടുത്ത് പത്മയോ തത്തുല്യമായ പുരസ്കാരമോ നല്‍കി ആദരിക്കണമെന്നും  പ്രധാനമന്ത്രിക്കയച്ച രണ്ടു പേജുള്ള കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest News