റിയാദ് - സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ജീവിത സാഹചര്യങ്ങൾ വഷളാവുകയും ചെയ്തതിനെ തുടർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന സുഡാനിലേക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മന്ത്രിതല സംഘത്തെ അയച്ചു. സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും സുഡാന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് മന്ത്രിതല സംഘത്തെ അയച്ചിരിക്കുന്നത്. വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി, ആഫ്രിക്കൻ രാജ്യങ്ങളുടെ കാര്യങ്ങൾക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താൻ എന്നിവർ അടങ്ങിയ സംഘത്തെ സുഡാൻ പ്രസിഡന്റ് ഉമർ അൽബശീർ സ്വീകരിച്ചു. ഏതു വിധത്തിലുള്ള സഹായങ്ങളാണ് ആവശ്യമുള്ളതെന്ന് നിർണയിക്കുന്നതിന് സുഡാൻ പ്രസിഡന്റുമായി സംഘം ചർച്ചകൾ നടത്തി.
സുഡാനുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര വാണിജ്യം വർധിപ്പിക്കുന്നതിനും സുവ്യക്തമായ പ്രവർത്തന പദ്ധതി നിർണയിക്കുന്നതിനും ലക്ഷ്യമിട്ട് സൽമാൻ രാജാവിന്റെ നിർദേശാനുസരണമാണ് മന്ത്രിതല സംഘം സുഡാൻ സന്ദർശിക്കുന്നതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു. സുഡാനുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സൗദി വ്യവസായികൾ വൈകാതെ സുഡാൻ സന്ദർശിക്കും. സുഡാന്റെ സുരക്ഷാ ഭദ്രതയും സമാധാനവും സൗദി അറേബ്യയുടെ സുരക്ഷാ ഭദ്രതയുടെയും സമാധാനത്തിന്റെയും അവിഭാജ്യ ഭാഗമാണെന്ന് സൽമാൻ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ അഭിമുഖീകരിച്ച പ്രശ്‌നങ്ങളിൽ സുഡാൻ സ്വീകരിച്ച നിലപാടുകളും സൗദിയിൽ വിദ്യാഭ്യാസ പ്രക്രിയയിൽ സുഡാനികൾ വഹിച്ച പങ്കും കണക്കിലെടുത്ത് സുഡാനും സുഡാൻ ജനതക്കും ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് സൗദി അറേബ്യ മടിച്ചുനിൽക്കില്ല. വികസന പദ്ധതികൾ നടപ്പാക്കുന്നതിന് സൗദി അറേബ്യ സുഡാന് 2300 കോടിയിലേറെ റിയാലിന്റെ വായ്പകൾ നൽകിയിട്ടുണ്ട്. ഇതിൽ 800 കോടി റിയാൽ കഴിഞ്ഞ നാലു വർഷത്തിനിടെയാണ് അനുവദിച്ചത്. സുഡാനിൽ മറ്റു വികസന പദ്ധതികൾക്ക് വായ്പകൾ നൽകുന്നതിനെയും സുഡാനിൽ വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നതിനെയും കുറിച്ച് പഠിച്ചുവരികയാണെന്നും ഡോ. മാജിദ് അൽഖസബി പറഞ്ഞു. സൗദി മന്ത്രിതല സംഘം സുഡാൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുഡാനിലെ സൗദി അംബാസഡർ അലി ബിൻ ഹസൻ ജഅ്ഫറും സന്നിഹിതനായിരുന്നു.