ജിദ്ദ - ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ജീവനക്കാരുടെ വേതനവും സർവീസ് ആനുകൂല്യങ്ങളും സ്വകാര്യ കമ്പനികൾക്ക് കൊടുക്കാനുള്ള പണവും നൽകാത്ത സ്വകാര്യ ആശുപത്രി ഉടമയെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി ഉടമക്കെതിരെ ജിദ്ദ ജനറൽ കോടതി 32 വിധികൾ പുറപ്പെടുവിച്ചിരുന്നു. ഈ വിധികൾ പാലിച്ച് സാമ്പത്തിക ബാധ്യതകൾ തീർക്കാത്ത സൗദി പൗരനെ അറസ്റ്റ് ചെയ്യുന്നതിന് എൻഫോഴ്‌സ്‌മെന്റ് കോടതി ഉത്തരവിടുകയായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ ജീവനക്കാർക്കു മാത്രം വേതന കുടിശ്ശിക ഇനത്തിൽ 15 ലക്ഷത്തിലേറെ റിയാൽ ലഭിക്കാനുണ്ട്.
ഏഴു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നിയമ ലംഘനങ്ങൾ വർധിച്ചത് ആശുപത്രി അടപ്പിക്കുന്നതിലേക്കും വേതനവും സർവീസ് ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്കും നയിക്കുകയായിരുന്നു. ഉപകരണങ്ങളും മരുന്നുകളും മറ്റും വിതരണം ചെയ്ത വകയിൽ നിരവധി കമ്പനികൾക്കും ആശുപത്രി പണം നൽകാനുണ്ട്. ഏഴു വർഷത്തിലധികമായി സാമ്പത്തിക ബാധ്യതകൾ തീർക്കാത്തതിനെ തുടർന്നാണ് ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്തത്. ഇയാളെ ദഹ്ബാൻ ജയിലിൽ അടച്ചു.