മോഡി ഭരണം തുടരണമോ വേണ്ടയോ എന്ന ആത്യന്തികചോദ്യം നിലനിൽക്കുമ്പോഴും ശബരിമല സംഭവ വികാസങ്ങൾ തന്നെയായിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ അന്തിമമായി തീരുമാനിക്കുക എന്നു കരുതാം. സാമുദായിക രാഷ്ട്രീയമായിരിക്കും നിർണായകം. അക്കാര്യത്തിലാകട്ടെ വോട്ടർമാരുടെ മനസ്സ് കൃത്യമായി വായിക്കാനാവാതെ തങ്ങളുടെ കണക്കുകൂട്ടലുകളിലാണ് മൂന്നു മുന്നണികളും.
പതുക്കെപ്പതുക്കെയാണെങ്കിലും കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗവും സജീവമാവുകയാണ്. പ്രധാനപ്പെട്ട മൂന്നു മുന്നണികളിലും സ്ഥാനാർത്ഥി നിർണയ ചർച്ച പൊടിപൊടിക്കുകയാണ്. സാധാരണ യു.ഡി.എഫിലാണ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ രൂക്ഷമാകുക. അത് ഇക്കുറിയും ആവർത്തിക്കാതിരിക്കില്ല. അപ്പോഴും പ്രചാരണം സജീവമാകുമ്പോൾ അതെല്ലാം മറന്ന് എല്ലാവരും സടകുടഞ്ഞ് രംഗത്തിറങ്ങുകയാണ് പതിവ്. എൽ.ഡി.എഫിൽ എന്തായാലും അത്തരം പ്രശ്‌നങ്ങൾ കുറയും. ഒരു സീറ്റെങ്കിലും ജയിക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും എൻ.ഡി.എയിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സജീവമാണെന്നാണ് റിപ്പോർട്ട്. അക്കാര്യത്തിൽ ബി.ജെ.പിയും എൻ.ഡി.എയും തമ്മിൽ തർക്കമുണ്ട്. ബി.ജെ.പിക്കകത്തും തർക്കമുണ്ട്.
ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായ രാഷ്ട്രീയമാണ് പൊതുവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലുമൊക്കെ നിലനിൽക്കുന്നത്. മിക്കവാറും സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ശക്തി ബി.ജെ.പിയായതിനാൽ അവരെ പരാജയപ്പെടുത്താൻ മറ്റുള്ളവർ ഐക്യപ്പെടുന്ന രീതി കേരളത്തിൽ നടക്കില്ല. ഇവിടെ അങ്ങനെ ഐക്യപ്പെട്ടാൽ ബി.ജെ.പിക്കായിരിക്കും ഗുണം. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് കേരളത്തിലെ പ്രധാന പോരാട്ടം. അതങ്ങനെ തുടരുകയും വേണം. എല്ലാ തെരഞ്ഞെടുപ്പിലും ആഗ്രഹിക്കാറുള്ള പോലെ ഇക്കുറിയും അക്കൗണ്ട് തുറക്കാൻ തന്നെയാണ് ബി.ജെ.പിയുടെ ആഗ്രഹം. അതത്ര എളുപ്പമല്ല എന്നറിയാമെങ്കിലും ശബരിമല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രകടനം നടത്താൻ തന്നെയാണ് പാർട്ടി നീക്കം.
മോഡി അധികാരത്തിൽ തുടരണോ വേണ്ടയോ എന്നു തന്നെയാണ് രാജ്യത്തെ മറ്റു പ്രദേശങ്ങളെ പോലെ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലും ഉയരുന്ന പ്രധാന ചോദ്യം. അക്കാര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരേ അഭിപ്രായക്കാരാണെങ്കിലും തങ്ങൾക്ക് വോട്ട് ചെയ്താലാണ് ആ ലക്ഷ്യം ഫലപ്രദമായി സാധ്യമാകുക എന്നായിരിക്കും ഇരുകൂട്ടരും അവകാശപ്പെടുക. കേരളത്തിലെങ്കിലും കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്നും ശബരിമല സംഭവ വികാസങ്ങളിൽ അതു പകൽ പോലെ പ്രകടമായെന്നും അതിനാൽ തന്നെ ബി.ജെ.പി ഭരണത്തെ ഇറക്കാൻ തങ്ങൾക്ക് വോട്ട് ചെയ്യാനായിരിക്കും എൽ.ഡി.എഫ് വാദം. എന്നാൽ ബി.ജെ.പിക്കെതിരായ വിശാല മുന്നണിയിൽ ഐക്യപ്പെടാൻ ഇനിയും തയാറാകാത്ത സി.പി.എമ്മിനും മറ്റ് ഇടതുപാർട്ടികൾക്കും ലഭിക്കുന്ന സീറ്റുകൾ ബി.ജെ.പിയെ സഹായിക്കുക മാത്രമേയുള്ളൂ എന്നും രാഹുലിന്റെ കരങ്ങൾക്ക് ശക്തിയേകുകയാണ് ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലക്ഷ്യമെന്നും അതിനായി യു.ഡി.എഫിനു പരമാവധി സീറ്റുകൾ ലഭിക്കണമെന്നുമായിരിക്കും കോൺഗ്രസിന്റെ മറുപടി.
സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കും ഈ തെരഞ്ഞടുപ്പ് ജീവന്മരണ പോരാട്ടം തന്നെയാണ്. രാജ്യത്ത് മറ്റെവിടെനിന്നും കാര്യമായ നേട്ടമൊന്നും ലഭിക്കാനിടയില്ലാത്ത സി.പി.എമ്മിന് കേരളത്തിൽ നിന്ന് രണ്ടക്ക സംഖ്യ സംഘടിപ്പിക്കാനായില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ അവശേഷിക്കുന്ന പ്രസക്തി കൂടി നഷ്ടപ്പെടും. സമീപ കാലത്തു നടന്ന കർഷക പ്രക്ഷോഭങ്ങളിലൂടെ പാർട്ടി അഖിലേന്ത്യാതലത്തിൽ വാർത്തയിലിടം പിടിച്ചെങ്കിലും സീറ്റ് ലഭിക്കാൻ കേരളം തന്നെ വേണമെന്ന അവസ്ഥ മാറിയിട്ടില്ല. ബംഗാളിൽ നിന്ന് കാര്യമായ സാധ്യതയാന്നും കാണാനില്ല. അവിടെ രൂപം കൊണ്ട ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ നേതൃത്വം മമതക്കായതിനാൽ സി.പി.എമ്മിന് ഐക്യപ്പെടാനുമാവില്ല. അതിനാൽ തന്നെ അവർ നടത്തുക നിലനിൽപിനായുള്ള പോരാട്ടം തന്നെയാണ്. ഇതേ അവസ്ഥ തന്നെയാണ് കോൺഗ്രസിനും. പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റുള്ള പാർട്ടിയാവുക എന്നത് അവർക്കും ജീവന്മരണ പ്രശ്‌നമാണ്. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സർക്കാരിനു സാധ്യത വന്നാൽ അതിന്റെ നേതൃസ്ഥാനത്തിന് അവകാശവാദമുന്നയിക്കാനാവില്ല.
യു.പിയിൽ എസ്.പി - ബി.എസ്.പി സഖ്യത്തിൽ ഉൾപ്പെടുത്താതിരുന്നത് കോൺഗ്രസിനു വലിയ ക്ഷീണം തന്നെയാണ്. പത്തിൽ കൂടുതൽ സീറ്റുകൾ കേരളത്തിൽ നിന്നു ലഭിക്കാത്ത സാഹചര്യം അവർക്കും ചിന്തിക്കാനാവാത്തതാണ്. ബി.ജെ.പിക്കാകട്ടെ ഇതവസാന അവസരമാണ്. ശബരിമല വിഷയത്തോടെ കേരള രാഷ്ട്രീയം നീങ്ങുന്നത് ബി.ജെ.പിയെ ചുറ്റിപ്പറ്റിയാണെങ്കിലും അത് വോട്ടായി മാറുമോ എന്ന ആശങ്കയിലാണവർ. ശബരിമല സംഭവ വികാസങ്ങളുടെ ആദ്യഘട്ടത്തിൽ ലഭിച്ച മുൻകൈ പിന്നീട് നഷ്ടപ്പെട്ടതായി അവർ മനസ്സിലാക്കുന്നു. സെക്രട്ടറിയേറ്റ് സമരം അപഹാസ്യമായതും ഹർത്താലുകൾ അക്രമാസക്തമായതും നിരവധി പ്രവർത്തകർ കേസുകളിൽ കുടുങ്ങിയതും മാധ്യമങ്ങൾ ബഹിഷ്‌കരിച്ചതുമൊക്കെ വലിയ ക്ഷീണമാണ് പാർട്ടിക്കുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. ഇതൊക്കെയായിട്ടും യുവതികൾ മല കയറിയത് കനത്ത തിരിച്ചടിയാകുകയും ചെയ്തു.
സി.പി.എം എന്ന പാർട്ടിയേക്കാൾ പിണറായി വിജയൻ എന്ന വ്യക്തിയെയാണ് അവരിപ്പോൾ ഏറ്റവും ഭയക്കുന്നത്. കെ.പി.എം.എസിന്റേയും എസ്. എൻ. ഡി. പിയുടേയും മറ്റും പങ്കാളിത്തത്തോടെ വനിതാ മതിലിന്റെ സംഘാടനവും ബി.ജെ.പി പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അവസാനം അമൃതാനന്ദമയിയെ രംഗത്തു കൊണ്ടുവരാൻ പറ്റിയതും വെള്ളാപ്പള്ളിയുടെ നിലപാടില്ലായ്മകളും എൻ.എസ്.എസിന്റെ ശക്തമായ പിന്തുണയുമൊക്കെ വീണ്ടുമവർക്ക് പ്രതീക്ഷ നൽകുന്നു. സംഘടനക്കുള്ളിലെ ഗ്രൂപ്പിസവും ബി.ഡി.ജെ.എസുമായുള്ള തർക്കങ്ങളും പരിഹരിച്ച് കരുത്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് അവരുടെ ലക്ഷ്യം. തങ്ങൾക്ക് സ്വാധീനം കുറഞ്ഞ കേരളം, തമിഴ്നാട്, ഒഡിഷ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നും ഏതാനും സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം രൂപം നൽകുന്നത്. 2014 ൽ രാജഗോപാൽ മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരത്തിനു പുറമെ കാസർകോട്, പാലക്കാട്, തൃശൂർ പോലുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിക്കാനാണ് ബി.ജെ.പി ലക്ഷ്യം.
ശബരിമല സംഭവ വികാസങ്ങളിൽ ബി.ജെ.പിക്ക് എന്തു നേട്ടമുണ്ടെങ്കിലും അതിന്റെ നഷ്ടം കോൺഗ്രസിനായിരിക്കുമെന്നും അതിന്റെ ആത്യന്തിക ഗുണം തങ്ങൾക്കായിരിക്കുമെന്നും സി.പി.എം കരുതുന്നു. സംഘപരിവാർ ഭീഷണികളുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വോട്ടുകൾ വർധിക്കുമെന്നും അവർ കണക്കു കൂട്ടുന്നു. എന്നാൽ ശബരിമല വിഷയത്തിൽ ആദ്യഘട്ടത്തിലെ തിരിച്ചടികൾ തങ്ങൾ മറികടന്നു എന്നും ബ.ിജെ.പിയുടെ ആക്രമണ സമരത്തെയല്ല, തങ്ങളുടെ സമാധാന സമരങ്ങളെയാണ് ഭക്തർ പിന്തുണക്കുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പായതിനാൽ ന്യൂനപക്ഷങ്ങൾ കൈവിടില്ല എന്നുമാണ് കോൺഗ്രസിന്റെ വിശ്വാസം. പല സീറ്റുകളിലും ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനും അവർ ഉദ്ദേശിക്കുന്നു.
എന്തായാലും മോഡി ഭരണം തുടരണമോ വേണ്ടയോ എന്ന ആത്യന്തിക ചോദ്യം നിലനിൽക്കുമ്പോഴും ശബരിമല സംഭവ വികാസങ്ങൾ തന്നെയായിരിക്കും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ അന്തിമമായി തീരുമാനിക്കുക എന്നു കരുതാം. സാമുദായിക രാഷ്ട്രീയമായിരിക്കും നിർണായകം. അക്കാര്യത്തിലാകട്ടെ വോട്ടർമാരുടെ മനസ്സ് കൃത്യമായി വായിക്കാനാവാതെ തങ്ങളുടെ കണക്കുകൂട്ടലുകളിലാണ് മൂന്നു മുന്നണികളും. സ്ഥാനാർത്ഥിപ്പട്ടിക കൂടി തയാറാകുന്നതോടെ ഇക്കാര്യത്തിൽ കുറെ കൂടി വ്യക്തതയുണ്ടാകും. അതിന്റെ ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നത്.






