മോഡി ബൈക്ക് നികുതി കുറച്ചത് രണ്ട് മിനിറ്റ് കൊണ്ടെന്ന് ട്രംപ്; അടത്ത ലക്ഷ്യം വിസ്‌കി

വാഷിംഗ്ടണ്‍- ഇന്ത്യയില്‍ മോട്ടോര്‍ബൈക്കിനുണ്ടായിരുന്ന 100 ശതമാനം  ഇറക്കുമതി തീരുവ വെറും രണ്ട് മിനിറ്റ് സംസാരിച്ചാണ് 50 ശതമാനത്തിലെത്തിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോട്ടോര്‍ സൈക്കിളിന്റെ കാര്യത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം കൈക്കൊണ്ട തീരുമാനം നീതിയുക്തമാണൈങ്കിലും അമേരിക്കന്‍ വിസ്‌കിയുടെ കാര്യത്തില്‍ ഉയര്‍ന്ന തീരുവയാണ് നിലനില്‍ക്കുന്നതെന്നും ഇത് കുറപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന മദ്യങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതിയാണ് ചുമത്തുന്നത്. വിസ്‌കിയുടെ മേല്‍ ഇന്ത്യക്ക് 150 ശതമാനം നികുതി കിട്ടുമ്പോള്‍ നമുക്ക് ഒന്നും കിട്ടുന്നില്ല- ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില്‍ പരസ്പര വ്യാപര നയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍നിന്ന് കയറ്റി അയക്കുന്ന ഉല്‍പന്നങ്ങളുടെ നികുതി കുറക്കുന്നതിന് വിദേശ രാജ്യങ്ങളെ ചര്‍ച്ചയിലേക്കു കൊണ്ടുവരുന്നതിന് ഏറ്റവും അനുയോജ്യമായ ഉപകരമാണമാണ് പരസ്പര നികുതി നിയമമെന്ന് ട്രംപ് പറഞ്ഞു.
ഹാര്‍ലി ഡേവിഡ്‌സണ്‍ പോലുള്ള ഇറക്കുമതി ചെയ്യുന്ന ബൈക്കുകളുടെ ഇറക്കുമതി ചുങ്കം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ 50 ശതമാനമാക്കി കുറച്ചത്. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ബൈക്കുകളുടെ നികുതി കൂട്ടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

 

Latest News