പറയുന്നത്‌ അബദ്ധങ്ങള്‍, താന്‍ കൊടുത്ത കേസിലെ പ്രതിയാണ് സെന്‍കുമാര്‍- നമ്പിനാരായണന്‍


തിരുവനന്തപുരം- ചാരക്കേസില്‍ തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്‍കിയ നഷ്ടപരിഹാര കേസിലെ പ്രതിയാണ് ടി.പി സെന്‍കുമാറാണെന്നും തനിക്ക് പത്മഭൂഷന്‍ നല്‍കിയതിനെതിരെ അദ്ദേഹം നടത്തിയത് അബദ്ധ പരാമര്‍ശമെന്നും നമ്പി നാരായണന്‍. കേസ് നടത്തുമ്പോള്‍ കോടതിയില്‍ അദ്ദേഹം ചോദിക്കട്ടെ. അല്ലാതെ പത്രസമ്മേളനത്തിലല്ല അദ്ദേഹം പറയേണ്ടത്. അതിനുള്ള അവകാശം താന്‍ നിഷേധിക്കുന്നില്ലെന്നും നമ്പി പറഞ്ഞു.
സുപ്രിംകോടതിയുടെ പ്രത്യേക സമിതി അന്വേഷിക്കുന്നത് ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തെറ്റായ അന്വേഷണങ്ങളേ പറ്റിയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ആ സമിതി അന്വേഷിക്കുന്നത്. കേസില്‍ തന്റെ പങ്കിനെക്കുറിച്ചല്ല. സുപ്രിം കോടതി സമിതിയോടും അദ്ദേഹത്തിന് അഭിപ്രായങ്ങള്‍ പറയാനുള്ള അവസരമുണ്ട്. സെന്‍കുമാറിന് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. അവരാണ് അദ്ദേഹത്തെ കൊണ്ട് ഇതൊക്കെ പറയുന്നത്.
അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് സെന്‍കുമാര്‍ പറഞ്ഞത്. തന്റെ നഷ്ടപരിഹാര കേസില്‍ സെന്‍കുമാറിനെ വിചാരണ ചെയ്തിരുന്നു. കേസ് താന്‍ അന്വേഷിച്ചിട്ടില്ലെന്നും താന്‍ വരുന്നതിന് മുമ്പെ കേസ് കഴിഞ്ഞിരുന്നുവെന്നുമാണ് സെന്‍കുമാര്‍ അന്ന് പറഞ്ഞത്. എന്നാല്‍ എല്ലാം താനാണ് അന്വേഷിച്ചതെന്ന തരത്തിലാണ് സെന്‍കുമാര്‍ ഇപ്പോള്‍ സംസാരിച്ചത്.
സെന്‍കുമാറിന് എന്തോ വെപ്രാളമുള്ളതുപോലെ തോന്നുന്നു. തന്നെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. രാഷ്ട്രപതിയാണ് അത് അംഗീകരിച്ചത്. 
ദുരുപദിഷ്ടമായ പ്രോസിക്യൂഷന്‍ എന്നാണ് ചാരക്കേസിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. അതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ യില്‍ തന്റെ സംഭാവനകളെക്കുറിച്ച് തന്റെ മേലധികാരികളായ ധവാന്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിക്ക് എഴുതിയിട്ടുണ്ട്. താന്‍ നിര്‍മിച്ച വികാസ് എന്‍ജിന്‍ ഐ.എസ്.ആര്‍.ഒ
ക്ക് നല്‍കിയ സംഭാവനകളെക്കുറിച്ച് അവര്‍ക്കറിയാം. അമീറുല്‍ ഇസ്്‌ലാം, ഗോവിന്ദച്ചാമി എന്നിവരുമായി തന്നെ താരതമ്യപ്പെടുത്തിയത് സെന്‍കുമാറിന്റെ സംസ്‌കാരം വ്യക്തമാക്കുന്നതായും നമ്പി നാരായണന്‍ പറഞ്ഞു.
 

Latest News