Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടി പരാജയം? ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം- ഏറെ പ്രതീക്ഷയോടെ സര്‍ക്കാര്‍ ആരംഭിച്ച പ്രവാസി ചിട്ടി ക്ലച്ച് പിടിച്ചില്ല. ബജറ്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി വരേണ്ടി വരും. ചിട്ടി പച്ച പിടിക്കാത്ത സ്ഥിതിക്ക് ഖജനാവിലേക്ക് പണം കൂട്ടാന്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി ധനമന്ത്രി എത്തുമെന്ന് സൂചനയുണ്ട്.
ഈ മാസം 31 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കുമെന്നാണ് സൂചന. അഞ്ചരലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5500 രൂപ മാസാന്ത പെന്‍ഷനായി നല്‍കുന്ന പദ്ധതിയായിരിക്കും എന്നാണ് സൂചന. 

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രവാസി വിഷയങ്ങള്‍ പരാമര്‍ശിച്ചപ്പോള്‍ പ്രവാസി ചിട്ടി എന്തായി എന്ന് പ്രതിപക്ഷ നേതാവ് വിളിച്ചു ചോദിച്ചത് ശ്രദ്ധേയമായിരുന്നു. ഇക്കാര്യത്തില്‍ ബജറ്റ് ചര്‍ച്ചക്കിടെ പ്രതിപക്ഷം വിമര്‍ശം ഉയര്‍ത്തും. 

പ്രവാസി ചിട്ടി ഖജനാവിന് വലിയ ബാധ്യതയായിരുന്നു. പ്രവാസി ചിട്ടി പിരിവിലൂടെ തുടക്കത്തില്‍ കെ.എസ്.എഫ്.ഇയ്ക്ക് പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപ മാത്രമായിരുന്നു. അതേസമയം പ്രവാസി ചിട്ടിയുടെ പരസ്യത്തിനായി 5,01,06,534 രൂപ ചെലവായതായി ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞിരുന്നു.

പ്രവാസി ചിട്ടിയുടെ പ്രചരണത്തിനായി കെ.എസ്.എഫ്.ഇയും കിഫ്ബിയും ചേര്‍ന്നാണ് പരസ്യത്തിനായി അഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചത്. എന്നാല്‍ അതിനനുസരിച്ചുള്ള വരുമാനം കൈവരിക്കാന്‍ പ്രവാസി ചിട്ടിക്ക് സാധിച്ചില്ലെന്നാണ് ധനമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്. അതേസമയം പ്രവാസി ചിട്ടിയ്‌ക്കെതിരെ മുന്‍ ധനമന്ത്രി കെ.എം മാണി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര ചിട്ട് ഫണ്ട് ആക്ടിന്റെയും ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെയും ലംഘനമാണ് പ്രവാസി ചിട്ടിയെന്നായിരുന്നു മാണിയുടെ ആരോപണം. കേന്ദ്രനിയമങ്ങള്‍ ബാധകമല്ലാത്ത സ്വതന്ത്ര സംസ്ഥാനമാണ് കേരളം എന്നാണ് ഐസക് കരുതുന്നതെന്നും മാണി പറഞ്ഞിരുന്നു.

ചിട്ടിയിലൂടെ ഇടുന്ന പണം കിഫ്ബിയിലേക്ക് വകമാറ്റുന്നത് റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് എതിരാണെന്നും മുന്‍ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍ബിഐയുടെ അംഗീകാരമുള്ള ബാങ്കുകള്‍ക്ക് മാത്രമെ ചിട്ടിയില്‍ നിക്ഷേപിക്കുന്ന പണം കൈകാര്യം ചെയ്യാനാകു. എന്നാല്‍ കിഫ്ബി അത്തരമൊരു ബാങ്ക് അല്ല. ഇതുപോലെയുള്ള നിക്ഷേപ ധനം സ്വീകരിക്കാന്‍ കിഫ്ബിക്ക് സാധിക്കില്ല. ഫെമ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതിലൂടെ കിഫ്ബിക്ക് പിഴ ഒടുക്കേണ്ടിവരും. കെഎസ്എഫ്ഇയുടെ വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാണി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നിയമസഭാ സമുച്ചയത്തില്‍ എംഎല്‍എമാര്‍, എംപിമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചിട്ടി ഉദ്ഘാടനം ചെയ്തത്. ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ പ്രവാസികളെ ചേര്‍ത്തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി ചിട്ടിയിലൂടെയുള്ള വരുമാനം കിഫ്ബി വഴി കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കി തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്കു ലഭ്യമാക്കുകയും ചെയ്യുുമെന്നതായിരുന്നു ചിട്ടിയിലെ ആകര്‍ഷകമായ കാര്യം. എന്നാല്‍ എതിര്‍ പ്രചാരണങ്ങളും സര്‍ക്കാരിലുള്ള അവിശ്വാസവും ഗള്‍ഫിലെ ഇപ്പോഴത്തെ പ്രതിസന്ധിയും ചിട്ടിയിലേക്ക് കാര്യമായ പ്രതികരണമുണ്ടാകാതിരിക്കാന്‍ കാരണമായി.
 

Latest News