വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മക്ക ഗവര്‍ണറേറ്റിന്റെ മുന്നറിയിപ്പ്

ജിദ്ദ - മക്ക പ്രവിശ്യയിലെ റെസ്റ്റോറന്റുകളില്‍ തത്സമയ സംഗീത പരിപാടികള്‍ ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ വിലക്കിയതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. ജിദ്ദയിലെ ഒരു റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച സംഗീത പരിപാടി മാത്രമാണ്  ഗവര്‍ണര്‍ നേരത്തെ വിലക്കിയത്. സദാചാര നിയമ ലംഘനങ്ങള്‍ നടത്തിയ ഈ റെസ്റ്റോറന്റ് അടപ്പിച്ചതിനു പുറമെ,  നിയമാനുസൃത ശിക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ക്കു പിന്നാലെ പോകരുതെന്നും വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ സമീപിക്കണമെന്നും മക്ക ഗവര്‍ണറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു.

സൗദിയില്‍ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ലൈവ് സംഗീത, കോമഡി പരിപാടികളും മാജിക്കും അവതരിപ്പിക്കുന്നതിന് ലൈസന്‍സുകള്‍ അനുവദിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്ക പ്രവിശ്യയിലെ റെസ്റ്റോറന്റുകളില്‍ സംഗീത പരിപാടികള്‍ വിലക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായി  സാമൂഹിക മാധ്യമങ്ങളില്‍ കിംവദന്തികള്‍ പ്രചരിച്ചത്.
തത്സമയ സംഗീത, കോമഡി, മാജിക് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് സൗദികള്‍ക്കാണ് മുന്‍ഗണന നല്‍കുക.
ഏഷ്യയിലെ ഏറ്റവും മികച്ച നാലു വിനോദ കേന്ദ്രങ്ങളിലും ലോകത്തെ ഏറ്റവും മികച്ച പത്തു വിനോദ കേന്ദ്രങ്ങളിലും സൗദി അറേബ്യയെ ഉള്‍പ്പെടുത്തുന്നതിനാണ് നീക്കം. സാമ്പത്തിക വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമായ വിനോദ മേഖലയെ സൗദിയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തുന്നതിനാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത്.
അടുത്ത റമദാനില്‍ ഏറ്റവും മനോഹരമായ ഖുര്‍ആന്‍ പാരായണത്തിനുള്ള മത്സരവും ബാങ്ക് വിളി മത്സരവും സംഘടിപ്പിക്കും. മദീന പലായനത്തിനിടെ പ്രവാചകന്‍ മുഹമ്മദ് നബി (സ) കടന്നുപോയ പാതകളിലൂടെ ഹിജ്റ യാത്ര മത്സരവും സംഘടിപ്പിക്കും.
ലോകത്തെ എല്ലാ രാജ്യക്കാര്‍ക്കും ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ടാകും. ഏറ്റവും മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്ത് ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് 50 ലക്ഷം റിയാല്‍ സമ്മാനം ലഭിക്കും. ഖുര്‍ആന്‍ മത്സരത്തില്‍ ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. പുണ്യമാസത്തില്‍ മക്കയില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന് ഹറംകാര്യ വകുപ്പും ഇസ്ലാമികകാര്യ മന്ത്രാലയവും മേല്‍നോട്ടം വഹിക്കുമെന്നും തുര്‍ക്കി ആലുശൈഖ് അറിയിച്ചിട്ടുണ്ട്.

 

Latest News