ബംഗളുരു-വിദ്യാര്‍ഥികള്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം കലാംസാറ്റ് ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച രാത്രി 11.37-ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു വിക്ഷേപണം.
സൈനികാവശ്യത്തിനായി നിര്‍മിച്ച ഇമേജിംഗ് ഉപഗ്രഹം മൈക്രോസാറ്റ് ആറിനൊപ്പമാണ് പിഎസ്എല്‍വി സി-44 റോക്കറ്റില്‍ കലാംസാറ്റ് പറന്നുയര്‍ന്നത്.
ചെന്നൈയിലെ 'സ്‌പേസ് കിഡ്‌സ്' എന്ന കൂട്ടായ്മയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹമാണ് കലാംസാറ്റ്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് ഉപഗ്രഹത്തിന് കലാംസാറ്റ് എന്നു പേര് നല്‍കിയത്. 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുഞ്ഞന്‍ ഉപഗ്രഹത്തിന് 1.26 കിലോ മാത്രമാണ് ഭാരം. ഈ ഉപഗ്രഹം സൗജന്യമായാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹമാണ് മൈക്രാസോറ്റ്-ആര്‍.
റോക്കറ്റ് അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷിച്ചു എന്നതാണ് ഇത്തവണ വിക്ഷേപണത്തിന്റെ മറ്റൊരു സവിശേഷത. സാധാരണ വിക്ഷേപണ റോക്കറ്റിന്റെ ഓരോ ഘട്ടവും വേര്‍പെട്ടു ഭൂമിയില്‍ പതിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം നാലാം ഘട്ടം തിരികെ പതിച്ചില്ല.