Sorry, you need to enable JavaScript to visit this website.

ജനകീയ പ്രതിഷേധം:  വല്ലാർപാടം ടോൾ പിരിവ് വീണ്ടും നിർത്തി 

കൊച്ചി - വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് നേരത്തെ ടോൾ ഒഴിവാക്കിയ വല്ലാർപ്പാടം കണ്ടെയ്‌നർ റോഡിൽ ഇന്നു മുതൽ വീണ്ടും ടോൾ പിരിക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ നീക്കം ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ഇന്നു മുതൽ വീണ്ടും ടോൾ പിരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി ഉത്തരവിട്ടത് മുതൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നാട്ടുകാരും ദേശീയ പാത അതോറിറ്റി അധികൃതരും തമ്മിൽ നടന്ന ചർച്ചയിൽ കണ്ടെയ്‌നർ ലോറി പോലുള്ള വലിയ വാഹനങ്ങൾക്കെങ്കിലും ടോൾ പിരിവ് അനുവദിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടുവെങ്കിലും അത് ക്രമേണ ചെറു വാഹനങ്ങൾക്കും ബാധകമാക്കുമെന്ന് ആശങ്ക നാട്ടുകാരും പറഞ്ഞു. തുടർന്നാണ് തൽക്കാലം ടോൾ പിരിവ് നിർത്താൻ ധാരണയിലെത്തിയത്. വിഷയത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നാട്ടുകാരും ദേശിയ പാത അതോരിറ്റി അധികൃതരും തമ്മിൽ വീണ്ടും ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.  
കളമശേരി മുതൽ വല്ലാർപ്പാടം ഐ.സി.ടി.ടി വരെയുള്ള റോഡിലാണ് ടോൾ ഏർപ്പെടുത്തിയിരിക്കുന്നത്. മുളവുകാടിനു സമീപം പൊന്നാരിമംഗലത്താണ് ടോൾ പ്ലാസ. കളമശേരി മുതൽ വല്ലാർപ്പാടം ഐ.സി.ടി.ടി വരെ 17.122 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡിനാണ് വൻ ഫീസ് ഈടാക്കുന്നത്. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒറ്റ യാത്രക്ക് 45 രൂപയും അതേദിവസം തന്നെയുള്ള മടക്കയാത്രയും ഉൾപ്പെടെ 70 രൂപയുമാണ് ഫീസ്. മിനി ബസ് അടക്കമുള്ള ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ്‌സ് വാഹനങ്ങൾക്ക് യഥാക്രമം 75 ഉം 115 രൂപയുമാണ്. 
ബസ്, ട്രക്ക് എന്നിവക്ക് 160, 240, മൂന്ന് ആക്‌സിൽ കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 175, 260, നാലു മുതൽ ആറു ആക്‌സിൽവരെയുള്ള വാഹനങ്ങൾക്ക് 250, 375 ഉം എഴു മുതൽ കൂടുതൽ ആക്‌സിൽ വാഹനങ്ങൾക്ക് 305, 460 രൂപ എന്നിങ്ങനെയാണ് നിരക്ക്. എറണാകുളം രജിസ്‌ട്രേഷനുള്ള കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് ചെറിയ ഇളവുണ്ട്. പ്രതിമാസം പാസും അനുവദിക്കും. ഇത് 50 യാത്രയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദിവസവും നൂറുകണക്കിനു കണ്ടെയ്‌നർ ലോറികൾ കടന്നുപോകുന്ന റൂട്ടിൽ ഏർപ്പെടുത്തിയ ടോൾ ചരക്കു കടത്തുകൂലി വർധിപ്പിക്കാൻ ഇടവരുത്തും.

കൊച്ചി നഗരത്തിലെ യാത്രക്കുരുക്ക് ഒഴിവാക്കാൻ കൊച്ചിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും വൈപ്പിനിലും നിന്നു വരുകയും പോകുകയും ചെയ്യുന്ന വാഹനങ്ങൾ കണ്ടെയ്‌നർ റോഡ് ഉപയോഗിക്കുന്നുണ്ട്. ഇവിടെ വൻ ടോൾ ഏർപ്പെടുത്തിയതോടെ ഈ യാത്രക്കാർ നഗരത്തിലേക്ക് കടക്കുന്നത് നഗരത്തിൽ വൻഗതാഗത കരുക്കിനും ഇടയാക്കും. നേരത്തെ ടോൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിലും സർവീസ് റോഡ് നിർമാണം നീണ്ടുപോകുന്നതിലും പ്രതിഷേധിച്ച് ജനകീയ സമരം നടന്നിരുന്നു. ഇതിന്റെ പേരിൽ സത്രീകളടക്കമുള്ളവർക്കെതിരെ കേസുകൾ നിലവിലുണ്ട്.  

 

Latest News