Sorry, you need to enable JavaScript to visit this website.

ശബരിമല സമരം: ബി.ജെ.പിയിൽ തമ്മിലടി തുടരുന്നു

തൃശൂർ- തൃശൂരിൽ നടന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ ശബരിമലയിൽ ബി.ജെ.പി നടത്തിയ സമരത്തെ ചൊല്ലി പരസ്പരം കൊമ്പുകോർക്കൽ. സമരം വിജയമായെന്ന് ശ്രീധരൻപിള്ള വാദിച്ചപ്പോൾ സമരം പാർട്ടിക്ക് അപമാനവും നാണക്കേടുമായെന്ന എതിർവാദവുമായി മുരളീധര പക്ഷവും തിരിച്ചടിച്ചു. 
സമരം പാർട്ടിക്ക് നേട്ടമായെന്നും മികച്ച ഇമേജ് ഉണ്ടായെന്നും തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ഒന്ന് ഉഷാറാക്കാൻ സമരത്തിന് സാധിച്ചെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള അവകാശപ്പെട്ടു.
എന്നാൽ സമരം ഫലം കാണാതെ അവസാനിപ്പിക്കേണ്ടി വന്നതും സ്ത്രീ പ്രവേശനത്തെ തടയാൻ പാർട്ടിക്ക് കഴിയാതെ പോയതും പാർട്ടിയെ പൊതുജന മധ്യത്തിൽ അപഹാസ്യമാക്കയെന്നും പാർട്ടിക്ക് അപമാനമായെന്നുമായിരുന്നു വി.മുരളീധരപക്ഷം വാദിച്ചത്. എന്നാൽ ശ്രീധരൻപിള്ളയെ പിന്തുണച്ച് കൃഷ്ണദാസും രംഗത്തെത്തി. കഴിഞ്ഞ കാര്യമാണെങ്കിലും നേതൃത്വത്തിന്റെ പിടിപ്പുകേടാണ് സമരം പാളാൻ കാരണമെന്ന സൂചനയും മുരളീധരപക്ഷം നൽകി. 
തൃശൂരിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന കോർ കമ്മിറ്റിയിലാണ് ശബരിമല സമരത്തിന്റെ പേരിൽ നേതാക്കൾ ചേരി തിരിഞ്ഞ് വാദിച്ചത്. ശബരിമല സമരത്തിന് ശേഷം ഇതാദ്യമായാണ് കോർ കമ്മിറ്റി യോഗം ചേർന്നത്. 
എന്തിനു വേണ്ടിയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയതെന്ന് മുരളീധരപക്ഷം ചോദിച്ചു. ആർക്കു വേണ്ടിയായിരുന്നു സമരമെന്നും ചോദ്യമുയർന്നു. ആർക്കാണ് സമരം കൊണ്ട് ഗുണമുണ്ടായതെന്നും എന്തു ഗുണമാണുണ്ടായതെന്നും വിശദീകരിക്കണമെന്നും ചിലർ ആവശ്യപ്പെട്ടതോടെ യോഗം കലുഷിതമായി. ആർക്കെങ്കിലും വേണ്ടിയല്ല പാർട്ടിക്കും വിശ്വാസികൾക്കും വേണ്ടിയാണ് സമരം നടത്തിയതെന്നും ആർക്കെങ്കിലും വ്യക്തിപരമായി നേട്ടമുണ്ടാക്കാനല്ല സമരമെന്നും സമരത്തിന്റെ ഗുണം തെരഞ്ഞെടുപ്പിൽ കാണുമെന്നും ഔദ്യോഗിക പക്ഷം തിരിച്ചടിച്ചു. സമരം വൻ വിജയമായിരുന്നുവെന്ന് ശ്രീധരൻപിള്ള ആവർത്തിച്ചു. 
തെരഞ്ഞെടുപ്പ് ചർച്ചയിൽ ബി.ഡി. ജെ.എസിന് എത്ര സീറ്റുകൾ നൽകണമെന്ന കാര്യം കടുത്ത വാക്കു തർക്കങ്ങൾക്കിടയാക്കി.
എട്ടു സീറ്റുകൾ വേണമെന്ന ബി.ഡി. ജെ.എസ് ആവശ്യം അംഗീകരിക്കാനേ പറ്റില്ലെന്ന് കോർ കമ്മിറ്റി യോഗത്തിന്റെ തുടക്കത്തിൽ തന്നെ നിലപാടുയർന്നു. എട്ടു സീറ്റു ചോദിച്ചത് തന്നെ ബി.ഡി.ജെ.എസിന്റെ അധിക പ്രസംഗമാണെന്നും അവർക്കിത്ര സീറ്റിൽ മത്സരിക്കാൻ ആളുണ്ടോ എന്ന പരിഹാസവും യോഗത്തിലുണ്ടായി. 
അവർക്ക് ആറു സീറ്റു കൊടുക്കാമെന്ന സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ നിലപാടും എതിർക്കപ്പെട്ടു. പരമാവധി നാലു സീറ്റേ ബി.ഡി.ജെ.എസിന് നൽകാനാകൂവെന്നും അതും ബി.ജെ.പിക്ക് ഗുണം കിട്ടില്ലെന്നുറപ്പുള്ള സീറ്റുകളേ അവർക്ക് നൽകാവൂവെന്നും യോഗത്തിൽ ആവശ്യമുയർന്നു. ബി.ഡി. ജെ.എസിന്റെ കാര്യത്തിൽ പാർട്ടി നേതാക്കൾ ഏറെക്കുറെ ഒറ്റക്കെട്ടായിരുന്നു. ആലത്തൂർ, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് സീറ്റുകളാണ് നൽകാൻ ധാരണയായിരിക്കുന്നത്. പത്തനംതിട്ട സീറ്റ് നൽകാനാവില്ലെന്നാണ് പൊതുവെയുള്ള നിലപാട്. സീറ്റ് വിഭജനകാര്യം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ആലോചിക്കാമെന്ന ധാരണയിൽ ആ ചർച്ചയ്ക്ക വിരാമമിട്ടു.
സ്ഥിരം സ്ഥാനാർഥി മുഖങ്ങളായ ജനറൽ സെക്രട്ടറിമാർ മാറി നിൽക്കണമെന്നും അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവർക്ക് പരിഗണന നൽകണമെന്നുമുള്ള ശ്രീധരൻപിള്ളയുടെ നിലപാടിനെ മുരളീധരപക്ഷം എതിർത്തു. വിജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. 
തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പരിപാടികളും, യുവമോർച്ച സംസ്ഥാന സമ്മേളന അവലോകനവും കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തു. ഭാരവാഹി യോഗവും, പാർലമെന്റ് മണ്ഡലം ഭാരവാഹികളുടെ യോഗവും നടന്നു. 


 

Latest News