Sorry, you need to enable JavaScript to visit this website.

പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന

ന്യൂദൽഹി- മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുൾപ്പെടെ മൂന്ന് പേർക്ക് ഭാരത രത്‌ന. സാമൂഹ്യ പരിഷ്‌കർത്താവ് നാനാജി ദേശ്മുഖ്, ഗായകൻ ഭൂപൻ ഹസാരിക എന്നിവർക്കും മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നൽകും. നടൻ മോഹൻലാലിനും മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ലഭിച്ചു. ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവർക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
അന്തരിച്ച ഹിന്ദി നടൻ കാദർ ഖാൻ (മരണാനന്തരം) ഉൾപ്പെടെ 94 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. നടൻ മനോജ് ബാജ്‌പേയ്, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, തമിഴ് നടൻ പ്രഭു ദേവ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ, ശിവമണി, ഗുസ്തി താരം ബജ്‌രംഗ് പുനിയ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി. 
മുൻ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ (മരണാനന്തരം), ഇന്ത്യൻ പർവതാരോഹക ബചേന്ദ്രിപാൽ, ലോക്‌സഭാ എം.പി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ സ്വന്തമാക്കിയത്. 
നാടൻ കലാകാരൻ ടീജൻ ഭായ്, ജിബൂത്തി പ്രസിഡന്റ് ഇസ്മയിൽ ഉമർ ഗുല്ല, ലാർസൻ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണിഭായ് നായിക്, എഴുത്തുകാരൻ ബൽവന്ത് മൊറേശ്വർ പുരന്ദരെ എന്നിവർക്കാണു പത്മവിഭൂഷൺ പുരസ്‌കാരം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 
പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. പത്മപുരസ്‌കാരങ്ങൾ രണ്ടു തവണയും തേടിയെത്തിയത് പ്രിയദർശന്റെ സെറ്റിൽ െവച്ചാണ്. സർക്കാരിനും സ്‌നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു.
ഭാരത രത്‌ന നേടിയ പ്രണബ് മുഖർജിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. 
രാജ്യത്തെ പതിറ്റാണ്ടുകൾ അക്ഷീണം സേവിച്ച വ്യക്തിയാണ് അദ്ദേഹം. രാജ്യത്തിന്റെ വളർച്ചയിലും മുദ്ര പതിപ്പിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നാഗ്പൂരിൽ ആർ.എസ്.എസ് പരിപാടിയിൽ പ്രണബ് മുഖർജി പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. 
 

Latest News