റിയാദ് - ദശലക്ഷക്കണക്കിന് യെമനികളുടെ അന്നം മുടക്കുന്നതിന് ലക്ഷ്യമിട്ട് അൽഹുദൈദയിലെ മൈദ മില്ലിനും ഗോതമ്പ് സംഭരണ കേന്ദ്രത്തിനും നേരെ ഹൂത്തികളുടെ ആക്രമണം. ഷെല്ലാക്രമണത്തിൽ മില്ലിൽ പടർന്നുപിടിച്ച തീ സഖ്യസേനയുടെ പിന്തുണയോടെ യെമൻ സൈന്യം അണച്ചു.
മൈദ മില്ലും ഗോതമ്പ് സംഭരണ കേന്ദ്രവും ലക്ഷ്യമിട്ട് ഹൂത്തികൾ പലതവണ ഷെല്ലാക്രമണം നടത്തുകയായിരുന്നെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽഇർയാനി പറഞ്ഞു. ആക്രമണത്തെ തുടർന്ന് മില്ലിൽ വലിയ തോതിൽ അഗ്നിബാധയുണ്ടായി. മുപ്പതു ലക്ഷം പേർക്ക് മൂന്നു മാസത്തേക്ക് മതിയായ ഗോതമ്പ് സൂക്ഷിച്ച സംഭരണ കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായത്.
ഹൂത്തികളുടെ ആക്രമണത്തെ തങ്ങൾ അപലപിക്കുന്നു. യെമനിലേക്കുള്ള യു.എൻ ദൂതനും യു.എൻ നിരീക്ഷണ സംഘം മേധാവിയും സൻആ വിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് മൈദ മില്ലിനും ഗോതമ്പ് സംഭരണ കേന്ദ്രത്തിനും നേരെ ഹൂത്തികൾ ഷെല്ലാക്രമണം നടത്തിയത്. സ്റ്റോക്ക്‌ഹോം സമാധാന കരാർ ഹൂത്തികൾ അട്ടിമറിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര തീരുമാനങ്ങളെ വെല്ലുവിളിക്കുന്നതുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും യെമനിലെ സ്ഥിതിഗതികൾ കൂടുതൽ സംഘർഷ ഭരിതമാക്കുമെന്നും പുതിയ ആക്രമണത്തിലൂടെ ഹൂത്തികൾ വ്യക്തമാക്കുന്നു.
മൈദ മില്ലും ഗോതമ്പ് സംഭരണ കേന്ദ്രവും യു.എൻ ഏജൻസി സന്ദർശിക്കാനിരുന്നതാണ്. ഈ സന്ദർശനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേയാണ് മൈദ മില്ലിനും ഗോതമ്പ് സംഭരണ കേന്ദ്രത്തിനും നേരെ ഹൂത്തികൾ ആക്രമണം നടത്തിയത്.
യു.എൻ ഏജൻസി സന്ദർശനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതിനും സൻആയിലും തീരപ്രദേശങ്ങളിലും റിലീഫ് വസ്തുക്കളുടെ വിതരണം തടയുന്നതിനുമാണ് ഹൂത്തികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. സംയുക്ത കമ്മിറ്റിയിൽ അംഗങ്ങളായ ഹൂത്തി പ്രതിനിധികൾ റിലീഫ് വസ്തുക്കളുടെ സുഗമമായ വിതരണത്തിന് സുരക്ഷിത പാതകൾ തുറക്കുന്നതിനും മൈനുകൾ നീക്കം ചെയ്യുന്നതിനും വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിലീഫ് വിതരണം തടയുകയെന്ന ലക്ഷ്യത്തോടെ മൈദ മില്ലിനും ഗോതമ്പ് സംഭരണ കേന്ദ്രത്തിനും നേരെ ഹൂത്തികൾ ഷെല്ലാക്രമണം നടത്തിയതെന്നും മുഅമ്മർ അൽഇർയാനി പറഞ്ഞു. അതേസമയം, റിലീഫ് വസ്തുക്കളും നിത്യോപയോഗ വസ്തുക്കളും വഹിച്ച നാലു കപ്പലുകൾ അൽഹുദൈദ തുറമുഖത്ത് പ്രവേശിക്കുന്നതിന് 34 ദിവസമായി ഹൂത്തികൾ പ്രതിബന്ധം സൃഷ്ടിക്കുന്നതായി സഖ്യസേനാ വക്താവ് തുർക്കി അൽമാലികി പറഞ്ഞു. കപ്പലുകളിലെ ചരക്കുകൾ അൽഹുദൈദയിൽ ഇറക്കുന്നതിന് കഴിയാത്തത് യെമൻ ജനതയുടെ ആരോഗ്യ, ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കും.
യെമനിലെ തുറമുഖങ്ങളിലേക്ക് പോകുന്നതിന് 12 കപ്പലുകൾക്ക് സഖ്യസേന കഴിഞ്ഞ ദിവസങ്ങളിൽ ലൈസൻസ് നൽകിയിട്ടുണ്ട്. യെമനിലേക്ക് വിമാന സർവീസുകൾ നടത്തുന്നതിന് 34 ലൈസൻസുകളും അനുവദിച്ചു. റിലീഫ് വസ്തുക്കൾ വഹിച്ച 120 വാഹന വ്യൂഹങ്ങൾക്ക് സഖ്യസേന സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും തുർക്കി അൽമാലികി പറഞ്ഞു.