Sorry, you need to enable JavaScript to visit this website.

പെട്രോളിതര വരുമാനം 300 ശതമാനം വര്‍ധിച്ചു; സൗദിയില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരും

സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ

റിയാദ് - സാമ്പത്തിക പരിഷ്‌കരണങ്ങൾ തുടരുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിന് ശ്രമം തുടരും. നാലു വർഷത്തിനിടെ പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം 300 ശതമാനം വർധിച്ചിട്ടുണ്ട്. ബജറ്റ് കമ്മി നിയന്ത്രിക്കുന്നതിന് ശ്രമം തുടരും. ഇക്കാര്യത്തിൽ ഇതുവരെ നടത്തിയ ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്. ധനതന്ത്രം നടപ്പാക്കുന്നതുമായി മുന്നോട്ടു പോകും. കടങ്ങൾക്ക് പ്രത്യേക തന്ത്രം തയാറാക്കിയിട്ടുണ്ട്. ഇത് 2023 വരെ തുടരും. ജനുവരിയിൽ 700 കോടി ഡോളറിന്റെ അന്താരാഷ്ട്ര ബോണ്ടുകൾ സൗദി അറേബ്യ പുറത്തിറക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ നിക്ഷേപകർക്ക് വിശ്വാസമുണ്ട്. 
യൂറോയിൽ അധിഷ്ഠിതമായ ബോണ്ടുകൾ പുറത്തിറക്കുന്നതിനുള്ള സാധ്യതയെ കുറിച്ച് സൗദി അറേബ്യ പഠിക്കുന്നുണ്ട്. യൂറോ അടക്കമുള്ള മറ്റു കറൻസികളിൽ ബോണ്ടുകൾ പുറത്തിറക്കുന്നതിനും പദ്ധതിയുണ്ട്. യുവാൻ അടക്കമുള്ള കറൻസികളിൽ വായ്പകൾ ശേഖരിക്കുന്നതിനെ കുറിച്ചും സൗദി അറേബ്യ പഠിക്കുന്നുണ്ട്. സൗദി സമ്പദ്‌വ്യവസ്ഥയിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സൗദി അറേബ്യ പറയുന്നത് നിക്ഷേപകർ വിശ്വസിക്കുന്നതായാണ് കരുതുന്നത്. 
ലബനോനിലെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണയും സഹായവും നൽകുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതിന് സൗദി അറേബ്യ ഒരുക്കമാണ്. ലബനോനിൽ സുരക്ഷാ ഭദ്രതയും സ്ഥിരതയുമുണ്ടായി കാണുന്നതാണ് സൗദി അറേബ്യയുടെ കാഴ്ചപ്പാട്. ലബനോന് ആവശ്യമായ സഹായങ്ങൾ സൗദി അറേബ്യ നൽകും. മേഖലാ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകൾക്ക് പ്രചോദനം നൽകുന്നതിലുള്ള പങ്ക് സൗദി അറേബ്യ നിർവഹിക്കും. ആവശ്യമുള്ള രാജ്യങ്ങൾക്ക് സൗദി അറേബ്യ സഹായങ്ങൾ നൽകും. പാക്കിസ്ഥാൻ, ജോർദാൻ, ഈജിപ്ത്, ബഹ്‌റൈൻ, തുനീഷ്യ തുടങ്ങിയ മേഖലാ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ സൗദി അറേബ്യ ചർച്ചകൾ നടത്തിവരികയാണ്. മേഖലാ രാജ്യങ്ങൾക്ക് ആവശ്യമായ സ്ഥിരതയും പ്രത്യാശയും സൗദി അറേബ്യ ലഭ്യമാക്കും. 
എല്ലാ തലങ്ങളിലും പരിഷ്‌കരണങ്ങൾ തുടരുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. മേഖലയിലുണ്ടാകാനിടയുള്ള സാമ്പത്തിക മാന്ദ്യം വിദേശ സഹായം നിർത്തിവെക്കുന്നതിന് സൗദി അറേബ്യയെ പ്രേരിപ്പിക്കില്ല. നിലവിലെ എണ്ണ വിലയിൽ സൗദി അറേബ്യ സംതൃപ്തമാണ്. ആഗോള എണ്ണ വിപണിയിൽ സൗദി അറേബ്യക്ക് വലിയ സ്വാധീനമുണ്ട്. പ്രതീക്ഷിക്കുന്നതു പോലെ സാമ്പത്തിക മാന്ദ്യമുണ്ടാകാനിടയുണ്ടെന്ന് താൻ കരുതുന്നു. 
എണ്ണ വിലയെ കുറിച്ച ഊഹാപോഹങ്ങൾ സൗദി അറേബ്യ പ്രചരിപ്പിക്കാറില്ല. എണ്ണക്ക് എന്ത് വിലയാണ് കിട്ടേണ്ടത് എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സൗദി അറേബ്യ പ്രഖ്യാപിക്കാറില്ല. ബജറ്റ് തയാറാക്കുന്നതിന് അവലംബിച്ച എണ്ണ വില എത്രയാണെന്ന കാര്യവും പുറത്തു പറയാറില്ല. എങ്കിലും ബജറ്റ് അംഗീകരിക്കുന്നതിനു മുമ്പായി ഗവൺമെന്റ് ഊർജ, വ്യവസായ മന്ത്രാലയവുമായും വിദഗ്ധ ഏജൻസികളുമായും കൺസൾട്ടൻസി സെന്ററുകളുമായും ആശയ വിനിമയം നടത്താറുണ്ട്. 
സാമൂഹിക തലത്തിൽ സൗദിയിൽ വലിയ പരിഷ്‌കരണങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഗവൺമെന്റ് ചെവികൊടുക്കുന്നു. സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട സംഭവം തീർത്തും നിർഭാഗ്യകരമാണ്. ഇതിന് ഉത്തരവാദികളായവരെ നീതിപീഠത്തിനു മുന്നിൽ ഹാജരാക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. കേസ് വിചാരണയുടെ ആദ്യ സിറ്റിംഗ് രണ്ടാഴ്ച മുമ്പ് നടന്നു. ഇക്കാര്യത്തിൽ ഇനി തീർപ്പ് കൽപിക്കേണ്ടത് കോടതിയാണ്. ഖശോഗി സംഭവത്തിന്റെ പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ ഏജൻസി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു.

Latest News