Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശ നിക്ഷപേകര്‍ക്കുള്ള തടസ്സങ്ങള്‍ നീക്കും; പുതിയ നിയമം ഉടന്‍

റിയാദ് - നിക്ഷേപകരുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പു വരുത്തുകയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിക്ഷേപകർക്ക് സംരക്ഷണം നൽകുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്ന പുതിയ നിക്ഷേപ നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. സൗദി അറേബ്യ അംഗീകരിച്ച അന്താരാഷ്ട്ര നിക്ഷേപ കരാറുകൾ പ്രകാരമുള്ള പ്രതിജ്ഞാബദ്ധതകളുമായി ഒത്തുപോകുന്ന പുതിയ നിക്ഷേപ നിയമം നടപ്പാക്കുന്നതിനാണ് നീക്കം. 
നിക്ഷേപ മേഖലയിൽ നിരവധി പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതിന് സൗദി അറേബ്യ  ശ്രമിച്ചുവരികയാണ്. രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് വിദേശ വ്യവസായികൾക്കു മുന്നിലുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് ശ്രമം. 
ഏഴു അടിസ്ഥാന തത്വങ്ങൾ അടങ്ങിയ നിക്ഷേപ നയ ചാർട്ടർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകരിച്ചതായി സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. 
സൗദി, വിദേശ നിക്ഷേപകർക്കിടയിലെ സമത്വം, രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി നിക്ഷേപകരുടെ വസ്തുവകകൾക്ക് സംരക്ഷണം നൽകൽ, നിക്ഷേപ സുസ്ഥിരത ശക്തിപ്പെടുത്തൽ, നിക്ഷേപകരുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിന് വ്യക്തവും സുതാര്യവുമായ നടപടികൾ സ്വീകരിക്കൽ, ആവശ്യമുള്ളപ്പോൾ നിക്ഷേപകർക്ക് പ്രോത്സാഹനങ്ങൾ നൽകൽ- പ്രോത്സാഹനം അനുവദിക്കുന്നതിൽ പൂർണ സുതാര്യത പാലിക്കൽ- വ്യക്തമായ പൊതുമാനദണ്ഡങ്ങൾക്ക് അനുസൃതമായി നിക്ഷേപകർക്കുള്ള പ്രോത്സാഹനങ്ങൾ അടങ്ങിയ പട്ടിക സ്ഥാപിക്കൽ, തൊഴിൽ, പരിസ്ഥിതി സുരക്ഷാ വ്യവസ്ഥകൾ നിക്ഷേപകർ പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിന് പരിസ്ഥിതി, സാമൂഹിക മാനദണ്ഡങ്ങൾ ബാധകമാക്കൽ, വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് വിദേശികളായ സാങ്കേതിക ജീവനക്കാരുടെയും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും രാജ്യത്തേക്കുള്ള പ്രവേശന, താമസ നടപടിക്രമങ്ങൾ എളുപ്പമാക്കൽ, വിദേശ നിക്ഷേപത്തിന്റെ ഫലമായുള്ള സാങ്കേതിക വിദ്യകളുടെ സ്വദേശിവൽക്കരണം എന്നിവയാണ് നിക്ഷേപനയ ചാർട്ടറിൽ ഉൾപ്പെടുത്തിയ അടിസ്ഥാന തത്വങ്ങൾ. 
സമീപ ഭാവിയിൽ രാജ്യത്തേക്ക് 150 ലേറെ നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഈ പദ്ധതികളിൽ ആകെ 25,000 കോടി റിയാലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 1300 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ സൗദിയിൽ എത്തിയിരുന്നു. ടെലികോം, ഐ.ടി, ഊർജം, ജലം, ആരോഗ്യ പരിചരണം, മിനറൽസ്, ഖനനം, വിനോദ സഞ്ചാരം, വിനോദം, സംസ്‌കാരം, ഗതാഗതം, ലോജിസ്റ്റിക് സേവനങ്ങൾ, കെമിക്കൽ വ്യവസായം, വ്യവസായം, നിർമാണം എന്നീ മേഖലകളിലേക്ക് വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനാണ് ശ്രമം. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ലോകത്തെ മുൻനിര കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

 

Latest News