റിയാദ് - ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൗദി പൗരനെയും ബംഗ്ലാദേശുകാരനെയും ദമാം ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ദമാമില്‍ ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വ്യാപാര മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ ബംഗ്ലാദേശുകാരന്‍ മുഹമ്മദ് ജമാല്‍, ഇതിന് വേണ്ട സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ മൂസ ബിന്‍ അഹ്മദ് അല്‍ഹുസൈന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി പിഴ ചുമത്തി. ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസന്‍സ് റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും ഭാവിയില്‍ ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ബംഗ്ലാദേശുകാരനെ നാടുകടത്തുന്നതിനും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും ബംഗ്ലാദേശുകാരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
ദമാമില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ വ്യാപാര സ്ഥാപനത്തില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനം ബംഗ്ലാദേശുകാരന്‍ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. സൗദി പൗരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു സ്ഥാപനങ്ങള്‍ ബംഗ്ലാദേശുകാരന്‍ ഇതേപോലെ നടത്തുന്നതായി കണ്ടെത്തി.