റിയാദ്- ഖത്തറിലെ ബി ഇന്‍ സ്‌പോര്‍ട്‌സ് ചാനല്‍ ഉടമകളായ അല്‍ഊല അല്‍റായിദ ട്രേഡിംഗ് കമ്പനിക്കെതിരായ കേസിന്റെ വിചാരണക്ക് ഭീകരവാദ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി പുതിയ തീയതി നിശ്ചയിച്ചു. കമ്പനി ഉടമകളായ ഖത്തരി പൗരന്മാരായ യൂസുഫ് മുഹമ്മദ് ഹസന്‍ അല്‍ഉബൈദലി, താരിഖ് ദര്‍വീശ് അലി സൈനല്‍, മുഹമ്മദ് അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍സുബൈഇ എന്നിവര്‍ കേസ് വിചാരണക്ക് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പുതിയ തീയതി നിശ്ചയിച്ചത്. ഇവര്‍ക്കെതിരായ കേസ് വിചാരണ ഫെബ്രുവരി 24 ന് നടക്കുമെന്ന് കോടതി പറഞ്ഞു.
നിശ്ചിത സമയത്ത് പ്രതികള്‍ കോടതിയില്‍ ഹാജരാവുകയോ കേസ് വാദിക്കുന്നതിന് അഭിഭാഷകരെ ചുമതലപ്പെടുത്തുകയോ വേണം. പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ മറുപടി നല്‍കുന്നതിന് സാധിക്കുന്നതിന് കുറ്റപത്രത്തിന്റെ കോപ്പി ലഭിക്കുന്നതിന് പ്രതികളോ അവരുടെ അഭിഭാഷകരോ കോടതിയെ സമീപിക്കണം. പ്രതികളോ അവരുടെ അഭിഭാഷകരോ ഹാജരാകാത്ത പക്ഷം ഭീകരവാദ കേസ് അനുസരിച്ച് അവരുടെ അഭാവത്തില്‍ കേസ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.






